റീ ബില്‍ഡ് കേരള: 7,405 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും ചെലവഴിച്ചത് 460 കോടി: രേഖകള്‍ പുറത്ത്

റീ ബില്‍ഡ് കേരള: 7,405 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും ചെലവഴിച്ചത് 460 കോടി: രേഖകള്‍ പുറത്ത്

തിരുവനന്തപുരം: റീ ബില്‍ഡ് കേരള സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്ന് പരാതി. പ്രളയം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും പദ്ധതി വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. 7,405 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടും ഇതുവരെ ചെലവഴിച്ചത് 460 കോടി രൂപ മാത്രമാണെന്ന് കണക്കുകള്‍. പ്രളയ സെസില്‍നിന്ന് ലഭിച്ച 1,705 കോടി രൂപ റീബില്‍ഡ് കേരളയ്ക്ക് കൈമാറാനുണ്ട്. വിവരാവകാശ നിയപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജീവനോപാധികളുടെ പുനരുജ്ജീവനത്തിന് 188 കോടിയും കൃഷിക്ക് 100 കോടിയും നല്‍കിയതാണ് റീബില്‍ഡ് കേരളയ്ക്ക് കീഴില്‍ ചെലവഴിച്ച ഏറ്റവും ഉയര്‍ന്ന തുക. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനായി 56 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ജല വിതരണത്തിന് 182 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടും 23 കോടി രൂപ മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂ. മൃഗസംരക്ഷണത്തിന് 163 കോടിയുടെ പദ്ധതികള്‍ ഉണ്ടെങ്കിലും ചെലവാക്കിയ തുക 68 കോടി മാത്രം.

ലോക ബാങ്ക് വായ്പയായി 1,779 കോടിയും ബജറ്റ് വിഹിതമായി 2,942 കോടിയുമാണ് പ്രളായനന്തര പുനര്‍ നിര്‍മാണത്തിനായി ലഭിച്ച തുക. പ്രളയ സെസ് എന്ന ഇനത്തില്‍ 1,705 കോടി രൂപ പിരിച്ചു. അന്തിമ കണക്കു വരുമ്പോള്‍ ഇത് 2000 കോടിയിലേക്കെത്താം. ഈ തുകയും റീബില്‍ഡിന് കൈമാറും. ഇത്രയും പണമുണ്ടെങ്കിലും അത് ചെലവഴിക്കുന്നതിലും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലും കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമല്ല.

അതേസമയം, പ്രതിമാസം 1.6 ലക്ഷം രൂപ വാടക നല്‍കിയാണ് റീബില്‍ഡ് കേരളയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 48 ലക്ഷം രൂപ വാടക ഇനത്തില്‍ മാത്രം ചെലവാക്കിയിട്ടുണ്ട്. 4.34 കോടി രൂപ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ബോധവല്‍കരണ പരിപാടികള്‍ക്കും കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിനുമായി റീബില്‍ഡ് കേരള ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.