ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇ-റുപ്പി (e-RUPI) സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനാണ് ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയുള്ള ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.
കറന്‍സി രഹിതവും സമ്പര്‍ക്ക രഹിതവുമായ ഒരു ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപയോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. ഇ-റുപ്പി പേയ്മെന്റിലൂടെ കാര്‍ഡോ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപയോക്താക്കള്‍ക്ക് വൗച്ചറുകള്‍ മാറ്റിയെടുക്കാന്‍ കഴിയും. അതായത്, മുന്‍കൂറായി പണം അടച്ച സമ്മാന വൗച്ചറുകള്‍ (പ്രീ-പെയ്ഡ് ഗിഫ്റ്റ് വൗച്ചര്‍) പോലെയാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക എന്ന് പറയാം. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.
സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരെയും ഉപയോക്താക്കളെയും സേവനദാതാക്കളെയും ഇ-റുപ്പി ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ-റുപ്പി വിതരണം ചെയ്യുക. കോര്‍പറേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സേവനങ്ങളുടെയും അത് വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ഇത്തരത്തിലുള്ള ബാങ്കുകളെ സമീപിക്കാം. മൊബൈല്‍ നമ്പറിന്റെ സഹായത്തോടെയാണ് ഉപയോക്താക്കളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഉപയോക്താവിന്റെ പേരില്‍ ബാങ്ക് നീക്കിവെച്ചിരിക്കുന്ന വൗച്ചര്‍ സേവനദാതാക്കള്‍ക്ക് കൈമാറും. അത് ആ ഉപയോക്താവിന് കൃത്യമായി ലഭ്യമാവുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.