വാക്സിനേഷന്‍ രേഖ വ്യാജം: യു.എസില്‍ നിന്നെത്തിയവര്‍ക്ക് കാനഡ പിഴയിട്ടു

വാക്സിനേഷന്‍ രേഖ വ്യാജം: യു.എസില്‍ നിന്നെത്തിയവര്‍ക്ക് കാനഡ പിഴയിട്ടു

0 രണ്ടു പേരുടെ വാക്സിന്‍ കാര്‍ഡും പരിശോധനാ തെളിവും വ്യാജമെന്ന് കണ്ടെത്തി
0 19,720 കനേഡിയന്‍ ഡോളര്‍ വീതം ഈടാക്കിയത് ടൊറന്റോ വിമാനത്താവളത്തില്‍


ടൊറന്റോ: കോവിഡ് പരിശോധനയും വാക്സിനേഷനും സംബന്ധിച്ച രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചെന്ന കുറ്റത്തിന് യു.എസില്‍ നിന്നെത്തിയ രണ്ടു യാത്രക്കാര്‍ക്കു കാനഡ പിഴ ചുമത്തി. ടൊറന്റോ വിമാനത്താവളത്തിലാണ് അവരുടെ വാക്സിന്‍ കാര്‍ഡുകളും പരിശോധനാ തെളിവുകളും വ്യാജമാണെന്നു കണ്ടെത്തി 19,720 കനേഡിയന്‍ ഡോളര്‍ വീതം ഈടാക്കിയത്.

സര്‍ക്കാരിന്റെ 'അറൈവ്കാന്‍' ട്രാവല്‍ വെബ്സൈറ്റില്‍ ഇരുവരും അപ്ലോഡ് ചെയ്ത രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത് കോവിഡ് യാത്രാ രേഖകള്‍ പരിശോധിക്കുന്ന കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അവര്‍ കനേഡിയന്‍ പൗരന്മാരാണെന്ന് ആരോഗ്യ ഏജന്‍സി ന്യൂസ് വീക്കിനോടു വെളിപ്പെടുത്തി. സന്ദര്‍ശകരുടെ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ കാനഡ തയാറെടുക്കുന്നതിനിടയിലാണ് ഈ സംഭവ വികാസം. 'റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ കാനഡ സര്‍ക്കാര്‍ അന്വേഷിക്കുന്നത് തുടരും. ആശങ്ക ജനിപ്പിക്കുന്ന കോവിഡ് വകഭേദങ്ങളില്‍ നിന്ന് കാനഡക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മടിക്കില്ല,' ഏജന്‍സി അറിയിച്ചു.

ജൂലൈ അഞ്ചിന് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ കാനഡ ചില ഇളവുകള്‍ വരുത്തിയിരുന്നു. പക്ഷേ, രാജ്യത്ത് പ്രവേശിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ തെളിവ് നല്‍കണം. കുത്തിവയ്പ് എടുക്കാത്തവര്‍ ഒന്നിലധികം ടെസ്റ്റുകള്‍ക്ക് വിധേയരാകുകയും 14 ദിവസം ക്വാറന്റീന്‍ ചെയ്യുന്നതിന് മുമ്പ് സര്‍ക്കാര്‍ നടത്തുന്ന ഹോട്ടലില്‍ മൂന്ന് ദിവസം താമസിക്കുകയും വേണം. ഓഗസ്റ്റ് ഒന്‍പതു മുതല്‍ വാക്സിനേഷന്‍ ലഭിച്ച അമേരിക്കക്കാരെ കാനഡ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കും. എന്നിരുന്നാലും, കാനഡയും മെക്സിക്കോയുമായുള്ള യു.എസ് അതിര്‍ത്തി ഓഗസ്റ്റ് 21 വരെ വിദേശികള്‍ക്ക് അടച്ചിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.