ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി പരമാവധി നാല്‍പ്പതു പേര്‍ക്ക് പ്രവേശിക്കാം.
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തി. പുതുക്കിയ നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒരാഴ്ച രോഗമുണ്ടായാല്‍ അവിടെ ട്രിപ്പില്‍ ലോക്ക്ഡൗണാകും.
ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി തുടരും. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ആഴ്ചയില്‍ ആറ് ദിവസവും കടകളും തുറക്കാം. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ തുറന്നു പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടത്. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.
കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുണ്ട്.. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22 ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും. കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമൂഹ്യ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ 60 വയസിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്സിനേഷന്‍ നല്‍കും.
കിടപ്പ് രോഗികളായ എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.