പെഗസസ്: റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

പെഗസസ്: റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: പെഗസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹര്‍ജിക്കാരനോട് ചോദിച്ചു. പെഗസസ് ചാരവൃത്തിയെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 'വിഷയം 2019 മെയ് മാസത്തില്‍ പറത്തുവന്നതാണ്. അന്ന് അതാരും കാര്യമായി എടുത്തില്ല. ഹര്‍ജികളില്‍ ഭൂരിഭാഗവും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമപ്രകാരം അധികൃതര്‍ക്ക് പരാതി നല്‍കിയോ എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.
രണ്ട് ദിവസം മുന്‍പ് ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിയിലെത്തിയ അഞ്ചാമത്തെ ഹര്‍ജിയായിരുന്നു ഇത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.