ആഫ്രിക്കയുടെ ദുരിതമകറ്റാന്‍ സഹായ നിധിയുമായി യു. എസ് കത്തോലിക്കാ സഭ

ആഫ്രിക്കയുടെ ദുരിതമകറ്റാന്‍ സഹായ നിധിയുമായി യു. എസ് കത്തോലിക്കാ സഭ

വാഷിംഗ്ടണ്‍: കോവിഡിനും പ്രതികൂല കാലാവസ്ഥയ്ക്കും പുറമേ പ്രാദേശിക കലാപങ്ങളാലും കടുത്ത പട്ടിണി ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ആഫ്രിക്കയിലെ കത്തോലിക്കാ സഭയ്ക്ക് ഉദാര സാമ്പത്തിക സഹായം സമാഹരിച്ച് ഐക്യദാര്‍ഢ്യം പ്രകടമാക്കുന്നു അമേരിക്കയിലുടനീളമുള്ള കത്തോലിക്കാ സമൂഹം.ആഫ്രിക്കയിലെ സഹോദരര്‍ക്ക് പ്രത്യാശയും സഹായവും വാഗ്ദാനം ചെയ്യുന്ന ദൗത്യത്തില്‍ പങ്കു ചേരാന്‍ യുഎസ് കോണ്‍ഫറന്‍സിന്റെ ആഫ്രിക്കാ കാര്യങ്ങള്‍ക്കായുള്ള ഉപസമിതിയുടെ ചെയര്‍മാന്‍ കൂടിയായ കര്‍ദിനാള്‍ ജോസഫ് ഡബ്ല്യു ടോബിന്‍ ആഹ്വാനം ചെയ്തു.

എല്ലാ വര്‍ഷവും, ഞായറാഴ്ച കുര്‍ബാനാ മധ്യേ ഉള്‍പ്പെടെ അമേരിക്കയിലെ മിക്ക രൂപതകളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആഫ്രിക്കയ്ക്കായുള്ള പ്രത്യേക സഹായ നിധി സമാഹരിക്കാറുണ്ട്. 'യുഎസിലെ കത്തോലിക്കരുടെ ഔദാര്യം ആഫ്രിക്കയിലെ നമ്മുടെ കത്തോലിക്കാ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ പ്രകടവും നിലനില്‍ക്കുന്നതുമായ സ്വാധീനം ചെലുത്തും.'- കര്‍ദിനാള്‍ പറഞ്ഞു.കാമറൂണിലും ബുറുണ്ടിയിലും റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും സാംബിയയിലും മറ്റും വിവിധ പരിപാടികളാണ് സഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്.

2020-ല്‍, കോവിഡ് കാരണം സാമൂഹിക സംഗമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സഹായനിധിയിലേക്കുള്ള സംഭാവന ഗണ്യമായി കുറഞ്ഞിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടില്‍, ലോകത്തിലെ ഏറ്റവും ദരിദ്രവും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ മേഖലയാണ് ആഫ്രിക്ക. തദ്ദേശീയമായ ദാരിദ്ര്യം, പാരിസ്ഥിതിക നാശനഷ്ടങ്ങള്‍, മോശം ഭരണം, നിരന്തരമായ സംഘര്‍ഷം, പ്രധാന ജനസംഖ്യാ സ്ഥാനചലനങ്ങള്‍ എന്നിവ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിക്കുന്നു.എന്നിട്ടും, ആഫ്രിക്ക വലിയ ആത്മീയ ഊര്‍ജ്ജസ്വലതയുടെ ഭൂഖണ്ഡം കൂടിയാണ്, അവിടെ ദൈവജനം ഒന്നുചേര്‍ന്ന് സന്തോഷത്തോടെ സുവിശേഷം പങ്കിടുന്നു. അത് നമ്മള്‍ക്കെല്ലാം മാതൃകയാണ് -കര്‍ദിനാള്‍ ടോബിന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.