തെരുവു മക്കളുടെ വിശപ്പകറ്റുന്ന ഫാ. മലാവേ ഇക്വഡോറിന്റെ 'അര്‍ബന്‍ ഹീറോ' പദവിയില്‍

തെരുവു മക്കളുടെ വിശപ്പകറ്റുന്ന  ഫാ. മലാവേ ഇക്വഡോറിന്റെ  'അര്‍ബന്‍ ഹീറോ' പദവിയില്‍

ക്വിറ്റോ: ഉപവിയുടെ അക്ഷയ പാത്രമൊരുക്കി നൂറു കണക്കിന് തെരുവു മക്കളെ ദിനവും അന്നമൂട്ടുന്ന ഫാ. വില്‍സണ്‍ മലാവെ പരാലെസിനെ ഇക്വഡോറിലെ ഗ്വായാക്വില്‍ നഗര സഭ 'അര്‍ബന്‍ ഹീറോ' പുരസ്‌ക്കാരമേകി ആദരിച്ചു. നഗരത്തിന്റെ 486 ാം വാര്‍ഷികാഘോഷ വേളയിലാണ് 'ലോര്‍ഡ് ഓഫ് ഗുഡ് ഹോപ്പ്' എന്ന സേവന പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുന്ന കത്തോലിക്കാ വൈദികന് മേയറുടെ ഓഫീസിന്റെ ആദരസൂചകമായി മെഡല്‍ സമ്മാനിക്കപ്പെട്ടത്.

ഒന്‍പത് വര്‍ഷംമുമ്പ് തുടക്കം കുറിച്ച 'ലോര്‍ഡ് ഓഫ് ഗുഡ് ഹോപ്പ് സൂപ്പ് കിച്ചെണ്‍ ' സംരംഭം എണ്‍പത് പേര്‍ക്കാണ് ആദ്യം ഭക്ഷണം ലഭ്യമാക്കിത്തുടങ്ങിയത്. ഇപ്പോള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വിശപ്പടക്കുന്നവരുടെ എണ്ണം 550 കവിയുന്നു.'ഈ സംരംഭത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധപ്രവര്‍ത്തകര്‍ക്കും, ക്ലേശങ്ങളുടെ ഈ ദിനങ്ങളിലും പ്രാര്‍ത്ഥനയിലൂടെയും സംഭാവനകളിലൂടെയും സംരംഭത്തെ പിന്തുണയ്ക്കുന്ന ഏവര്‍ക്കും കൂടിയുള്ള ആദരവാണ് പുരസ്‌ക്കാരം,'- ഫാ. മലാവെ പറഞ്ഞു.

ഭക്ഷണം മാത്രമല്ല പ്രായമായവര്‍, അഭയാര്‍ത്ഥികള്‍, അവിവാഹിതരായ അമ്മമാര്‍, തെരുവ് കച്ചവടക്കാര്‍, വികലാംഗര്‍, ഭവനരഹിതര്‍ എന്നിവര്‍ക്ക് വസ്ത്രവും ലഭ്യമാക്കുന്നുമുണ്ട് സെന്റ്് അഗസ്റ്റിന്‍ പള്ളി വികാരി കൂടിയായ ഫാ. മലാവേയുടെ സംഘടന. 'സ്നേഹം നിറഞ്ഞ ഒരു പാത്രത്തിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുകയാണ് അവര്‍. അത് വെറും ഭക്ഷണമല്ല, തന്റെ അയല്‍ക്കാരനുവേണ്ടി ചെറുതും വലുതുമായ സമര്‍പ്പണങ്ങള്‍ കാഴ്ചവെക്കുന്നവരുടെ സ്നേഹമാണ് '- തെരുവിന്റെ മക്കളെ പോറ്റുന്ന നല്ല ഇടയന്റെ വാക്കുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.