ബെയ്‌റൂട്ട്: ലെബനനിലെ ഹിസ്ബുള്ള പ്രസ്ഥാനവും ഇസ്രയേലുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും സംഘര്‍ഷം. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇന്നും തങ്ങള്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു. അതേസമയം, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം റോക്കറ്റ് ആക്രമണത്തെ ഫലപ്രദമായി തടഞ്ഞെന്ന് ഇസ്രായേല്‍ വ്യോമസേന ട്വിറ്ററില്‍ പറഞ്ഞു.
ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയിലാണ് ഹിസ്ബുള്ളയുടെ പ്രസ്താവന വന്നത്.ഇസ്രായേലി വ്യോമാക്രമണത്തിന് മറുപടിയായി, ഇസ്ലാമിക പോരാളികള്‍ ഷെബ ഫാമുകളിലെ ഇസ്രായേല്‍ അധിനിവേശ സേനയുടെ സ്ഥാനങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണവും നടത്തി - ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു.ഇരുഭാഗത്തുനിന്നും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഉടനടി റിപ്പോര്‍ട്ടുകളില്ല.
അതേസമയം, അതിര്‍ത്തിക്കപ്പുറത്തുനിന്ന് തൊടുത്ത റോക്കറ്റുകള്‍ക്ക് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 'ലെബനനില്‍ നിന്ന് 10 ലധികം റോക്കറ്റുകള്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് വിക്ഷേപിച്ചു. ഭൂരിഭാഗം റോക്കറ്റുകളും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു, ബാക്കിയുള്ളവ ഹര്‍ ഡോവിനോട് ചേര്‍ന്നുള്ള തുറന്ന പ്രദേശങ്ങളില്‍ വീണു' ഇസ്രായേല്‍ വ്യോമസേനാ വക്താവ് ട്വിറ്ററില്‍ കുറിച്ചു. ലെബനനിലെ യുഎന്‍ സമാധാന പരിപാലന സേന എല്ലാ കക്ഷികളോടും വെടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ സ്ഥിതി ഗുരുതരമായി മാറിയെന്ന് സേന അറിയിച്ചു. ലെബനനില്‍ നിന്ന് റോക്കറ്റ് ആക്രമണവും ഇസ്രയേലിന്റെ പീരങ്കി വെടിവയ്പുകളും ഉണ്ടായതായി സേന ട്വിറ്ററില്‍ കുറിച്ചു.
2006ല്‍ ഹിസ്ബുല്ല ഗറില്ലകള്‍ക്കെതിരെ ഇസ്രയേല്‍ യുദ്ധം നടത്തിയതിനു ശേഷം ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തി പൊതുവേ ശാന്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം 20നും 2 റോക്കറ്റുകള്‍ ലബനനില്‍നിന്ന് ഇസ്രയേലില്‍ പതിച്ചിരുന്നു. ഇതിനു പിന്നാലെ സേന അതിര്‍ത്തിലേക്കു വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലബനനില്‍നിന്നു വിക്ഷേപിച്ച 2 റോക്കറ്റുകള്‍ രാജ്യത്തു പതിച്ചെന്ന് ഇസ്രയേല്‍ സേന അറിയിച്ചിരുന്നു. പ്രത്യാക്രമണം എന്ന നിലയില്‍ ലബനനിലേക്കു വെടിയുതിര്‍ത്തതായും ഇസ്രയേല്‍ സേന സമ്മതിച്ചു. അക്രമത്തെ തുടര്‍ന്നു പാടത്തുനിന്നു പുക ഉയരുന്നതായുള്ള ചിത്രവും ഇസ്രയേല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ലബനനില്‍നിന്നു 3 റോക്കറ്റുകളാണു വിക്ഷേപിച്ചതെന്നും ഒരെണ്ണം ഇസ്രയേല്‍ അതിര്‍ത്തിക്കു പുറത്താണു പതിച്ചതെന്നും സേന പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.