യുഎസിലേയ്ക്കുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ

യുഎസിലേയ്ക്കുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്റ്റ് ആദ്യം മുതലാണ് സര്‍വീസ് വര്‍ധിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് തീരുമാനം ആശ്വാസം പകരുന്നതാണ് . മുന്‍കൂട്ടി അറിയിക്കാതെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതായി വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരോപിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുളള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസിലേക്കുളള ചില വിമാനങ്ങള്‍ റദ്ദാക്കേണ്ടതായി വന്നു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുളള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതിന് മുന്‍പ് 40 വിമാന സര്‍വീസുകളാണ് യുഎസിലേക്ക് എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ജൂലായ് 2021ല്‍ ആഴ്ചയില്‍ 11 സര്‍വീസുകളാണ് നടത്താനായത്. ഓഗസ്റ്റ് ഏഴോടെ ഈ സര്‍വീസുകളുടെ എണ്ണം 22 ആയി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഓഗസ്റ്റ് മുതല്‍ കഴിയുന്നത്ര യാത്രക്കാരെ ഉള്‍ക്കൊളളിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
എന്നാല്‍ ഓഗസ്റ്റില്‍ അമേരിക്കയിലേക്ക് പോകാനിരുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വീസ് പുനഃക്രമീകരിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിനായി എയര്‍ ഇന്ത്യയിലേക്ക് വിദ്യാര്‍ഥികള്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത്തരത്തില്‍ വിമാന സര്‍വീസ് പുനഃക്രമീകരിച്ചതിനാല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായി അമേരിക്കയില്‍ എത്തിച്ചേരാനാകില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. അതേസമയം ഓഗസ്റ്റ് 6,13,20, 27 തീയതികളിലായി മുബൈയില്‍ നിന്നും നെവാര്‍ക്കിലേക്ക് അധിക വിമാനസര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.