കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കവുമായി ഡി.കെ ശിവകുമാര്‍; ലിംഗായത്തുകള്‍ നേതൃ നിരയിലേക്ക്

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കവുമായി ഡി.കെ ശിവകുമാര്‍; ലിംഗായത്തുകള്‍ നേതൃ നിരയിലേക്ക്

ആദ്യ പടിയായി ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവിന് സംസ്ഥാനത്ത് പ്രധാന സ്ഥാനം നല്‍കാനാണ് ആലോചന. മുതിര്‍ന്ന നേതാവ് എം.ബി പാട്ടീലിന്റെ പേരാണ് ഇതിനായി പരിഗണിക്കുന്നത്. ഡി.കെ ശിവകുമാര്‍ പാര്‍ട്ടി അധ്യക്ഷനായതോടെ സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ വൊക്കാലിംഗ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള രാജിയോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ ഉരുത്തിരുഞ്ഞുവന്ന സാഹചര്യം മുതലെടുത്ത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പോരിനൊരുങ്ങുകയാണ് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്.

2018 ല്‍ ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് കര്‍ണാടകം പിടിച്ചത്. 224 അംഗ നിയമസഭയില്‍ 104 സീറ്റുകള്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജെഡിഎസുമായി സഖ്യത്തിലെത്തി കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ സഖ്യസര്‍ക്കാരിന് അധികനാള്‍ ഭരണത്തില്‍ തുടരാനായില്ല. സഖ്യത്തിനുള്ള അസ്വാരസ്യങ്ങള്‍ മുതലെടുത്ത് ബിജെപി 'ഓപ്പറേഷന്‍ താമര' പയറ്റിയതോടെ ഒന്നരവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സഖ്യസര്‍ക്കാര്‍ വീണു. കൈവിട്ട അധികാരം തിരിച്ച് പിടിക്കാന്‍ യെദ്യൂരപ്പ നടത്തിയ നിര്‍ണായക നീക്കങ്ങളായിരുന്നു ഇതിനു പിന്നില്‍. 17 എംഎല്‍എമാരെയായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്നും യെഡ്ഡി അടര്‍ത്തിയെടുത്തത്.

കോണ്‍ഗ്രസ് സഖ്യത്തെ വീഴ്ത്തിയ യെഡ്ഡിക്ക് 'പാരിതോഷിക'മായി ദേശീയ നേതൃത്വം മുഖ്യമന്ത്രി കസേര നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തവണയെങ്കിലും അഞ്ച് തവണ ഭരിക്കാമെന്ന് പ്രതീക്ഷിച്ച യെദ്യൂരപ്പയുടെ മോഹങ്ങള്‍ക്ക് തന്റെ പാര്‍ട്ടി നേതാക്കള്‍ തന്നെ തുരങ്കം തീര്‍ത്തു.

പ്രായധിക്യം ചൂണ്ടിക്കാട്ടിയും ഭരണത്തിലെ യെദ്യൂരപ്പയുടെ കുടുംബത്തിന്റെ അനാവശ്യ ഇടപെടലിനെതിരേയുമായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉയര്‍ത്തിയത്. ഒടുവില്‍ മുഖ്യന്റെ രാജിയ്ക്കായി സംസ്ഥാന നേതാക്കള്‍ മുറവിളി ശക്തമാക്കിയതോടെ രാജി ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. അതോടെ യെദ്യൂരപ്പയെന്ന വന്‍മരം വീണു.


യെദ്യൂരപ്പ അംഗമായ ലിംഗായത്ത് വിഭാഗം ഇടഞ്ഞാല്‍ 2023 ല്‍ ഭരണം തന്നെ നഷ്ടമായേക്കുമെന്ന ആശങ്കയുള്ളതിനാല്‍ ഒടുവില്‍ പ്രശ്‌ന പരിഹാരമെന്ന നിലയില്‍ അടുത്ത മുഖ്യമന്ത്രിയായി ലിംഗായത്ത് വിഭാഗത്തില്‍ നിന്നുമുള്ള ബസവരാജ് ബൊമ്മയ്യെയെ തിരഞ്ഞെടുത്തു. എന്നാല്‍ യെദ്യൂരപ്പയ്ക്ക് ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ബസവരാജ് ബൊമ്മെയ്ക്കില്ല.

ഈ സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.അറിഞ്ഞ് കളിച്ചാല്‍ സംസ്ഥാനത്ത് തിരിച്ച് വരവ് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. ലിംഗായത്ത് വികാരം മുതലെടുക്കാനും ഒപ്പം മറ്റ് സമുദായങ്ങളെ ഒപ്പം നിര്‍ത്താനും ലക്ഷ്യം വെച്ച് സംഘടന തലത്തില്‍ വന്‍ പൊളിച്ചെഴുത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ആദ്യ പടിയായി ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവിന് സംസ്ഥാനത്ത് പ്രധാന സ്ഥാനം നല്‍കാനാണ് ആലോചന. മുതിര്‍ന്ന നേതാവ് എം.ബി പാട്ടീലിന്റെ പേരാണ് ഇതിനായി പരിഗണിക്കുന്നത്. നേരത്തേ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന് വാദിച്ച നേതാവാണ് അദ്ദേഹം. മാത്രമല്ല നേരത്തേ യെദ്യൂരപ്പയെ പുറത്താക്കാനുള്ള ബിജെപി നീക്കത്തിനെതിരേയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇത് സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടിരുന്നു.

നിലവില്‍ പാട്ടീലിനെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കാനാണ് ഡി.കെയുടെ പദ്ധതി.നിയമസഭ കക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും ലിംഗായത്ത് നേതാക്കളെ നിയമിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിലവില്‍ ഈ പദവികള്‍ വഹിക്കുന്നത്.

വടക്കന്‍ കര്‍ണാടകയിലും മധ്യ കര്‍ണാടകയിലും കിഴക്കന്‍ കര്‍ണാടകയിലും പ്രബല സമുദായമാണ് ലിംഗായത്തുകള്‍. തെക്കന്‍ കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലും വലിയ തോതില്‍ ലിംഗായത്ത് സമുദായത്തിന് സാധീനമുണ്ട്. സമുാദായാംഗങ്ങളുടെ നിയമനത്തോടെ മേഖലയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. മാത്രമല്ല, ഡി.കെ ശിവകുമാര്‍ പാര്‍ട്ടി അധ്യക്ഷനായതോടെ സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ വൊക്കാലിംഗ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.


പഴയ മൈസൂരു മേഖലയില്‍ ശക്തമായ സ്വാധീനം വൊക്കാംലിഗ വിഭാഗത്തിനുണ്ട്. ഹാസന്‍, മൈസൂര്‍, മണ്ഡ്യ, രാമനഗര, തുംകൂര്‍, കോലാര്‍, ബെംഗളൂരു എന്നിവടങ്ങളിലെല്ലാം ഇവര്‍ പ്രബല വിഭാഗമാണ്. നേരത്തേ അനധികൃത സ്വത്ത് സമ്പാദ കേസില്‍ ഡി.കെ അറസ്റ്റിലായപ്പോള്‍ വൊക്കാലിംഗ സമുദായം ഒറ്റക്കെട്ടായി ഡി.കെയ്ക്ക് വേണ്ടി തെരുവിറങ്ങി പ്രതിഷേധിച്ചിരുന്നു. വൊക്കാലിംഗ വിഭാഗക്കാരായ ജെഡിഎസ് പ്രവര്‍ത്തകര്‍ പോലും ഡി.കെയ്ക്ക് വേണ്ടി അണിനിരന്നിരുന്നു. ലിംഗായത്ത്-വൊക്കാലിംഗ ഫോര്‍മുല ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ 2023 ല്‍ ഭരണം എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

അതേസമയം മറ്റ് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളും സമാന്തരമായി തന്നെ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജെഡിഎസ് ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ എംഎല്‍എ മധു ബംഗാരപ്പയ്ക്കും പ്രധാന ചുമതല നല്‍കിയേക്കുമെന്നാണ് പാര്‍ട്ടി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ ഒബിസി വിഭാഗത്തിന്റെ ചുമതലയാകും ബംഗാരപ്പയ്ക്ക് നല്‍കുക. മാത്രമല്ല എസ്.സി, എസ്ടി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തികൊണ്ടുള്ള നിയമനങ്ങളും ഉടന്‍ തന്നെ ഉണ്ടായേക്കും.

പുതുമുഖങ്ങളേയും സംഘടന തലത്തിലേക്ക് ഉയര്‍ത്തിക്കൊട്ടാനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന നേതാവ് കെ.എച്ച് മുനിയപ്പയുടെ മകളും കെജിഎഫ് എംഎല്‍എയുമായ രൂപകലയെ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയാക്കിയേക്കുമെന്ന് സൂചനയുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ചില നിര്‍ണായക തിരുമാനങ്ങളും ഉണ്ടായേക്കും. അതിനിടെ മന്ത്രിസഭാ വികസനത്തോടെ വരും ദിവസങ്ങളില്‍ ബിജെപിയില്‍ നിന്ന് ചില നേതാക്കള്‍ മറുകണ്ടം ചാടിയേക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.