ദേശീയ വിദ്യാഭ്യാസനയം: സാധ്യതകളും ആശങ്കകളും

ദേശീയ വിദ്യാഭ്യാസനയം: സാധ്യതകളും ആശങ്കകളും

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ത്തെ വിദ്യാഭ്യാസനയത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്. 1964 ൽ കോത്താരി കമ്മീഷൻ നിർദ്ദേശിച്ച വിദ്യാഭ്യാസനയത്തിൽ 1986 ൽ രാജീവ്ഗാന്ധി വരു ത്തിയ ഭേദഗതികൾക്കുശേഷം രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ കാലോചിതമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പുതിയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പാശ്ചാത്യനാടുകളിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോട് ഒത്തുപോകുന്നതും ഏറെ ഭാവാത്മക സമീപനങ്ങൾ ഉൾക്കൊള്ളുന്നതുമാ ണ് ഡോ. കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം (NEP). 

10+2 എന്ന നിലവിലുള്ള സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ 5+3+3+4 എന്ന രീതിയിൽ പരിഷ്‌കരിച്ചതും ആറാം ക്ലാസ്സു മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിഭാവനം ചെയ്യു ന്നതും ഭാവാത്മക സമീപനങ്ങൾ തന്നെയാണ്. ദിവ്യാംഗ രും പാർശ്വവൽക്കരിക്കപ്പെട്ടവ രുമായ വിദ്യാർത്ഥികൾക്ക് പുതിയ വിദ്യാഭ്യാസനയം നൽ കുന്ന പരിഗണനയും പ്രശംസ നീയമാണ്. അധ്യാപകരുടെ നിലവാരം ഉയർത്താൻ നിർദ്ദേ ശിക്കപ്പെട്ട 4 വർഷ ബി.എഡ് പരിശീലനവും തികച്ചും സ്വാഗതാർഹമാണ്. സ്‌കൂൾ പഠന കാലത്തുതന്നെ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം താല്പര്യമുള്ള വിദേശഭാഷ കൾ ഐഛികമായി പഠിക്കാൻ അവസരം ക്രമീകരിക്കപ്പെടുന്നു എന്നതും ആഗോളവൽക്കര ണകാലത്തിനു ചേർന്ന നിർദ്ദേ ശമാണ്. വിദേശയൂണിവേഴ് സിറ്റികൾക്ക് രാജ്യത്ത് കാമ്പസ് തുറക്കാനുള്ള അനുവാദവും ശ്ലാഘനീയമാണ്. ഏറെ ഭാവാത്മക പ്രത്യേകതകൾ ഉണ്ടെങ്കി ലും ഈ വിദ്യാഭ്യാസനയം ഉയർത്തുന്ന ആശങ്കകളും ഗുരുതരങ്ങളാണ്. വിസ്താരഭയത്താൽ അവയെ സംക്ഷിപ്തമായി എണ്ണിപ്പറയാം.

1. അങ്കൺവാടികളെയും നഴ്‌സറി സ്‌കൂളുകളെയും 5+3+3+4 സമ്പ്രദായത്തിന്റെ ഭാഗമാക്കുമ്പോഴുള്ള പ്രായോഗിക പ്രതിസന്ധികളും സാമ്പത്തിക അധികബാധ്യതയും പുതിയ വിദ്യാഭ്യാസനയം ഗൗരവമായി അഭിസംബോധന ചെയ്യുന്നില്ല. മൂന്നാം വയസ്സുമുതലുള്ള നിർബന്ധിത വിദ്യാഭ്യാസം തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല.

2. ന്യൂനപക്ഷസമുദായങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന വിദ്യാഭ്യാസ അവകാ ശങ്ങളെക്കുറിച്ച് പുതിയ വിദ്യാഭ്യാസനയം ബോധപൂർവ്വം പുലർത്തുന്ന നിശ്ശബ്ദത ന്യൂനപക്ഷ സമൂഹങ്ങളിൽ ഉളവാക്കിയിട്ടു ള്ള ആശങ്ക ഗുരുതരമാണ്. സർ ക്കാർ മേഖലയ്‌ക്കൊപ്പമോ അതിനേക്കാളും ഉപരിയായോ വിദ്യാഭ്യാസ സേവനമേഖല യിൽ എയ്ഡഡ് സ്‌കൂളുകളും സ്വകാര്യസ്‌കൂളുകളും പ്രവർത്തി ക്കുന്ന കേരളം പോലുള്ള സം സ്ഥാനങ്ങളുടെ പ്രത്യേകത കളെ പുതിയ വിദ്യാഭ്യാസനയം പരിഗണിച്ചിട്ടില്ല. ന്യൂനപക്ഷ അവഗണന പ്രഖ്യാപിത നയമാക്കിയവരാണ് ഈ നയത്തിനു രൂപം കൊടുത്തത് എന്ന യാഥാർത്ഥ്യം ന്യൂനപക്ഷങ്ങളുടെ ഭയത്തെ ശതഗുണീഭവിപ്പിക്കുന്നുണ്ട്.

3. ഒരു ഹയർ സെക്കണ്ടറി സ്‌കൂളിനോടനുബന്ധിച്ച് സമീപത്തുള്ള സ്‌കൂളുകളെ ചേർത്ത് സ്‌കൂൾ കോംപ്ലക്‌സ്/സ്‌കൂൾ ക്ലസ്റ്റർ രൂപീകരിക്കണം എന്ന നിർദ്ദേശവും കേരളം പോലെയുള്ള സംസ്ഥാനങ്ങ ളിൽ അപ്രയോഗികമാണ്. അധ്യാപകരുടെ സേവന ങ്ങളും പാഠ്യ-പാഠ്യേതര അനു ബന്ധ സൗകര്യങ്ങളും പങ്കു വയ്ക്കാനുള്ള നിർദ്ദേശങ്ങളും സർക്കാർ - സ്വകാര്യമാനേജു മെന്റുകളുടെ അവകാശങ്ങളെ ഹനിക്കാതെ നടപ്പിലാക്കുക ശ്രമകരമായിരിക്കും.

4. വിദ്യാഭ്യാസത്തെ കൺകറന്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന നിലവിലുള്ള സമ്പ്രദായത്തിനു പകരം ദേശീയതലത്തിലു ള്ള ഏകതാനത നടപ്പിലാക്കാ നുള്ള ശ്രമം രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥിതിയെ അവഗണിക്കുന്നു എന്ന ആ രോപണത്തിൽ കഴമ്പുണ്ട്. ഭാരതംപോലെ വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഒരു രാജ്യത്ത് പ്രാദേശിക പ്രത്യേകതകളും യാഥാർത്ഥ്യങ്ങളും കണക്കിലെടുക്കാതെയുള്ള വിദ്യാഭ്യാസനയം വ്യാജദേശീയതയുടെ പ്രചാരണവേദിയാകാം.

5. പാഠ്യസിലബസ് ദേശീയ തലത്തിൽ നിർദ്ദേശിക്കുന്നതും ഭാരതീയസംസ്‌കാരത്തിന് ഊന്നൽ നൽകുമെന്നു പ്രഖ്യാപിക്കുന്നതും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമത്തിന്റെ തുടർച്ചയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല. 'ഭാരതീയം' എന്നതിന് ഭരണകക്ഷി എന്ന ഏകസംജ്ഞയിൽ ഉത്തരം പറയുന്നവർ താക്കോൽ സ്ഥാനങ്ങളിലിരിക്കുമ്പോൾ ഈ ആശങ്ക അസ്ഥാനത്താണെന്നു കരുതാനാവില്ല.

6. ഉന്നതവിദ്യാഭ്യാസരംഗം സമ്പൂർണ്ണമായും വാണിജ്യ വൽക്കരിക്കാനുള്ള നീക്കം പുതിയ വിദ്യാഭ്യാസ നയ ത്തിന്റെ വരികൾക്കിടയിൽ വ്യക്തമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ സംവിധാനങ്ങൾ പിൻവാങ്ങുകയും ഓട്ടോണമസ് കോളേജു കളുടെയും സ്വകാര്യയൂണി വേഴ്‌സിറ്റികളുടെയും മറവിൽ കോർപറേറ്റുകൾ വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യമാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. റിലയൻസിന്റെ സാങ്കല്പിക യൂണിവേഴ്‌സിറ്റിക്കുപോലും കഴിഞ്ഞവർഷം അംഗീകാരം ലഭിച്ചിരുന്നു എന്ന വസ്തുത ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ബിരുദ- ബിരുദാനനന്തര തലങ്ങളിലെ വിദ്യാഭ്യാസം സാധാരണക്കാരന് കിട്ടാക്കനിയാക്കുന്ന പാ ശ്ചാത്യരാജ്യങ്ങളിലെ സാഹ ചര്യം ഭാരതത്തിലും ആവർത്തിക്കപ്പെടാനാണ് സാധ്യത തെളിയുന്നത്.

7. തൊഴിൽ മേഖലയിൽ അധ്യാപകരോട് വേണ്ടത്ര നീതി പുതിയ വിദ്യാഭ്യാസനയം പുലർത്തുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. അധ്യാപകനിയമനം സ്ഥിരപ്പെടുത്താ ൻ നാലുവർഷത്തിന്റെ സാവകാ ശമെടുക്കുന്നത് തികച്ചും അന്യായമാണ്. ആറാംക്ലാസ്സുമുതലുള്ള തൊഴിൽ പരിശീലനം നിലവിലുള്ള അധ്യാപകരെക്കൊണ്ടു നൽകാനാവും എന്ന വിലയിരുത്തലിലും യാഥാർത്ഥ്യബോധത്തിന്റെ കുറവുണ്ട്. അധ്യാപകരുടെ തുടർപരിശീലന പ്രക്രിയകൾ നല്ലതാണെങ്കിലും അത് അധ്യാപകരിൽ ഏല്പിക്കുന്ന അധികഭാരം ശാസ്ത്രീയമായി വിലയിരുത്തിയിട്ടില്ല.

8. സാധാരണക്കാരുടെ ഉന്ന തവിദ്യാഭ്യാസ മാർഗ്ഗങ്ങളാ യിരുന്ന ആർട്‌സ് ആന്റ് സയൻസു കോളേജുകൾ കാലാന്തര ത്തിൽ അന്യംനിന്നുപോകും എന്ന സങ്കല്പത്തിലാണ് പുതി യ വിദ്യാഭ്യാസനയം ക്രമീകരി ച്ചിരിക്കുന്നത്. മൂവായിരം വിദ്യാർത്ഥികളെങ്കിലുമില്ലാത്ത കോളേജുകൾ അവഗണിക്ക പ്പെടുന്ന സാഹചര്യമാണുള്ളത്. പൊതുമേഖലയിലെ BSNL നെ JIO വിഴുങ്ങിയതിനു സമാനമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസരംഗത്തു സംഭവിക്കാൻ പോകുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ല. ഗുണനിലവാരത്തിന്റെ പേരിൽ ഗ്രാമ പ്രദേശങ്ങളിലെ കോളേജുകൾ 15 വർഷത്തിനു ള്ളിൽ നിർത്തലാക്കപ്പെടും എന്നത് വസ്തുതയാണ്.

9. നിലവിലുള്ള BEd, TTI കോളേജുകളുടെ ഭാവി, അധ്യാപനത്തിനു താല്പര്യമില്ലാത്തവരുടെ ബിരുദപഠനം, വിവിധകാല ദൈർഘ്യങ്ങളു ള്ള ബിരുദപഠനങ്ങൾ ഒരേ കോളേജിൽ നടത്തുന്നതിലെ അപ്രയോഗികത, തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഇനി യും വ്യക്തത വരുത്തേണ്ട തുണ്ട്.

10. വിദ്യാഭ്യാസനയം പോലെ തലമുറകളെ ബാധിക്കുന്ന നിർണ്ണായക തീരുമാനങ്ങളെ ടുക്കുന്നതിനുമുൻപ് രാജ്യവ്യാ പകമായി നടത്തുന്ന ചർച്ച കളിലൂടെ ഉരുത്തിരിയുന്ന നയരൂപീകരണം ഇതിനു പിന്നിൽ ഉണ്ടായിട്ടില്ല എന്നതു കുറവുതന്നെയാണ്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ആ നയം പാർലമെന്റിലെ ഭരണ കക്ഷിയുടെ മൃഗീയഭൂരിപക്ഷത്തിൽ കാര്യമായ ചർച്ചകളോ ഭേദഗതികളോ കൂടാതെ പാസാ ക്കപ്പെടുന്നതും ഭൂഷണമല്ല.

വിദേശരാജ്യങ്ങളിലെ നിലവാരമുള്ള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കാമ്പസുകൾ തുടങ്ങാനുള്ള സാഹചര്യം സ്വകാര്യ മേഖലയ്ക്കു മുന്നിലും തുറന്നു കിട്ടും. മൈക്രോസോഫ്‌ററ് 77000 കോടി യും ഗൂഗിൽ 80000 കോടിയും ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങിയത് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അനന്ത സാധ്യതകൾ വിലയിരുത്തിയാണ്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് വിവിധ യൂണി വേഴ്‌സിറ്റികൾ ആരംഭിക്കാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണം. വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ള കാമ്പസുകളെ ശാക്തീകരിച്ച് 2030 നു മുൻപായി 3000 കുട്ടികളെങ്കിലുമുള്ള കാമ്പസുകളായി വളർത്തിയെടുക്കാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌കരിക്കണം. ഈ മേഖലകളിൽ പ്രാവീണ്യമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ അഭിപ്രായ രൂപീകരണത്തിന് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ മുന്നിട്ടിറങ്ങണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.