ഓലക്കീറുകൾ (ചെറുകഥ)

ഓലക്കീറുകൾ  (ചെറുകഥ)

ഞായറാഴ്ച്ച രാവിലെ ഒരുമിച്ചു പള്ളിയിൽ പോകണമെന്ന് അപ്പനും അമ്മയ്ക്കും നിർബന്ധമായിരുന്നു. പള്ളിയിൽ പോകാനും വരാനും നാലുകിലോമീറ്ററോളം നടക്കണം. അവർ ഒരുമിച്ചു നടന്നു പോകുന്നതും വരുന്നതും കാണാൻ ഒരു സന്തോഷമായിരുന്നു. വല്ലപ്പോഴും സംഭവിക്കുന്നതാണ് ഈ ഒരുമിച്ചുള്ള യാത്രകൾ.

ഞങ്ങളുടെ വീടിനു ഒരു മുറിയും നടേലെ അകവും ഒരു കുഞ്ഞടുക്കളയും ഉണ്ടായിരുന്നു. ചാണകം മെഴുകിയ നിലവും ഓലമേഞ്ഞ മുകൾഭാഗവും കളിമൺ ചുമരുകളും ചിതലെടുത്തു അടർന്നു വീഴാൻ നിൽക്കുന്ന വാതിലുകളുമെല്ലാം കാലവർഷത്തിൽ ഇടിഞ്ഞു വീഴാതിരിക്കാൻ എല്ലാവർഷവും മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ഓല മേയാറുണ്ട്. അയ്യപ്പേട്ടന്റെയും സിദ്ധേട്ടന്റെയും ചന്ദ്രേട്ടന്റെയുമൊക്കെ ഒഴിവുപോലെ തലേദിവസം രാവിലെ ഞങ്ങൾ പുരയുടെ പഴയ ഓലകൾ പൊളിക്കും. വീടിന്റെ ഉത്തരത്തിൽ കയറി നടന്നു ചിതല് തട്ടും. വീണ്ടും ചിതലുകയറാതിരിക്കാൻ, ഉറുമ്പിൻപൊടി മണ്ണെണ്ണയിൽ ചാലിച്ച മിശ്രിതം ഉത്തരം ഇരിക്കുന്ന കല്ലുകളിൽ അടിക്കും. എന്നാലും ചിതലുകേറാതിരിക്കില്ല. ഞങ്ങൾ കുട്ടികൾക്ക് അന്ന് സന്തോഷത്തിന്റെ പെരുന്നാളാണ്. അന്നു രാത്രി അമ്മൂമയുടെ കട്ടിലിന്റെ അടിയിൽ നിന്ന് നീങ്ങി അപ്പന്റെയും അമ്മയുടെയും ഇടയിൽ മാനത്തെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി കിടക്കും. അപ്പോൾ അമ്മ പറയും: എന്റെ മോൻ പഠിച്ചു മിടുക്കനായിട്ടു വേണം നമുക്കിവിടെ ചെറിയൊരു ചോരാത്ത വീടു പണിയാൻ. അപ്പന്റെയും അമ്മയുടെയും ഇടയിൽകിടന്നു മാനം നോക്കി ഞാൻ സ്വപ്നം കാണും. ആ രാത്രി ഉറങ്ങരുതേ എന്നാണ് പ്രാർത്ഥന. അത്രയും സുഖമുള്ള രാത്രികളായിരുന്നു അത്. എല്ലാവർഷവും ക്രിസ്തുമസും ഈസ്റ്ററും ഓണവും വിഷുവും ബക്രീദും പള്ളിപ്പെരുന്നാളും കാളീടെ അമ്പലത്തിലെ മകരചൊവ്വയുമെല്ലാം വരുന്ന പോലെ സന്തോഷമുള്ള രാത്രി.

അയല്പക്കത്തുനിന്നും കിട്ടിയ ചിതലരിച്ച, ഒരാൾക്കുമാത്രം കിടക്കാൻ കഴിയുന്ന, കട്ടിലിലേക്ക് അമ്മൂമയുടെ കിടപ്പ് മാറ്റിയതുമുതൽ എന്റെ കിടപ്പു അതിന്റെ അടിയിലുമായി.അമ്മൂമ അനങ്ങിയാൽ അപ്പോൾ കട്ടിൽ വിളിച്ചു പറയും. കട്ടിലിന്റെ ഞെരക്കം കുറഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മൂമയ്ക്കു അനക്കം കുറഞ്ഞുതുടങ്ങിയെന്നു മനസ്സിലായത്.
എന്തായാലും കർക്കിടകമാസത്തിൽ മഴ കോരിച്ചൊരിയുന്നു. ഇന്നലെ രാത്രിയും മഴ തിമിർത്തു പെയ്തു. ചോർച്ച തടയാൻ കുറെ പാള കഷണങ്ങൾ മുറിച്ചു വെച്ചിട്ടുണ്ട്. ചിലയിടങ്ങളിലെല്ലാം അപ്പന്റെ കണക്കുകൾ തെറ്റിച്ചുകൊണ്ട് മഴവെള്ളം അകത്തുവീഴുമ്പോൾ അമ്മ കരുതിവച്ചിരിക്കുന്ന പാത്രങ്ങൾ അവയെ ഉൾകൊള്ളാൻ പാകത്തിൽ ക്രമീകരിക്കുന്ന വിദഗ്ധമായ കളിയിൽ രാത്രി സമയം പോകാറുണ്ട്.

ചില മഴയില്ലാത്ത രാത്രികളിലും അമ്മൂമ്മയുടെ കട്ടിലിന്റെ അടിയിൽ കിടന്നു ഞാൻ മഴപെയ്യുന്നതു സ്വപ്നം കാണാറുണ്ട്‌. ചിലപ്പോഴൊക്കെ അമ്മ എണീറ്റ് അമ്മൂമയുടെ തുണി മാറ്റുന്നതുകേട്ടാലും മിണ്ടാതെ തല ഇപ്പുറത്തോട്ടു തിരിച്ചു കിടക്കും. ചിലപ്പോൾ സ്വപ്നത്തിലെ മഴവെള്ളത്തിനു കടൽവെള്ളത്തിന്റെ രുചിയൊക്കെ തോന്നിയിട്ടുണ്ട്. ഉറക്കത്തിലെ സ്വപ്നമല്ലേ ആരു കാര്യമാക്കുന്നു. രാവിലെ എഴുന്നേൽക്കുന്നു, ഉമിക്കരിയെടുത്തു പല്ലു തേയ്ക്കുന്നു.നേരെ കുളത്തിലേക്ക് ചാടി കുളിക്കുന്നു. എല്ലാം ലൈഫ്ബോയ് സോപ്പ് ശരിയാക്കും.

പിന്നെ സ്കൂളിൽ പോകുന്നതിനുമുമ്പ് ഒന്നു രണ്ടു വീട്ടുകാർക്കുവേണ്ടി പീടികയിൽ പോകാനുണ്ടാകും. സ്കൂൾ കഴിഞ്ഞുവന്നാലും അയല്പക്കത്തെ വീടുകൾക്കുവേണ്ടി തെങ്ങിൻ തൈകള്‍ നനയ്ക്കാനും വിറകു പെറുക്കിയടുക്കി വെയ്ക്കാനും അപ്പന്റെയും അമ്മയുടെയും അധ്വാനത്തിന്റെ കൂടെ അയല്പക്കകാർക്കുവേണ്ടി ചെയ്യുന്ന ചെറിയ പണികളുടെ പ്രതിഫലമായി ലഭിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ചു വെച്ചതു ഇന്നലെ വരെ നോക്കിയപ്പോൾ അൻപത്തിനാല് രൂപയായിട്ടുണ്ട്. വലിയ വീടൊന്നും വെയ്ക്കാനായില്ലെങ്കിലുംഅടുത്തവർഷം ഓല വാങ്ങി ഈ വീടൊന്നു മേയാനുള്ള പൈസ അപ്പന്റെ കൈയിൽ എടുത്തുകൊടുത്തു, 'അപ്പന്റെ മോൻ മിടുക്കനാ' എന്നു പറയുന്നതൊന്നു കേൾക്കണം.

ഓലമേയാൻ പുര പൊളിച്ചിട്ടു കിടന്നാലേ കൂടുതൽ കരുത്തുള്ള സ്വപ്നങ്ങൾ മാനംനോക്കി കിടന്നു കാണാൻ പറ്റുകയുള്ളൂ. ആരും കാണാതെ അമ്മൂമയുടെ മുണ്ടുംപെട്ടിയിൽ ഒരു കവറിലാണ് അത് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അതെടുത്തുകൊടുക്കുമ്പോൾ അപ്പൻ ഞെട്ടുന്നതും ഞാൻ ഓർത്തു എന്നെക്കുറിച്ചു തന്നെ അഭിമാനം തോന്നാറുണ്ട്‌. മറ്റു കുട്ടികൾ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ സമയത്തു മിഠായിയും കടലയും കപ്പലണ്ടിയും ഐസ് ക്രീമുകളും വാങ്ങി കഴിക്കുമ്പോൾ കൊതിയൊക്കെ തോന്നിയാലും വീടു ഓലമേയാൻ അപ്പന്റെ കൈയിൽ പൈസ എടുത്തുകൊടുക്കണമെന്ന സ്വപ്നം ഞാൻ മറന്നില്ല. പ്രത്യേകിച്ച് കർക്കിടക മാസമാണ്. എപ്പോഴും മഴപെയ്തു ചോരുന്നതുകൊണ്ട് ആ സ്വപ്നങ്ങൾക്ക് തീയിട്ടിരുന്നത് ചോരുന്ന മഴവെള്ളമായിരുന്നു.

അന്നും അപ്പനും അമ്മയും രാവിലെ അഞ്ചു മണിക്കെഴുന്നേറ്റു പള്ളിയിലേക്ക് പോയി. തലേദിവസം രാത്രിവരെ തിമിർത്തു പെയ്ത മഴയുടെ ശക്‌തിക്ക്‌ രാവിലെ കുറവുണ്ട്. ഞാൻ അമ്മൂമയുടെ കട്ടിലിന്റെ അടിയിൽ പുതച്ചുമൂടി ഉറങ്ങുകയായിരുന്നു. ഇനി അപ്പനും അമ്മയും വന്നിട്ട് വിളിക്കുന്നത് വരെ ഉറങ്ങാമെന്നു കരുതി കമിഴ്ന്നു പുതച്ചു മൂടി കിടന്നു. നല്ല ഉറക്കത്തിലായിരുന്ന ഞാൻ ദേവകി ടീച്ചറുടെ വിളി കേട്ടാണ് ഉണരുന്നത്.

'അമ്മ പള്ളിയിൽ പോയോ' എന്നു ചോദ്യത്തിന് ഞാൻ 'ഉവ്വ് ടീച്ചറേ' എന്നു മറുപടി പറഞ്ഞു. ഞായറാഴ്ച്ച അമ്മ പള്ളിയിൽ പോയി വന്നിട്ടാണ് സ്ഥിരം വീട്ടുവേലക്കു പോകുന്ന വീടുകളിൽ പോകാറ്. അമ്മ ആദ്യം പോകുന്ന വീടാണ് ദേവകി ടീച്ചറുടേത്. ഗോപാലൻ മാഷ് മരിച്ചിട്ടു വര്ഷങ്ങളായി. അഞ്ചു മക്കളുള്ള ദേവകി ടീച്ചർക്ക് ഇപ്പോൾ കൂട്ടിനു ആകെയുള്ളത് രാജു എന്ന നായയാണ്. അവന്റെ സംരക്ഷണത്തിന്റെ ബലത്തിലാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നതു തന്നെ. എന്തായാലും അവന്റെ അടുത്ത് ചെല്ലുമ്പോൾ അവൻ എന്നെ വാലാട്ടി സ്വീകരിക്കും. കാരണം അവന് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞാനായിരുന്നു. അവന് ഇറച്ചിയുടെ മണമില്ലാതെ ഭക്ഷണമിറങ്ങില്ല. അവനുവേണ്ടി ഇറച്ചിക്കടയിൽ പോയി അന്നുവെട്ടുന്ന പോത്തിന്റെ പണ്ടവും കുടലും പൊങ്ങും മറ്റു മനുഷ്യൻ കഴിക്കാത്ത സാധനങ്ങളൊക്കെ (വെട്ടിക്കൂട്ട് എന്നു പൊതുവെ പറയും) രണ്ടുരൂപ കൊടുത്തു ഒരു സഞ്ചി നിറയെ വാങ്ങികൊണ്ടുവരുന്നത് ഞാനാണ്. അത് അമ്മ ദേവകി ടീച്ചറുടെ പുറത്തുള്ള അടുക്കളയിൽ ഇട്ടു കഴുകി വൃത്തിയാക്കി, മുറിച്ചു നല്ല മസാലയൊക്കെയിട്ട് വേവിച്ചു തരും. അത് അവന്റെ പാത്രം വൃത്തിയാക്കി അതിൽ കൊണ്ടിടുന്നതും ഞാനാണ്. അതിൽ നിന്ന് കൊതിയോടെ കുറച്ചൊക്കെ ഞാനും കഴിക്കുമെന്ന കാര്യം എനിക്കും രാജുവിനും മാത്രമേ അറിയൂ.

ദേവകി ടീച്ചർ സ്നേഹത്തോടെ മോനേ എന്നാണ് വിളിക്കുക. 'മോനേ, ഗീത ചേച്ചിയും കുടുംബവും വരുന്നുണ്ട്. പോയി രണ്ടു കിലോ പോത്തിറച്ചിയും രാജുവിന് രണ്ടു രൂപയുടെ വെട്ടിക്കൂട്ടും വാങ്ങി വരോ?'
'ഇതാ അമ്പത്തിരണ്ട് രൂപയുണ്ട്. കളയാതെ പോയി വാങ്ങിയിട്ട് വാ. അമ്മ വന്നാൽ ഉടനെ അങ്ങോട്ട് വരാനും പറയണം'. കൃത്യം പൈസയും സഞ്ചിയും എന്നെ ഏൽപ്പിച്ചിട്ടു പോയി. ഞാൻ ഉമിക്കരിയെടുത്തു പല്ലുതേച്ചു. വേഗം കുടുക്കുപൊട്ടിയ ട്രൗസറിന്റെ വള്ളി മടക്കിക്കുത്തി. അതിന്റെ പോക്കറ്റിൽ ഭദ്രമായി പൈസയും വെച്ച് പത്തു മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തുള്ള കവലയിലെ ഇറച്ചിക്കടയിലേക്ക് ഓടി. വഴിയിൽ വെച്ച് വൃദ്ധനായ ഒരു മനുഷ്യൻ എല്ലാവരുടെയും നേരെകൈകൾ നീട്ടുന്നുണ്ടായിരുന്നു. ആരും തിരിഞ്ഞുപോലും നോക്കുന്നുണ്ടായിരുന്നില്ല. എന്റെ നേരെയും ആ കൈകൾ നീണ്ടു. ആ യാചകന്റെ കൈകളിലേക്ക് ആരും ഒന്നും കൊടുത്തില്ല. എല്ലാവർക്കും വറുതിയുടെ കാലം.

അവിടെയെത്തി രണ്ടുകിലോ ഇറച്ചി തേക്കിലയിൽ പൊതിഞ്ഞു വാങ്ങി. രണ്ടുരൂപയുടെ വെട്ടിക്കൂട്ടു സഞ്ചിയിലും ഇട്ടുതന്നു. അന്തപ്പേട്ടൻ 'അമ്പത്തിരണ്ട്' എന്നു പറഞ്ഞു. ഞാൻ പൈസയെടുക്കാൻ ട്രൗസറിന്റെ പോക്കറ്റിൽ കൈ
ഇട്ടപ്പോൾ കൈ വിരലുകൾ എന്റെ തുടയിൽ വന്നു മുട്ടി. എന്റമ്മോ പൈസ കാണാനില്ലല്ലോ എന്നു ഓർത്തു ഞാനൊന്നു ഞെട്ടി. രണ്ടുപോക്കറ്റിലും തപ്പിനോക്കി കാണാനില്ല. ഞാനാകെ തണുത്തുപോയി. ഇനിയെങ്ങനെ ദേവകി ടീച്ചറോട്‌പോയി പറയും? ഇത്രയും സ്നേഹത്തോടെ എന്നോട് പെരുമാറുന്നവർ ഒരുപക്ഷെ എന്നെ കള്ളൻ എന്നു വിളിക്കുമോ? ഉത്തരവാദിത്വമില്ലാത്തവൻ എന്നു വിളിക്കുമോ? ഇറച്ചിക്കടയിൽ തിരക്കായിരുന്നു. അന്തപ്പേട്ടനോട് ഞാനിപ്പോ വരാം, ഈ സഞ്ചിയും ഇറച്ചിയും ഇവിടെയിരിക്കട്ടെ എന്നു പറഞ്ഞു ഞാൻ വന്ന വഴിയിൽ തിരികെ നടന്നു മുഴുവൻ നോക്കി. എന്റെ പോക്കറ്റിനു ഓട്ടയുണ്ടായിരുന്നെന്നു എനിക്കറിയില്ലായിരുന്നു. ഞാൻ തളർന്നു പോയി. എനിക്ക് വിശ്വസിക്കാനായില്ല ഞാൻ ഓട്ടത്തിനിടയിൽ പോക്കറ്റിൽ നിന്നും പൈസ വീണുപോയതു അറിഞ്ഞുകാണില്ല. പക്ഷെ പൈസ പോയെന്നു പറയാനും വയ്യ. ഞാൻ ഒരുവർഷമായി സ്വരുക്കൂട്ടി വെച്ചിരുന്ന പൈസ ഞാനെടുത്തു. എന്റെ ഒരുവർഷത്തെ അധ്വാനത്തിന്റെ വില. അപ്പനെ ഏൽപ്പിക്കാൻ സ്വപ്നം കണ്ടിരുന്ന പൈസ. അടുത്തവർഷവും വീടു ഓലമേഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ഞങ്ങളുടെ കളിമൺ വീടു നിലം പൊത്തിയേക്കാം. പക്ഷെ ദേവകി ടീച്ചറെങ്ങാനും പൈസ നഷ്ടമായതറിഞ്ഞാൽ, ഒരുപക്ഷെ നീയത് മനപൂർവം നുണ പറയുന്നതാണെന്നു പറഞ്ഞാൽ, ഞാൻ വീണ്ടും തളർന്നുപോകും. അതുപിന്നെ നാട്ടിൽ എല്ലാവരും അറിയും. അതിലും നല്ലതു എന്റെ അൻപത്തിനാലുരൂപ സമ്പാദ്യത്തിൽനിന്നു അതെടുത്തു കൊടുക്കുന്നതാണ് നല്ലതെന്നു മനസ്സുപറഞ്ഞു. വേഗം തന്നെ പൈസയുമായി പോയി ഇറച്ചി വാങ്ങി ദേവകി ടീച്ചറുടെ വീട്ടിൽ കൊണ്ട് കൊടുത്തു. രാജു എന്നെകണ്ടപ്പോൾ വാലാട്ടി. അവനെ ഞാൻ കെട്ടിപ്പിടിച്ചു. അവനെന്റെ സങ്കടം മനസ്സിലായെന്നു തോന്നുന്നു. അവൻ എന്റെ കൈകളിൽ സ്നേഹത്തോടെ നക്കി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അവൻ എന്നോട് മുട്ടിയുരുമ്മി നിന്നു. എന്റെ സങ്കടം മാറി. ഒരു സത്കർമ്മം ചെയ്ത കൃതാർത്ഥതയോടെയും എല്ലാ സ്വപ്നങ്ങളും തകർന്ന നിരാശയോടെയും വീട്ടിലേക്കു പോയി. ആരോടും ഒന്നും പറഞ്ഞില്ല.
അപ്പനും അമ്മയും സന്തോഷത്തോടെ പള്ളി കഴിഞ്ഞു വന്നു.വലിയ മഴവരുമ്പോഴേക്കും ദേവകി ടീച്ചറുടെ വീട്ടിലെ പണികൾ ചെയ്തിട്ട് വരാമെന്നു പറഞ്ഞു അമ്മ ഓടി. അമ്മ തിളപ്പിച്ചുവെച്ച കട്ടൻ ചായയും കുടിച്ചു ഞാൻ പള്ളിയിലേക്ക് കുർബാനക്കും വേദോപദേശത്തിനും വേണ്ടി പോയി. ബാക്കിയുള്ള രണ്ടുരൂപ ഞാൻ കൈയിൽ കരുതിയിരുന്നു. കവലയിലെ പീടികത്തിണ്ണയിൽ തളർന്നിരിക്കുന്ന ആ യാചകന് അത് നൽകിയിട്ട് സ്നേഹത്തോടെ ഞാൻ പുഞ്ചിരിച്ചു. അയാൾ എന്നോട് തിരിച്ചും ചിരിച്ചു. താടിയും മുടിയും ജഢ പിടിച്ച ആ മനുഷ്യനെ ഇതിനുമുൻപൊന്നും ഞാൻ കണ്ടിട്ടില്ല.
കർക്കിടകം ഇനിയും തിമിർത്തു പെയ്യട്ടെ.

എന്റെ കണ്ണുനീരിനെക്കാൾ വലിയ കണ്ണുനീർതുള്ളികളായിട്ടേ ആ കോരിച്ചൊരിയുന്ന മഴയെ എനിക്ക് കാണാനായുള്ളൂ. നനഞ്ഞു കുതിർന്നു പള്ളിയിൽ കയറിയപ്പോൾ അച്ചന്റെ സുവിശേഷ വായനായിരുന്നു. മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിലെ അവസാനവിധിയായിരുന്നു സുവിശേഷഭാഗം.

"..... നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിൻ......സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്". എന്റെ വലതുവശത്തൊരു അനക്കം കണ്ടുനോക്കിയപ്പോൾ, പള്ളിവരാന്തയിൽ ആ യാചകൻ എന്നെയും നോക്കി, നിറപുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.