ജോര്‍ദാനില്‍നിന്നും ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ്

 ജോര്‍ദാനില്‍നിന്നും ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ്

സിഡ്‌നി: ജോര്‍ദാനില്‍നിന്ന് ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തില്‍നിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂന്നു പേരിലേക്കു പകര്‍ന്നതായി കണ്ടെത്തല്‍. ന്യൂ സൗത്ത് വെയിസിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഐ.ജി.എയില്‍നിന്ന് വാങ്ങിയ ഈന്തപ്പഴം കഴിച്ച മൂന്ന് പേരിലേക്ക് വൈറസ് പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. സംഭവത്തെതുടര്‍ന്ന് ഐ.ജി.എ ഈന്തപ്പഴങ്ങള്‍ തിരിച്ചുവിളിച്ചു.

മിഡില്‍ ഈസ്റ്റില്‍ വളരുന്ന മെഡ്ജൂള്‍ ഈന്തപ്പഴങ്ങളുടെ ബ്രാന്‍ഡായ ജോര്‍ദാന്‍ റിവര്‍ ഈന്തപ്പഴത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഐ.ജി.എക്കു പുറമേ ഓണ്‍ലൈനിലൂടെയും മറ്റു സ്വതന്ത്ര സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് ഈന്തപ്പഴങ്ങള്‍ വിറ്റഴിക്കുന്നത്.

സംഭവത്തെതുടര്‍ന്ന് ഈന്തപ്പഴത്തിന്റെ ഇറക്കുമതിക്കാരായ പിക്കി ഈറ്റേഴ്‌സ് ലിമിറ്റഡ് ഉല്‍പ്പന്നത്തിന്റെ ഒരു കിലോ, അഞ്ചു കിലോ ബോക്‌സുകള്‍ തിരിച്ചുവിളിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതു വരെ ജോര്‍ദാന്‍ റിവര്‍ ഈന്തപ്പഴത്തിന്റെ വരവ്് അതിര്‍ത്തിയില്‍ ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് തടഞ്ഞുവച്ചു.

ഇതിനകം ഈന്തപ്പഴം വാങ്ങിയവര്‍ അതു കഴിക്കരുതെന്ന മുന്നറിയിപ്പും ന്യൂ സൗത്ത് വെയിസ് ആരോഗ്യ വകുപ്പും ഫുഡ് അതോറിറ്റിയും മുന്നറിയിപ്പു നല്‍കി. ആരുടെയെങ്കിലും കൈവശം ഈന്തപ്പഴമുണ്ടെങ്കില്‍ അതു സുരക്ഷിതമായി നശിപ്പിക്കുകയോ അല്ലെങ്കില്‍ വാങ്ങിയ കടയില്‍ തിരികെ നല്‍കുകയോ ചെയ്യണമെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

രോഗബാധിതരുടെ ജനിതക പരിശോധനയില്‍ ഓസ്ട്രേലിയയില്‍ മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത വൈറസിന്റെ വകഭേദത്തെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ആദ്യം യുകെയില്‍ തിരിച്ചറിഞ്ഞ ഹെപ്പറ്റൈറ്റിസ് എ വൈറസ് വകഭേദത്തിനു സമാനമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയതും. ജോര്‍ദാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിലാണ് അന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ന്യൂ സൗത്ത് വെയില്‍സ് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലോ ടെറിട്ടറികളിലോ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

സാധാരണയായി രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യത്തിലൂടെയും രക്തത്തിലൂടെയുമാണ് വൈറസ് പകരുന്നത്. മലിനമായ ജലത്തില്‍നിന്നും ഭക്ഷണത്തിലൂടെയും വൈറസ് പകരുമെന്നു എന്‍എസ്ഡബ്ല്യു ഹെല്‍ത്ത് എപ്പിഡെമിയോളജിസ്റ്റും എന്ററിക് ഡിസീസ് മാനേജറുമായ കിയേര ഗ്ലാസ്‌ഗോ പറഞ്ഞു. ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച്ച വന്നതാണ് ഇത്തരമൊരു സംഭവത്തിനു കാരണം. ഇത് ഒരുപക്ഷേ കൃഷി സ്ഥലത്തുനിന്നാകാം. അല്ലെങ്കില്‍ ശുചിത്വം പാലിക്കാതെയുള്ള പാക്കിംഗില്‍ സംഭവിച്ചതാകാമെന്നു കിയേര ഗ്ലാസ്‌ഗോ പറഞ്ഞു.

വൈറസ് ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ ഇത് ഗുരുതരമാകുകയും കരളിനെ തകരാറിലാക്കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

ഈന്തപ്പഴം കഴിച്ചവര്‍ 15 മുതല്‍ 50 ദിവസങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗ്ലാസ്‌ഗോ പറഞ്ഞു. മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛര്‍ദി, എന്നിവ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.