ന്യുഡല്‍ഹി: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കുമെന്ന് ബിസിസിഐ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള മികച്ച ബന്ധമാണ് ഇത് സാധ്യമാക്കിയതെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധാക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന പര്യടനം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്. പിന്നീട് ബംഗ്ലാദേശ് പര്യടനം 2023 മാര്‍ച്ചിലേക്ക് മാറ്റിവച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
നേരത്തെ, താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് മെന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആഷ്‌ലി ജൈല്‍സ് വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ദേശീയ ടീമിന് മത്സരങ്ങള്‍ ഉണ്ടെന്നും അതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരമ്പര മാറ്റിവെക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതോടെ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വഴി തെളിയുകയായിരുന്നു.
അതേസമയം, ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ പങ്കെടുക്കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്‍ നടക്കുന്ന സമയത്ത് പാക് പരമ്പര ഉണ്ടെങ്കിലും അതിനു പകരം താരങ്ങള്‍ ഐപിഎല്‍ കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെയിന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ജെയിംസ് നീഷം, ലോക്കി ഫെര്‍ഗൂസന്‍ എന്നീ താരങ്ങള്‍ക്കാണ് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുമതി.
എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐപിഎലില്‍ പങ്കെടുത്തേക്കില്ല. ശ്രീലങ്കന്‍ പര്യടനം ഉള്ളതിനാലാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യം സംശയത്തിലായിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ദുബൈയിലാണ് ഐപിഎല്‍ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.