ഈ കഥ നടക്കുന്നത് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ഇന്നത്തെപ്പോലെ ഗ്യാസ് സ്റ്റൗവോ, ഇൻഡക്ഷൻ കുക്കറോ ഒന്നും പ്രചാരമില്ലാത്ത കാലം. അടുപ്പിൽ തീ കത്തിക്കുക ഒരു സാഹസിക പ്രവർത്തി തന്നെയായിരുന്നു. അന്നത്തെ ആ ഗ്രാമാന്തരീക്ഷത്തിൽ പുലർച്ചെ എണീറ്റൊരമ്മ മകളെയും ഉറക്കമുണർത്തി ഒറ്റമുറി വീട്ടിലെ വിറകടുപ്പിനടപ്പിനടുത്ത് ഇരുത്തിയിരിക്കുകയാണ്.13 വയസായിട്ടും അടുപ്പിൽ തീ പിടിപ്പിക്കാൻ പോലും അറിയാത്ത മകൾക്ക് അടുക്കളയിലെ പ്രാഥമിക പാഠങ്ങളെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കുകയാണ് അമ്മ. ഒന്നുരണ്ട് വിറകെടുത്ത് അടുപ്പിൽ വച്ച് തീപ്പെട്ടികൊണ്ട് വിറകിന് തീ പിടിപ്പിക്കാൻ ശ്രമിക്കുന്ന മകൾ. എത്ര ശ്രമിച്ചിട്ടും അവളുടെ ശ്രമം വിജയിച്ചില്ല. അവളെ മാറ്റിനിർത്തി, ചെറിയ കമ്പുകളെടുത്ത് അമ്മ അടുപ്പിൽ വച്ചു. പിന്നീട് കുറച്ച് ചകിരി ചോറും. അല്പം മണ്ണെണ്ണയെടുത്ത് ചകിരിച്ചോറിൽ ഒഴിച്ച് തീ കൊളുത്തി. സാവകാശം ചെറുകമ്പുകളിലേക്കും തീ പടർന്നു. തീ പിടിച്ചപ്പോൾ ഒന്നുരണ്ട് വലിയവിറകിൻ കഷണങ്ങളും വച്ചുകൊടുത്തു. പതിയെപ്പതിയെ ആ വിറകിനും തീ പിടിച്ചു. അടുപ്പിൽ പാത്രം വച്ചതിനു ശേഷം അമ്മ മകളോടു പറഞ്ഞു: "ചുള്ളിക്കമ്പുകളും ഓലയും ചകിരിയുമെല്ലാം പെട്ടന്ന് തീ പിടിക്കും. അവയോട് ചേർത്ത് വയ്ക്കപ്പെടുന്ന വിറകിൻ കഷണങ്ങൾക്കും തീ പിടിക്കും. ഇങ്ങനെയാണ് തീ പിടിപ്പിക്കേണ്ടത്."
ഈ അമ്മയും മകളും പുതിയ തലമുറയ്ക്ക് അജ്ഞാതമായിരിക്കാം. എന്നാൽ പഴമക്കാർക്ക് ഈ ഓർമകൾ വിസ്മരിക്കാനാവില്ല. ചാരംമൂടിയ അടുപ്പിൽ തീ കെടാതെ സൂക്ഷിച്ചതും ഉണങ്ങിയ ചകിരിയിൽ അയൽപക്കത്തുനിന്നും തീ വാങ്ങിയതും പാടവരമ്പിലൂടെ ചൂട്ടു കത്തിച്ച് ക്രിസ്മസിനും ഈസ്റ്ററിനുമെല്ലാം പളളിയിൽ പോയതുമായ ഓർമകളെല്ലാം ഇന്നത്തെ കുട്ടികൾ കൗതുകത്തോടെ മാത്രമെ കേൾക്കുകയുള്ളൂ. അടുക്കളയിൽ തീ പുകയുമ്പോൾ അടുപ്പിൽ കെടാതെ അഗ്നി സൂക്ഷിച്ച പഴമക്കാരുടെ ജീവിതപാഠങ്ങൾ ഓർത്തെടുക്കുന്നത് നല്ലതാണ്. അടുപ്പിലെരിയുന്ന വിറകുപോലെയാണ് നമ്മുടെ ജീവിതവും. ചുള്ളിക്കമ്പുകൾക്കണക്ക് ചെറുതാകാനും എളിമപ്പെടാനും തയ്യാറാകുമ്പോൾ മാത്രമേ ക്രിസ്തുവെന്ന അഗ്നി നമ്മിൽ ആളിക്കത്തൂ. ക്രിസ്തുവിൻ്റെ വാക്കുകൾ ഓർക്കുക: "ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍!" (ലൂക്കാ 12 : 49). പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നമ്മെ നിറയ്ക്കാനും ജ്വലിപ്പിക്കാനും വേണ്ടിയാണ് ക്രിസ്തു ശ്രമിക്കുന്നത്. മരം പോലെ ഹൃദയം കഠിനമാക്കാതെ ചുള്ളിക്കമ്പുകൾ പോലെ ഹൃദയങ്ങൾ മൃദുവാക്കാം. അപ്പോൾ ക്രിസ്തുവിൻ്റെ പ്രകാശം നമ്മിലും ആളിക്കത്തും!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.