വത്തിക്കാന്‍: അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍ കൂരിയാ വിഭാഗം കത്തോലിക്കാ സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ കുടുംബത്തെ അധികരിച്ച് ആഗോളതലത്തിലുള്ള സമഗ്ര ഉടമ്പടി തയ്യാറാക്കുന്നു. ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച സ്‌നേഹത്തിന്റെ സന്തോഷം എന്നര്‍ത്ഥമുള്ള 'അമോരിസ് ലെത്തീസിയ' കുടുംബവത്സരത്തോടനുബന്ധിച്ചുള്ള ഈ സംരംഭത്തില്‍ സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ വിദ്യാപീഠം, കുടുംബത്തിനായുള്ള അന്താരാഷ്ട്ര പഠനകേന്ദ്രം എന്നിവയുടെയും പങ്കാളിത്തമുണ്ട്.
എല്ലാ രാജ്യങ്ങളില്‍ നിന്നും കത്തോലിക്കാ സര്‍വകലാശാലകളില്‍ കുടുംബത്തെ അധികരിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്ന വിഭാഗങ്ങളുടെ സഹകരണത്തോടെ തയ്യറാക്കുന്ന സമഗ്ര രേഖ 2022 ജൂണില്‍ ആഗോളസഭാതലത്തില്‍ നടക്കുന്ന ലോക കുടുംബ സംഗമത്തിനു മുമ്പ് അന്തിമമാക്കാന്‍ കഴിയുമെന്ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള കൂരിയാ സംവിധാനമായ ഡൈകാസ്റ്ററി ഫോര്‍ ദി ലെയ്റ്റി, ഫാമിലി ആന്‍ഡ് ലൈഫ് (ഡി എല്‍ എഫ് വി) പ്രതീക്ഷ പ്രകടിപ്പിച്ചു.കുടുംബവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും നരവംശശാസ്ത്രപരവുമായ പ്രാധാന്യത്തിലൂന്നിയുള്ള വിവരങ്ങളും ഗവേഷണങ്ങളും ഇതിനായി സമാഹരിക്കുന്നുണ്ട്. പ്രത്യേകിച്ചും കുടുംബ ബന്ധങ്ങള്‍, കുടുംബത്തിന്റെ സാമൂഹിക മൂല്യം, അന്താരാഷ്ട്ര തലത്തിലുള്ള കുടുംബ നയങ്ങളുടെ അനുകരണീയ രീതികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പഠനം മുന്നേറുന്നത്.
കുടുംബത്തിലെ സ്‌നേഹത്തിന്റെ സൗന്ദര്യവും സന്തോഷവും സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അപ്പോസ്തലിക പ്രബോധനമാണ് സ്‌നേഹത്തിന്റെ സന്തോഷം എന്നര്‍ത്ഥമുള്ള 'അമോരിസ് ലെത്തീസിയ'. 2015 ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡിലെ പ്രതിഫലനങ്ങളും ഉള്‍ക്കാഴ്ചകളും സംഗ്രഹിച്ച് 2016 മാര്‍ച്ച് 19 നാണ് ഇത് പ്രസിദ്ധീകരിച്ചത്. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി, ഡിഎല്‍എഫ്വി ജൂണ്‍ 9 മുതല്‍ 12 വരെ ഒരു ഓണ്‍ലൈന്‍ ഫോറം സംഘടിപ്പിച്ചിരുന്നു.
ഇന്നത്തെ കുടുംബങ്ങള്‍ക്കുള്ള മനോഹരമായ സമ്മാനമാണ് ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനമായ അമോരിസ് ലെത്തീസിയ എന്ന് അപ്പോസ്തലിക പ്രബോധനം പ്രസിദ്ധീകൃതമായതിന്റെ അഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ ആഗോള സഭ ആരംഭിച്ച കുടുംബങ്ങളുടെ വര്‍ഷം സംബന്ധിച്ച് റോമില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ അല്‍മായര്‍ക്കും, കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപകാര്യദര്‍ശി ഗബ്രിയേല ഗമ്പിനോ ചൂണ്ടിക്കാട്ടിയിരുന്നു. പാപ്പായുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന കുടുംബങ്ങളുടെ അജപാലന സംരക്ഷണം, കുടുംബങ്ങളെ ഇന്നു ചേര്‍ത്തു നിര്‍ത്തുവാനുള്ള നവമായ രീതികള്‍, കുടുംബങ്ങളെ സഹായിക്കുവാന്‍ സഭയ്ക്കുണ്ടാകേണ്ട പ്രായോഗിക സംവിധാനങ്ങള്‍, അജപാലന പദ്ധതികള്‍ എന്നിവ കുടുംബ ജീവിതത്തെ ബലപ്പെടുത്തുന്ന പ്രായോഗിക പദ്ധതികളായി ഗബ്രിയേല ചൂണ്ടിക്കാട്ടി. പ്രബോധനവും, കുടുംബ നവീകരണപദ്ധതികളും ഏറെ ഫലപ്രദവും മനോഹരവുമാണെന്നും, അത് കുടുംബങ്ങള്‍ക്കുള്ള സമ്മാനമാണെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.