യഹൂദ റബ്ബി ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സ്ഥാനമേല്‍ക്കും

യഹൂദ റബ്ബി ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സ്ഥാനമേല്‍ക്കും

പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായി യഹൂദ റബ്ബി സുപ്രീം കോടതി ജഡ്ജി പദവിയില്‍. റബ്ബി മാര്‍ക്കസ് സോളമനാണ് ഇന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയിലെ പുതിയ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ഈ പദവി വലിയ ബഹുമതിക്കൊപ്പം ഉത്തരവാദിത്തം നിറഞ്ഞതുമാണെന്നു റബ്ബി സോളമന്‍ നിയമനത്തെക്കുറിച്ചു പ്രതികരിച്ചു. തന്റെ മതപരമായ വിശ്വാസം ന്യായാധിപനെന്ന ചുമതലയില്‍ സഹാനുഭൂതിയോടെ പെരുമാറാന്‍ സഹായിക്കുമെന്നാണ് റബ്ബി സോളമന്റെ വിശ്വാസം.

സഹിഷ്ണുത എന്ന ഗുണം മാത്രമല്ല, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍നിന്നുമുള്ള ആളുകളെ സ്വാഗതം ചെയ്യാനും ചേര്‍ത്തുപിടിക്കാനും അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ഓസ്‌ട്രേലിയ അനുഗ്രഹീതമാണെന്ന് അദ്ദേഹം പറഞ്ഞു.

1991-ലാണ് അദ്ദേഹം നിയമപരിശീലനം തുടങ്ങുന്നത്. 2013 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വെയ്ന്‍ മാര്‍ട്ടിന്‍ അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു.

ന്യൂയോര്‍ക്കിലെ റബ്ബിനിക്കല്‍ കോളജിലെ പഠനം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷമാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്. അതിനു മുന്‍പ് അധ്യാപകനായിരുന്നു റബ്ബി സോളമന്‍. 1985 നും 1990 നും ഇടയില്‍ പെര്‍ത്തിലെ കാര്‍മല്‍ സ്‌കൂളില്‍ ജൂത പഠന വിഭാഗത്തില്‍ അധ്യാപകനായി. അതോടൊപ്പം സ്‌കൂളിലെ വൈസ് പ്രസിഡന്റ്, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകളും വഹിച്ചു. അഭിഭാഷകനായിരുന്നപ്പോഴും റബ്ബി സോളമന്‍ അധ്യാപനം തുടര്‍ന്നു.

വിദ്യാഭ്യാസം എപ്പോഴും തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണെന്നു റബ്ബി സോളമന്‍ പറഞ്ഞു. മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയുക എന്നതാണ് അറിവ് കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ കാര്യം. ന്യായാധിപ സ്ഥാനത്തിരിക്കുമ്പോഴും മതപരമായ തന്റെ ചുമതലകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജൂത സമൂഹത്തിന് ജുഡീഷ്യറിയുമായി നീണ്ടകാലത്തെ ബന്ധമുണ്ട്. സംസ്ഥാനത്തെ ഒന്‍പതാമത്തെ ചീഫ് ജസ്റ്റിസ് ആല്‍ബര്‍ട്ട് വോള്‍ഫ്, ജൂതവംശജനായ ആദ്യത്തെ ഓസ്ട്രേലിയന്‍ ജഡ്ജിയായിരുന്നു. ആ നിയമനത്തിന് ചരിത്രപരമായ പശ്ചാത്തലമുണ്ട്. നാസി പാര്‍ട്ടി ജര്‍മനിയില്‍ ഭരണത്തിലിരിക്കുമ്പോഴാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ആല്‍ബര്‍ട്ടിനെ നിയമിക്കുന്നത്. 1938-ല്‍, ജര്‍മ്മനിയില്‍ ജൂതന്മാര്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നതു നിരോധിച്ച അതേ വര്‍ഷം തന്നെയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയില്‍ ആദ്യത്തെ ജൂത ജഡ്ജിയെ നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.