രാജ്യത്ത് 1,56,636 പോസ്‌റ്റോഫീസുകൾ; അവകാശികളില്ലാതെ 16,136 കോടി രൂപ

രാജ്യത്ത് 1,56,636 പോസ്‌റ്റോഫീസുകൾ; അവകാശികളില്ലാതെ 16,136 കോടി രൂപ

തിരുവനന്തപുരം: രാജ്യത്തെ പോസ്‌റ്റോഫീസുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 16,136 കോടി രൂപ.രാജ്യത്ത് 1,56,636 പോസ്‌റ്റോഫീസുകളാണുള്ളത്. കർണാടകത്തിലെ രാജ്യസഭാംഗമായ ഈരണ കദഡി എം.പി. ഉന്നയിച്ച ചോദ്യത്തിന് തപാൽവകുപ്പ് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ഏറ്റവുമധികം പശ്ചിമബംഗാൾ സർക്കിളിലാണ്. ആൻഡമാൻ, നിക്കോബാർ ദ്വീപ് സമൂഹങ്ങളും സിക്കിമും ഉൾപ്പെടുന്ന ഇവിടെ 2652 കോടി രൂപയിലധികമുണ്ട്. ലക്ഷദ്വീപടങ്ങുന്ന കേരളത്തിൽ 415 കോടി രൂപയ്ക്കാണ് അവകാശികളില്ലാത്തത്.

അക്കൗണ്ട് ഉടമ മരിക്കുക, വേണ്ട രേഖകളില്ലാതിരിക്കുക, ഉള്ള രേഖകൾ നഷ്ടപ്പെടുക, അക്കൗണ്ടുള്ള കാര്യം മറന്നുപോവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് നിക്ഷേപം അനാഥമാക്കപ്പെടുക. നിക്ഷേപം ചെറിയ തുകയായിരിക്കുമെങ്കിലും കോടിക്കണക്കിനു അക്കൗണ്ടുകൾ ചേരുമ്പോൾ അത് വലിയതുകയായി മാറും.

ഈ തുക എങ്ങനെയാണു വിനിയോഗിക്കുന്നതെന്നും എം.പി. ചോദിക്കുന്നുണ്ട്. 2015-ലെ ബജറ്റിൽ പ്രഖ്യാപിച്ച, മുതിർന്ന പൗരൻമാർക്കുള്ള ക്ഷേമ ഫണ്ടിലേക്കാണ് (എസ്.സി.ഡബ്ല്യു.എഫ്.) കുറച്ചുവർഷമായി ഈ പണം ഉപയോഗിക്കുന്നതെന്ന് തപാൽവകുപ്പ് പറയുന്നു.

രാഷ്ട്രീയ വയോശ്രീ യോജന, പോഷൻ അഭിയാൻ, മുതിർന്ന പൗരൻമാരുടെ അഭിരുചി പ്രോത്സാഹിപ്പിക്കൽ, ക്രയശേഷി വർധിപ്പിക്കൽ തുടങ്ങി ഒട്ടേറേ പദ്ധതികൾ ഈ ഫണ്ട് വഴി നടപ്പാക്കുന്നുണ്ട്.

രാജ്യത്തെ പോസ്‌റ്റോഫീസുകളിൽ പന്ത്രണ്ട് കോടിയിൽപ്പരം എസ്.ബി അക്കൗണ്ടുകളുണ്ട്. ഇതിൽ 1,36,355 കോടിയിൽപ്പരം രൂപ നിക്ഷേപവുമുണ്ട്. ഏറ്റവുമധികം ഉത്തർപ്രദേശിലാണ്. 17,666 പോസ്‌റ്റോഫീസുകളിലായി 1,58,41,846 അക്കൗണ്ടുകളാണിവിടെയുള്ളത്.

കേരള സർക്കിളിൽ 5063 പോസ്‌റ്റോഫീസുകളിലായി 33,92,830 അക്കൗണ്ടുകളുണ്ട്. 4769 കോടിരൂപയാണ് കേരളത്തിൽ തപാൽ എസ്‌.ബി. അക്കൗണ്ടുകളിലെ നിക്ഷേപം. 39 ലക്ഷം അക്കൗണ്ടുകളോടെ ഒന്നാംസ്ഥാനത്തുണ്ടെങ്കിലും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 890 കോടി രൂപയേ നിക്ഷേപമുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.