സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയെന്ന് സംശയം

സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ക്ക്  പിന്നില്‍ പാക് ചാര സംഘടനയെന്ന് സംശയം

തൃശൂര്‍: തൃശൂരില്‍ കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ എന്ന് സംശയം. പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ നല്‍കിയത് ഐ.എസ്.ഐ ആണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെംഗളൂരുവില്‍ ഇയാള്‍ നടത്തിയിരുന്ന സമാന്തര എക്‌സ്‌ചേഞ്ചില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. രാജ്യത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെന്‍ട്രല്‍ ഐ.ബി. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്‌ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശൂരിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ കണ്ടെത്തിയ എക്്‌സ്‌ചേഞ്ചിലെ അതേ ഉപകരണങ്ങളാണ് ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്തത്.

ഇബ്രാഹിമിന് ഐ.എസ്. സംഘടനയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇബ്രാഹിം 2007 ല്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയുമാണ്. സമാന്തര എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക പോലീസ്, റോ, മിലിറ്ററി ഇന്റലിജന്‍സ്, സെന്‍ട്രല്‍ ഐ.ബി., എന്‍.ഐ.എ. തുടങ്ങിയ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസര്‍മാരെ വിളിച്ചിരുന്നത്. പേരും റാങ്കും സൂചിപ്പിക്കും. ആശയ വിനിമയം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്സ്റ്റന്‍ഷന്‍ നമ്പറുകളിലും വിളിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജന്‍സ് യൂണിറ്റാണ്. കിഴക്കന്‍ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്പിലേക്ക് വന്ന അജ്ഞാത ഫോണ്‍വിളി ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിറ്ററി ഇന്റലിജന്‍സ് ദക്ഷിണേന്ത്യന്‍ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.