ഈറൻ മിഴികളിൽ അമ്മയോർമ്മകൾ

ഈറൻ മിഴികളിൽ അമ്മയോർമ്മകൾ

അമ്മയുടെ ആത്മശാന്തിക്കായി കുർബാനയർപ്പിക്കണമെന്നതായിരുന്നു ആ യുവാവിൻ്റെ ആഗ്രഹം. വീട്ടുപേരും അമ്മയുടെ പേരും പറഞ്ഞ് ഗ്രിഗോറിയൻ കുർബാനയ്ക്ക് പണം നൽകുമ്പോൾ അവൻ്റെ മിഴികൾ നനഞ്ഞിരുന്നു. "എന്തു പറ്റി ഇങ്ങനെ കരയാൻ?" ഞാൻ ചോദിച്ചു. "അമ്മയെക്കുറിച്ച് ഓർത്തു പോയി...'' മിഴികൾ തുടച്ചു കൊണ്ട് അവൻ തുടർന്നു: ''കൊടിയ അപരാധമാണ് ഞാൻ ചെയ്തത്. ഞാനും അപ്പനും തമ്മിൽ ഒരിക്കൽ വഴക്കിട്ടു. വഴക്കിനിടയിൽ അപ്പനു നേരെ കരമുയർത്തിയപ്പോൾ അമ്മ കയർത്തു.'അപ്പനു നേരെയാണോടാ കൈ പൊക്കുന്നത്... ഇറങ്ങടാ ഈ കുടുംബത്തീന്ന്...' എന്ന് പറഞ്ഞ് അമ്മ തടസം നിന്നു. ദേഷ്യത്തോടെ അപ്പാൾ തന്നെ ഞാൻ വീടുവിട്ടിറങ്ങി. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മയെന്നെ വിളിച്ച് മാപ്പ് പറഞ്ഞെങ്കിലും എനിക്ക് അമ്മയോട് ക്ഷമിക്കാൻ കഴിഞ്ഞില്ല.

ഇതിനിടയിൽ അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നു. അന്ന് ഞാൻ മുംബെയിലാണ്. ഒരു വശം തളർന്ന് അമ്മ കിടപ്പിലായി. എന്നെ കാണണമെന്നായിരുന്നു അമ്മയുടെ ഏക ആഗ്രഹം. പക്ഷെ അപ്പോഴും എൻ്റെ ഉള്ളിലെ വാശിമൂലം അമ്മയെ കാണാൻ എനിക്ക് മനസ് വന്നില്ല. കൂട്ടുകാരിൽ നിന്നോ മറ്റോ എൻ്റെ നമ്പർ തപ്പിയെടുത്ത് അപ്പനെന്നെ വിളിച്ചു. ഞാൻ വീടെത്തിയപ്പോഴേക്കും അമ്മ നിത്യതയിലേക്ക് യാത്രയായിരുന്നു.... എൻ്റെ മനസിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. അമ്മയോർമകൾ എൻ്റെ മനസ്സിൽ ഓളംവെട്ടി. ഒറ്റയ്ക്കിരുന്ന് ഒരുപാട് കരഞ്ഞു. അമ്മയുടെ സാന്ത്വന സ്പർശം മേലാസകലം തഴുകി കടന്നുപോകുന്നതുപോലെ. ഒരു ധ്യാനത്തിന് പോകാനുള്ള തീരുമാനം മനസിലുറപ്പിച്ചു. ധ്യാനത്തിന് ശേഷമാണ് അമ്മയ്ക്കുവേണ്ടി കുർബാന ചൊല്ലി പ്രാർത്ഥിക്കണമെന്ന ആഗ്രഹം ശക്തമായത്...."

അവനെ ആശ്വസിപ്പിച്ച് യാത്രയാക്കിയത് മനസിലിന്നും തെളിഞ്ഞു നിൽക്കുന്നു. ഇന്നീ സംഭവം ഓർക്കാൻ കാരണം ധനവാൻ്റെയും ലാസറിൻ്റെയും ഉപമയാണ്. പടിവാതിൽക്കൽക്കിടന്ന ലാസറിനെ അവഗണിച്ചത് തെറ്റാണെന്ന തിരിച്ചറിവ് ധനവാന് ലഭിച്ചപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു. തൻ്റെ നാവു തണുപ്പിക്കാൻ ലാസറിനെ അയയ്ക്കയക്കണമെന്ന അപേക്ഷയ്ക്ക് ദൈവത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: ''.....ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല" (ലൂക്കാ 16 : 26).

ദൈവം തിരിച്ചറിവുകൾ നൽകുമ്പോൾ യഥാസമയം ഉൾക്കൊള്ളാൻ കഴിയണം. വൈകിയെത്തുന്ന തിരിച്ചറിവുകൾ നമുക്ക് സമ്മാനിക്കുന്നത് ചെയ്യാതെ പോയ നന്മകളെക്കുറിച്ചുള്ള നൊമ്പരങ്ങൾ മാത്രമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.