കോവിഡ്: സർക്കാർ സഹായം അപര്യാപ്തം; വിമർശനവുമായി കെ.കെ ഷൈലജ

കോവിഡ്: സർക്കാർ സഹായം അപര്യാപ്തം; വിമർശനവുമായി കെ.കെ ഷൈലജ

തിരുവനന്തപുരം: കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന സഹായങ്ങൾ
അപര്യാപ്തമെന്ന് സർക്കാരിനെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലാണ് വിമർശനവുമായി കെ.കെ ഷൈലജ രംഗത്തെത്തിയത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ. ഷൈലജ നിയമസഭയിൽ ആവശ്യപ്പെട്ടു.

ചെറുകിട, പരമ്പരാഗത തൊഴിൽ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ ഷൈലജ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവർ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നാണ് ഉയർന്നത്. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സർക്കാർ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ഷൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.