പാലാ രൂപതക്കും ബിഷപ്പ് കല്ലറങ്ങാട്ടിനും പിന്തുണയുമായി എസ്എംസിഎ കുവൈറ്റ്

പാലാ രൂപതക്കും ബിഷപ്പ് കല്ലറങ്ങാട്ടിനും പിന്തുണയുമായി എസ്എംസിഎ കുവൈറ്റ്

കുവൈറ്റ്‌ സിറ്റി: കോവിഡ് മഹാമാരി കാലത്ത് അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപതയിലെ നാലും അതിലധികവും കുട്ടികളുള്ള കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ആശ്വാസ പദ്ധതിക്ക് പിന്തുണയുമായി എസ്എംസിഎ കുവൈറ്റ്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തിനു വലിയ ആശ്വാസമാണ് കുടുംബ വർഷാചരണത്തോടനുബന്ധിച്ചു അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് പ്രഖ്യാപിച്ച ഈ ആശ്വാസ പദ്ധതികൾ എന്ന് എസ്എംസിഎ കുവൈറ്റ് വിലയിരുത്തി.

ഇതിനെതിരെ ഹാലിളകുന്നവരെയും സഭാംഗങ്ങൾക്കായി രൂപത നൽകുന്ന ഇത്തരം ക്ഷേമപദ്ധതികളെ അന്തിചർച്ചയുടെ ഭാഗമായി കീറി മുറിക്കുന്നവരെയും അവരുടെ യഥാർത്ഥ ലക്ഷ്യം മനസിലാക്കി അർഹിക്കുന്ന അവജ്ഞയോടെ എല്ലാവരും തള്ളിക്കളയണം എന്നും എസ്എംസിഎ കുവൈറ്റ് ആഹ്വാനം ചെയ്തു. എസ്എംസിഎ കുവൈറ്റിന്റെ കേന്ദ്ര ഭരണസമിതിയിൽ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ അവതരിപ്പിച്ച പ്രത്യേക പ്രമേയത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

സഭാംഗങ്ങളുടെ നേരെ സഭാസ്ഥാപങ്ങളും പിതാക്കന്മാരും കരുതലിന്റെ കരം നീട്ടുന്നത് തങ്ങളുടെ അജണ്ടക്ക് തടസമാണെന്ന് മനസിലാക്കിയ കുറെ തൽപരകക്ഷികൾ മാധ്യമങ്ങളിലൂടെ നടത്തുന്ന ഈ ആക്രമണം കൊണ്ട് അവർക്കു നേട്ടമുണ്ടാകാൻ പോകുന്നില്ല. ആരുടേയും ഗുഡ്ബുക്ക് എൻട്രി ഇക്കാര്യത്തിൽ സഭക്ക് ആവശ്യവുമില്ല എന്ന് പ്രമേയം അടിവരയിടുന്നു. 

സമയോചിതമായ തീരുമാനങ്ങളെടുക്കുകയും അവ വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും മാധ്യമ ആക്രമണത്തെ അവഗണിച്ചുകൊണ്ട് നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്ത അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് നൽകിയ മാതൃകയെ എസ്എംസിഎ അഭിനന്ദിക്കുകയും പ്രാർത്ഥനയും പിന്തുണയും നൽകി ഒപ്പം നിൽക്കുകയും ചെയ്യുന്നു.

ക്രിസ്തീയ സമൂഹത്തിന്റെയും ഇതര സമൂഹങ്ങളുടെയും ജനസംഖ്യാ വളർച്ചയിലെ താരതമ്യത്തിലേക്കും, സഭ മനസിലാക്കേണ്ട ചില പ്രധാന വസ്തുതകളിലേക്കും ഒക്കെ ഈ ചർച്ച വെളിച്ചം വീശുവാൻ ഇടയാക്കി എന്നത് ഇതിന്റെ ഒരു നല്ല വശമായി കാണാവുന്നതാണ്. പാഴ്സി സിൻഡ്രോം ബാധിച്ചു ഇല്ലാതായേക്കാവുന്ന ഒരു സമുദായത്തിന്റെ പുതു തലമുറക്ക് പ്രോലൈഫ് ആശയങ്ങൾ ഉണ്ടാവുന്നതിനും സഭാംഗങ്ങൾ ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം മനസിലാക്കുന്നതിനും ഈ ചർച്ചകൾ വഴിവെക്കുമെന്നു പ്രമേയത്തിൽ വിലയിരുത്തുന്നു.

ഇതുപോലെ സഭാംഗങ്ങൾക്കു ആശ്വാസമാകുന്ന നല്ല തീരുമാനങ്ങൾ മറ്റു രൂപതകളിലേക്കും പടരണം. നന്മകൾക്ക് അത് ആര് ചെയ്താലും പിന്തുണ നൽകുവാൻ പൊതു സമൂഹവും മാധ്യമങ്ങളും തയ്യാറാകണം. അങ്ങനെ നന്മയുടെയും പരസ്പര സഹവർത്തിത്വത്തിന്റെയും പുതിയ ഒരു കേരളം പിറവി എടുക്കട്ടെ എന്നും പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യ്തുകൊണ്ട് എസ്എംസിഎയുടെയും പ്രമേയം ഉപസംഹരിച്ചു.

പ്രമേയത്തെ പിന്തുണച്ചുകൊണ്ട് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ, ട്രഷറർ സാലു പീറ്റർ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഐകകണ്ഠമായി പ്രമേയം അംഗീകരിക്കുകയും ഈ രംഗത്ത് മറ്റു രൂപതകളും നൽകുന്ന സേവനങ്ങളെയും കൂടുതൽ പ്രോത്സാഹിപ്പിക്കുവാനും അവ ജനങ്ങളിൽ എത്തിക്കുവാനും എസ്എംസിഎ കുവൈറ്റ് തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.