അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം 45 മിനിറ്റ് നഷ്ടമായി; കാരണം റഷ്യയുടെ 'നൗക'

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം 45 മിനിറ്റ് നഷ്ടമായി; കാരണം റഷ്യയുടെ 'നൗക'

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പുതുതായി ബന്ധിപ്പിച്ച റഷ്യന്‍ ലബോറട്ടറി മൊഡ്യൂളായ നൗകയില്‍ സാങ്കേതിക പ്രശ്‌നം. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം അല്‍പനേരത്തേക്ക് നഷ്ടമായത് വലിയ ആശങ്ക സൃഷ്ടിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്ത നൗക ലബോറട്ടറി മൊഡ്യൂള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിപ്പിച്ചതാണ് പ്രശ്്‌നം സൃഷ്ടിച്ചത്. അബദ്ധം മനസിലാക്കി അതിവേഗം പ്രശ്‌നം പരിഹരിച്ചതായി നാസ അറിയിച്ചു.

കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് നൗകയില്‍ പ്രശ്നങ്ങളുണ്ടായത്. മൊഡ്യൂളിലെ ജെറ്റ് ത്രസ്റ്ററുകള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയത്തിന്റെ സഞ്ചാര പാതയേയും ഇത് പ്രതികൂലമായി ബാധിച്ചതായി നാസയുടെ സ്പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോല്‍ മോണ്ടല്‍ബനോ വ്യക്തമാക്കി.

45 മിനിറ്റ് നിയന്ത്രണം വിട്ട നിലയത്തിലെ ഏഴ് ബഹിരാകാശ യാത്രികരുമായി 11 മിനിറ്റ് നേരം ആശയ വിനിമയവും നഷ്ടമായി. തുടര്‍ന്ന് പ്രശ്‌നം അതിവേഗം പരിഹരിച്ചു. ബഹിരാകാശ യാത്രികര്‍ സുരക്ഷിതരാണെന്നും നിലയത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ നാസയും റഷ്യന്‍ ബഹിരാകാശ നിലയവും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ബഹിരാകാശ നിലയത്തിലേക്ക് നൗക മൊഡ്യൂള്‍ വിക്ഷേപിച്ചത്. സംഭവത്തെ തുടര്‍ന്ന് അമേരിക്ക നിശ്ചയിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം നീട്ടി. വെള്ളിയാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനായിരുന്നു നാസ നേരത്തെ പദ്ധതിയിട്ടത്. ബഹിരാകാശ നിലയത്തില്‍ നിലവില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ച ശേഷം ഓഗസ്റ്റ് മൂന്നിലേക്കാണ് വിക്ഷേപണം മാറ്റിയത്.

11 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു റഷ്യന്‍ ലാബ് മൊഡ്യൂള്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. അപകടം സംഭവിച്ചതോടെ മൊഡ്യൂളിനെ പൂര്‍ണമായി ബഹിരാകാശ നിലയത്തിന്റെ ഭാഗമാക്കാന്‍ ഏറെ സമയം നീണ്ട പരിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യ (രണ്ട്), നാസ (മൂന്ന്), ജപ്പാന്‍ (ഒന്ന്), യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഒന്ന്) എന്നിങ്ങനെ ഏഴ് ബഹിരാകാശ യാത്രികരാണ് ബഹിരാകാശ നിലയത്തിലുള്ളത്.

കസാഖിസ്ഥാനിലെ ബൈക്കോനൂരിലുള്ള റഷ്യന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച് നൗക എന്ന മൊഡ്യൂളിന് 42 അടി നീളവും 22 ടണ്‍ ഭാരവുമുണ്ട്. റഷ്യന്‍ ഭാഷയില്‍ നൗക എന്ന വാക്കിന്റെ അര്‍ത്ഥം ശാസ്ത്രം എന്നാണ്.

റഷ്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണശാലയാണ് നൗക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികള്‍ക്കായി ഓക്‌സിജന്‍ ജനറേറ്റര്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച റോബോട്ടിക് കാര്‍ഗോ ക്രെയിന്‍, ഒരു കിടക്ക, ഒരു ടോയ്ലറ്റ് എന്നിവ അടങ്ങുന്നതാണ് നൗക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.