വാഷിങ്ടണ്‍: പെഗസസ് ഉപയോഗിക്കുന്നതിന് ചില രാജ്യ സര്‍ക്കാറുകള്‍ക്ക് താല്‍ക്കാലിക വിലേക്കര്‍പ്പെടുത്തി നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്. പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്താന്‍ പെഗസസ് ദുരുപയോഗിക്കാനെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ചില ഉപഭോക്താക്കള്‍ക്കെതിരെ എന്‍.എസ്.ഒ അന്വേഷണം ആരംഭിച്ചതായും ചിലര്‍ക്ക് പെഗസസ് സേവനം താല്‍ക്കാലികമായി നിര്‍ത്തിയതായും കമ്പനിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.
എന്നാൽ വിലക്കിയ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന് വിസമ്മതിച്ചു. ചോര്‍ത്തലിന് വിധേയമായെന്ന് ആരോപണം ഉയര്‍ന്ന ചില ഫോണ്‍ നനമ്പറുകള്‍ എന്‍.എസ്.ഒ പരിശോധിച്ചിരുന്നു. ഇതിന് പെഗസസുമായി ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്ത രാജ്യങ്ങളുടെ പൂര്‍ണ വിവരം എന്‍.എസ്.ഒ പുറത്തുവിടുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാനും ഉദ്യോഗസ്ഥന് തയാറായിട്ടില്ല.
അതേസമയം, സൗദി അറേബ്യ, യു.എ.ഇ, മെക്സികോ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ സര്‍ക്കാര്‍ സഹായത്തോടെ ചില ഏജന്‍സികള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയും പാര്ലമെന്റ്തുടര്ച്ചയായി സ്തംഭിക്കുകയും ചെയ്തിരുന്നു. വിഷയം രാജ്യാന്തര ശ്രദ്ധ നേടിയതോടെ ഇസ്രായേല്‍ സര്‍ക്കാറും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പെഗസസ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
ആരോപണങ്ങള്‍ വിലയിരുത്തുന്നതിന് ടെല്‍ അവീവിനടുത്തുള്ള എന്‍.എസ്.ഒ ഓഫിസില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. 40 രാജ്യങ്ങളിലായി 60ഓളം ഉപയോക്താക്കളാണ് തങ്ങള്‍ക്കുള്ളതെന്ന് എന്‍.എസ്.ഒ അറിയിച്ചു. സുതാര്യമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. അതത് സര്‍ക്കാറുമായി ചേര്‍ന്ന് ഭീകരവിരുദ്ധ നടപടികള്‍ക്കാണ് പെഗസസ് ഉപയോഗിക്കുന്നതെന്നും എന്‍.എസ്.ഒ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.