തിരുവനന്തപുരം : സംസ്ഥാനത്ത് ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാന്‍ സമയപരിധി നീട്ടി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 15 വര്‍ഷം കഴിഞ്ഞ എല്ലാ ജനന രജിസ്‌ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ അതുള്‍പ്പെടുത്തുന്നതിന് സമയപരിധിയാണ് നീട്ടിയത്. ഇത് അഞ്ചു വർഷത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.
1999 ലെ കേരള ജനന-മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളില്‍ ഒരു വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നും അതിന് ശേഷം അഞ്ചുരൂപ ലേറ്റ് ഫീസ് ഒടുക്കി പേര് ചേര്‍ക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2015 ല്‍ ഇങ്ങനെ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെയാക്കി നിജപ്പെടുത്തി. പഴയ രജിസ്‌ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിന് 2015 മുതല്‍ അഞ്ചുവര്‍ഷം അനുവദിച്ചിരുന്നു.
ആ സമയപരിധി 2020 ല്‍ അവസാനിച്ചിരുന്നു. പിന്നീട് ഒരു വര്‍ഷം കൂടി നീട്ടി. ആ സമയപരിധിയും അവസാനിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഇതനുസരിച്ച് മുന്‍കാല ജനന രജിസ്‌ട്രേഷനുകളില്‍ 2026 ജൂലൈ 14 വരെ പേര് ചേര്‍ക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.