വാക്സിനേഷൻ പൂർണമാകുന്നതിന് മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകും: ആരോഗ്യമന്ത്രി

വാക്സിനേഷൻ പൂർണമാകുന്നതിന് മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിൻ നോട്ടീസ് നൽകിയ കെ. ബാബു എം.എൽ.എ ആരോപിച്ചു.

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയത്. പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

എന്നാൽ കോവിഡ് വിഷയം കഴിഞ്ഞ രണ്ട് ദിവസം ചർച്ച ചെയ്തതാണ്, അതിനാൽ അധികസമയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. ഈ സർക്കാർ പെറ്റി സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.