ന്യൂഡല്‍ഹി: മൂന്നാം തരംഗം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് 'ആര്‍-വാല്യു' ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആര്‍-വാല്യൂ. രോഗ ബാധിതനായ ഒരാളില്‍ നിന്ന് എത്രപേര്‍ രോഗ ബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
കേരളത്തിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ആര്‍-വാല്യൂ 0.96ല്‍ നിന്ന് ഒന്നിലേക്ക് നീങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു. ഉദാഹരണത്തിന് രോഗം ബാധിച്ച 100 പേരില്‍ നിന്ന് 100 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയാണെങ്കില്‍ ആര്‍ ഘടകം ഒന്ന് ആയിരിക്കും. എന്നാല്‍ 80 പേരെ മാത്രമാണ് രോഗം ബാധിക്കുന്നതെങ്കില്‍ ആര്‍ ഘടകം 0.80 ആയിരിക്കും.
ആര്‍ വാല്യൂ ഒന്നിനും അതിനുമുകളിലേക്കും പോകുന്നത് അണുബാധ വളരെ കൂടുന്നതിന്റെ ലക്ഷണമാണ്. ആര്‍-വാല്യൂവിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ട്രാന്‍സ്മിഷന്‍ ശൃംഖല തകര്‍ക്കുന്നതിനുള്ള ''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' തന്ത്രം പ്രയോഗിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കന്‍പോക്സിന്റെ ആര്‍-വാല്യു എട്ടോ അതിന് മുകളിലോ ആണ്. ഒരാളില്‍ നിന്ന് എട്ടു പേരിലേക്ക് രോഗം പകരാം എന്നാണ് ഈ കണക്ക് കാണിക്കുന്നത്. അതുപോലെ കൊറോണ വൈറസും അതിവേഗം പടരുന്ന ഒന്നാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായപ്പോള്‍ മറ്റു മുഴുവന്‍ അംഗങ്ങളെയും ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഡെല്‍റ്റ വകഭേദം ഒരാളെ ബാധിച്ചാല്‍ കുടുംബം മുഴുവന്‍ അപകടത്തിലാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കേണ്ടതാണ്. തുടക്കത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു കേരളം. മികച്ച രീതിയിലായിരുന്നു കേരളത്തിലെ വാക്സിനേഷന്‍. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലാണ് കേരളത്തില്‍ കോവിഡ് വ്യാപനം. ഇത് പരിശോധിക്കേണ്ടതാണ്.
ഈ വ്യാപനത്തിന് പിന്നില്‍ വകഭേദം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായാണോ മുന്നോട്ടു പോകുന്നത് എന്നത് അടക്കമുള്ള വിഷയങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും എയിംസ് മേധാവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.