ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2371.52 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2371.52 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2371.52 അടിക്ക് മുകളില്‍. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രത നി‍ര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയില്‍ തുടരുകയാണ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍ നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്.

ഇടുക്കി അണക്കെട്ടിന്‍റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജലനിരപ്പ് 2372.58 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. 2380.50 അടിയിലെത്തിയാല്‍ റെഡ് അല‍ര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയ‍‍‍‍ര്‍ത്തി വെള്ളം തുറന്നു വിടണം.

സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവില്‍ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുൻപ് ഇത് 41 ദശലക്ഷം ആയിരുന്നു. മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്‌ഇബി യുടെ കണക്കു കൂട്ടല്‍.

പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്‌ഇബി നടത്തുന്നത്. ജൂലൈ 31 ന് പുതിയ റൂള്‍ കര്‍വ് വരുന്നതോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2375 ആയി ഉയരുമെന്നതു കെഎസ്‌ഇബിക്ക് ആശ്വാസം നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.