സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങൾ

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങൾ

വിവാഹിതനായൊരു യുവാവ് സ്വന്തമായ് വീടുവെച്ച് മാറിയപ്പോൾ കൈക്കൊണ്ട ചില തീരുമാനങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ''എൻ്റേത് പാരമ്പര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന കുടുംബമാണ്. എല്ലാ കാര്യങ്ങൾക്കും പ്രത്യേക നിഷ്ഠയാണ്‌. ഏഴുമണിയ്ക്ക് തന്നെ കുടുംബ പ്രാർത്ഥന ചൊല്ലും. അതിനു മുമ്പേ അടുക്കള പണികളെല്ലാം തീർന്നിരിക്കണം.. ഇതൊക്കെ അപ്പന് നിർബന്ധമാണ്. അതെല്ലാം നല്ലതു തന്നെ. എന്നാൽ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം ഭക്ഷണവുമായ് ബന്ധപ്പെട്ടതാണ്. സ്ത്രീകൾ ആരും പുരുഷന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കില്ല. വീട്ടിലെ ആണുങ്ങളും കുഞ്ഞുമക്കളും കഴിച്ചതിനു ശേഷമേ അവർ ഭക്ഷണം കഴിക്കാവൂ. അച്ചനറിയുമോ, കല്യാണ പന്തലിൽ ഒരുമിച്ചിരുന്ന് ഭക്ഷിച്ചശേഷം, വല്ലപ്പോഴും ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോഴോ പുറത്ത് പോകുമ്പോഴോ മാത്രമാണ് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുള്ളത്.

പുതിയ വീട് വച്ച് മാറിയപ്പോൾ ആദ്യം വരുത്തിയ മാറ്റം ഈ ഭക്ഷണ രീതിയിലാണ്. ഞാനും ഭാര്യയും മക്കളുമെല്ലാം ഒരുമിച്ചിരുന്നാണ് ഭക്ഷിക്കുന്നത്. കൂടാതെ ഞങ്ങൾ രണ്ടു പേരും ജോലിക്കു പോകുന്നതിനാൽ കുടുംബ പ്രാർത്ഥനയുടെ സമയം 8.30 ആക്കി. കൂടാതെ സ്ത്രീകൾ പുലർച്ചെ എണീൽക്കണം, കുളിച്ച് ഈറനോടെ മാത്രമേ അടുക്കളയിൽ എത്താവൂ... പുരുഷന്മാർ മുൻവശത്തുള്ളപ്പോൾ സത്രീകൾക്ക് അവിടെ എത്തി നോക്കാൻ പോലും പറ്റില്ല...തുടങ്ങി എത്രയെത്ര പാരമ്പര്യ വാദങ്ങൾ...."

പാരമ്പര്യങ്ങൾ കുറച്ചൊക്കെ നല്ലതാണ്. എന്നാൽ ചിലതെല്ലാം കാലത്തിനൊത്ത് മാറേണ്ടതുമാണ് എന്ന വലിയ പാഠമാണ് ഈ യുവാവ് പഠിപ്പിക്കുന്നത്. ക്രിസ്തുവിൻ്റെ കാലത്തുമുണ്ടായിരുന്നു പാരമ്പര്യത്തെക്കുറിച്ചുള്ള തർക്കങ്ങൾ. അവയിലൊന്ന് ശരീരശുദ്ധിയുമായ് ബന്ധപ്പെട്ടതാണ്. "പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച്‌ ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്‌ഷണം കഴിക്കാറില്ല. പൊതുസ്‌ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്‌ധി വരുത്താതെ അവര്‍ ഭക്‌ഷണം കഴിക്കുകയില്ല. ഫരിസേയരും നിയമജ്‌ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്‌ധമായ കൈകൊണ്ടു ഭക്‌ഷിക്കുന്നത്‌ എന്ത്‌? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച്‌ ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്‌" (മര്‍ക്കോസ്‌ 7 : 3 -6).

ചില നിഷ്ഠകൾക്കും ആചാരങ്ങൾക്കും അമിത പ്രാധാന്യം നൽകുന്നതിലൂടെ നമ്മൾ ദൈവത്തിൽ നിന്നുപോലും അകലുവാൻ സാധ്യതയുണ്ടെന്ന സത്യം മറക്കാതിരിക്കാം. മുറുകെ പിടിക്കേണ്ടതിനെ മുറുകെ പിടിക്കാനും ഒഴിവാക്കേണ്ടതിനെ ഒഴിവാക്കാനുമുള്ള കൃപയ്ക്കുവേണ്ടിയാകട്ടെ ഇന്നത്തെ നമ്മുടെ പ്രാർത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.