വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍; ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍; ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മെല്‍ബണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ വിക്ടോറിയയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളുണ്ടായതായി ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട്്. ഹോട്ടല്‍ ക്വാറന്റീനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സ്ത്രീ കുപ്പിയില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിതയായ സംഭവം ഉള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണുണ്ടായത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഓംബുഡ്‌സ്മാന്‍ ഡെബോറ ഗ്ലാസ് വിക്ടോറിയന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ജയിലിലും കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന തടങ്കല്‍ കേന്ദ്രങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രൂക്ഷമാകുന്നത് പൊതുപ്രവര്‍ത്തകരെ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നും ആളുകളോട് അനുഭാവപൂര്‍വം പെരുമാറാനും ഒരു തീരുമാനം എടുക്കുമ്പോള്‍ അവരുടെ അഭിപ്രായം പരിഗണിക്കാനും കഴിയാറില്ലെന്നും ഡെബോറ ഗ്ലാസ് പറഞ്ഞു.

ബാത്‌റൂമില്‍ പോകാന്‍ അനുവദിക്കാതെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിച്ചത് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന്റെ ഏറ്റവും ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു. 'ആളുകള്‍ക്ക് ശുചിമുറി ഉപയോഗിക്കേണ്ടിവരും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ശുചിമുറി ഉപയോഗിക്കാന്‍ മാര്‍ഗമുണ്ടാക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു.

മറ്റൊരു സന്ദര്‍ഭത്തില്‍, കോവിഡ് ടെസ്റ്റിനായി വീല്‍ചെയറിലുള്ള ഒരു സ്ത്രീക്ക് നാലു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. വീല്‍ചെയറില്‍ പ്രവേശിക്കാവുന്ന ടോയ്ലറ്റുകള്‍ ഇല്ലാത്ത സ്ഥലത്താണ് അവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്.

വീല്‍ചെയറില്‍ പ്രവേശിക്കാവുന്ന ബാത്ത്‌റൂം കണ്ടെത്താന്‍ പോയാല്‍ തിരിച്ചുവരുമ്പോള്‍ വീണ്ടും ക്യൂവിന്റെ പിന്നില്‍ നില്‍ക്കേണ്ടി വരുമെന്ന് അവരോട് ഉദ്യോഗ്‌സഥര്‍ പറഞ്ഞു. ഇത് ആലോചനയില്ലാതെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ്. അതേസമയം, തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ ക്ഷമ ചോദിക്കാന്‍ തയാറായതായി ഡെബോറ ഗ്ലാസ് പറഞ്ഞു.

മനുഷ്യാവകാശ ലംഘനത്തിന്റെ മറ്റൊരു ഉദാഹരണവും ഡെബോറ ഗ്ലാസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെട്ടെന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം ബുദ്ധിമുട്ടിലായ പബ്ലിക് ഹൗസിംഗ് ടവേഴ്‌സിലെ താമസക്കാരോടു സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പു നല്‍കാതെ ലോക്ഡൗണ്‍ണ്‍ പ്രഖ്യാപിച്ചതു മൂലം 3,000 താമസക്കാരാണ് ബുദ്ധിമുട്ടിലായത്. അവരോടു സര്‍ക്കാര്‍ ക്ഷമ ചോദിക്കാത്തതില്‍ താന്‍ നിരാശനാണ്. ആളുകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ഇനിയും സര്‍ക്കാരിനു കഴിയുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.