9/11 ആക്രമണത്തിലെ സൗദി ബന്ധം പുറത്തുവരട്ടെ: ബൈഡനോട് ഇരകളുടെ കുടുംബാംഗങ്ങള്‍

 9/11 ആക്രമണത്തിലെ സൗദി ബന്ധം പുറത്തുവരട്ടെ:  ബൈഡനോട് ഇരകളുടെ കുടുംബാംഗങ്ങള്‍

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11 ആക്രമണത്തിനു പിന്തുണയേകിയ സൗദി അറേബ്യന്‍ നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാക്കി, ആക്രമണ ഇരകളുടെ കുടുംബാംഗങ്ങള്‍. ഇക്കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുകൂല നടപടി കൈക്കൊള്ളാത്തപക്ഷം ആക്രമണ വാര്‍ഷികത്തിലെ ചടങ്ങുകള്‍ തങ്ങള്‍ ഉപരോധിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

ഇരകളുടെ കുടുംബാംഗങ്ങള്‍ക്കു പുറമേ, ആക്രമണ വേളയില്‍ ആദ്യം സംഭവസ്ഥലത്തെത്തിയവരും അതിജീവിച്ചവരും ചേര്‍ന്ന് ഇതു സംബന്ധിച്ച് തയ്യാറാക്കിയ തുറന്ന കത്ത് പുറത്തിറക്കി.ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഒരു കാരണവുമില്ല. ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും അവകാശവാദങ്ങള്‍ അപ്രസക്തമാണ് -ഏകദേശം 1,700 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. അഭ്യര്‍ത്ഥനയോട് വാഷിംഗ്ടണിലെ സൗദി എംബസി പ്രതികരിച്ചില്ല. ഇക്കാര്യത്തില്‍ മുന്‍ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടിയതാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളുമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക ചരിത്രം മാറ്റിയെഴുതാനിടയാക്കിയ ഇസ്ലാമിക ഭീകരാക്രമണം രണ്ടു പതിറ്റാണ്ടിന്റെ സ്മരണ പുതുക്കവേ ഇരകളുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന നീക്കം സൗദി അറേബ്യയെ വല്ലാതെ പ്രതിരോധത്തിലാക്കുന്നതാണ്.സൗദി അറേബ്യന്‍ നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് നഷ്ട പരിഹാരക്കേസുകള്‍ക്കും പുതിയ സ്വഭാവമേകും. മനുഷ്യസമൂഹത്തിന് നേരെയുള്ള സമാനതകളില്ലാത്ത ആക്രമണമാണ് നാല് യാത്രാവിമാനങ്ങള്‍ റാഞ്ചിയെടുത്ത് 2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്നത്. മരണമടഞ്ഞവരുടെ കണക്കിന് ഇന്നും വ്യക്തതയില്ല. ഔദ്യോഗിക കണക്കില്‍ 2977 പേരാണ് കൊല്ലപ്പെട്ടത്. വിമാനങ്ങളില്‍ ആകെ 265 യാത്രക്കാരുണ്ടായിരുന്നു.

ആഗോള വാണിജ്യ സ്ഥാപനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഗ്രൂപ്പിന്റെ മാന്‍ഹാട്ടനിലെ ഇരട്ട ടവറുകളുടെ മുകള്‍ നിലയിലേക്കാണ് ഒന്നിനു പുറകേ ഒന്നായി വിമാനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ചാവേറാക്രമണം നടന്നത്.110 നിലകളുള്ള ഇരട്ട ടവറുകള്‍ തരിപ്പണമായി. അതേ ദിവസം തന്നെ അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നേരേയും ആക്രമണം നടന്നു.പെന്റഗണില്‍ 125 പേര്‍ കൊല്ലപ്പെട്ടു. നാലാമത്തെ വിമാനത്തിലെ യാത്രക്കാര്‍ ഭീകരരുമായി ഏറ്റുമുട്ടിയതോടെ ഒരു വയലിലേക്കാണ് ഇടിച്ചിറക്കി തകര്‍ത്തത്. ആക്രമണത്തിന്റെ സൂത്രധാരനായ ഇസ്ലാമിക ഭീകരന്‍ ബിന്‍ ലാദനെ അമേരിക്കയുടെ സീല്‍ എന്ന കമാന്റോ സേന പാകിസ്താനിലെത്തി കൊലപ്പെടുത്തി.











വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.