റോജര്‍ ജോസഫ് ബോസ്‌കോവിച്: ശാസ്ത്രീയ വീക്ഷണത്തില്‍ കാലത്തിനും മുന്നേ സഞ്ചരിച്ച കത്തോലിക്കാ പുരോഹിതന്‍

റോജര്‍ ജോസഫ് ബോസ്‌കോവിച്: ശാസ്ത്രീയ വീക്ഷണത്തില്‍ കാലത്തിനും മുന്നേ സഞ്ചരിച്ച കത്തോലിക്കാ പുരോഹിതന്‍


ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ എട്ടാം ഭാഗം

ക്രോയേഷ്യയില്‍ ജനിച്ച് ഇറ്റലിയില്‍ മരിച്ച ഒരു ശാസ്തജ്ഞനാണ് റോജര്‍ ജോസഫ് ബോസ്‌കോവിച്. 1711 മെയ് 18 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരിനു തന്നെ മൂന്നു വിവിധ രൂപങ്ങള്‍ നിലവിലുണ്ട്. ക്രോയേഷ്യയില്‍ Rudjer Josip Boskovi'c എന്നും ഇറ്റലിയില്‍ Ruggero Giuseppe Boscovich എന്നും ഇംഗ്ലീഷില്‍ Roger Joseph Boscovich എന്നുമാണ് അദ്ദേഹത്തിന്റെ പേര്.

വ്യാപാര കുടുംബത്തിലാണ് ബോസ്‌കോവിച് പിറന്നത്. മാതൃപിതാവ് ഇറ്റലിക്കാരനായിരുന്നു. ഒന്‍പത് മക്കളില്‍ എട്ടാമനായാണ് അദ്ദേഹം ജനിച്ചത്. ഒരു സഹോദരി സന്യാസിനിയും സഹോദരന്മാരില്‍ രണ്ടുപേര്‍ ജെസ്യുട്ട് വൈദികരും ഒരാള്‍ ഡൊമിനിക്കന്‍ സന്യാസിയുമായിരുന്നു. ബോസ്‌കോവിച് ആദ്യ വിദ്യാഭ്യാസം നേടിയത് സമീപത്തുള്ള ഇടവക വൈദികനില്‍ നിന്നാണ്. എഴുതാനും വായിക്കാനും പഠിപ്പിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് സമീപത്തുള്ള ജെസ്യുട്ട് സ്‌കൂളില്‍ പഠനം തുടര്‍ന്നു.

1725 ല്‍ പതിനാലാം വയസില്‍ റോമിലേക്ക് പോയി. അവിടെ പിയാസ ദെല്‍ പൊപോളോക്കു സമീപമുള്ള റോമന്‍ കോളേജില്‍ തുടര്‍ പഠനം നടത്തി. 1732 ല്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ അവിടെ പഠിപ്പിച്ചു. റോമന്‍ കോളേജില്‍ ഗണിതശാസ്ത്രാധ്യാപകന്‍ ആയിരിക്കെ പൗരോഹിത്യ സ്വീകരണത്തിന് ഒരുക്കമായി അദ്ദേഹം ദൈവശാസ്ത്ര പരിശീലനം ആരംഭിച്ചു. 1744 ല്‍ പരിശീലനം പൂര്‍ത്തിയാക്കി പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

പൗരോഹിത്യ ശുശ്രൂഷക്ക് തുല്യമായോ ഒരുപക്ഷെ അതില്‍ കൂടുതലോ ആയി അദ്ദേഹം തന്റെ ശാസ്ത്ര നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും സ്‌നേഹിച്ചു. 1735 ല്‍ തന്നെ ഐസക് ന്യൂട്ടന്റെ ഒപ്റ്റിക്‌സ്, പ്രിന്‍ചിപ്പിയ മാത്തമാറ്റിക്ക തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച അദ്ദേഹം തുടര്‍ന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ ആരംഭിച്ചു. 1736 ല്‍ ബുധന്റെ ഭ്രമണപഥം കൃത്യമായി നിരീക്ഷിക്കുകയും അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

1737 ല്‍ തന്നെ അദ്ദേഹം ഗണിത ശാസ്തത്തില്‍ ഒരു പുസ്തകം രചിച്ചു. Trigonometriae sphaericae constructio എന്നാണ് അതിന്റെ പേര്. 1740 ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയായ കാലം മുതല്‍ അദ്ദേഹത്തെ ശാസ്ത്ര വിഷയങ്ങളില്‍ ബോസ്‌കോവിച് സഹായിച്ചിരുന്നു. വത്തിക്കാനിലെ ദൈവാലയത്തിന്റെ താഴികക്കുടം കേടുപാടുകള്‍ പോക്കേണ്ട കാലമായപ്പോള്‍ ബോസ്‌കോവിച് ആണ് അതിനു നിര്‍മിതി പരമായ ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചത്. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങള്‍ യൂറോപ്പില്‍ ആദ്യം അംഗീകരിക്കുകയും അവയെക്കുറിച്ചു പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്തത് ബോസ്‌കോവിച് ആണ്.

ഒപ്റ്റിക്‌സ്, ജ്യോതിശാസ്ത്രം, ഗുരുത്വാകര്‍ഷണം, ത്രികോണമിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുപതോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു ഗോളത്തിന്റെ ഭൂമധ്യമേഖ (Equator) കണ്ടുപിടിക്കുന്നതിനു പ്രതല പ്രത്യേകതകളുടെ മൂന്ന് നിരീക്ഷണങ്ങളിലൂടെ സാധിക്കും എന്ന് കണ്ടെത്തിയത് ബോസ്‌കോവിച് ആണ്. ഒരു ഗോളത്തിന്റെ ഭ്രമണപഥം നിശ്ചയിക്കുന്നതിന് അതിന്റെ സ്ഥാനത്തെപ്പറ്റിയുള്ള മൂന്നു നിരീക്ഷണങ്ങളിലൂടെ സാധിക്കുമെന്നതും അദ്ദേഹമാണ് തെളിയിച്ചത്.

1758 ല്‍ അദ്ദേഹം Theoria philosophiae naturalis reducta ad unicam legem virium in natura existentium എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതില്‍ അദ്ദേഹം ന്യൂട്ടന്റെ കേവല സമയം(Absolute time), കേവല സ്ഥലം (Absolute space), കേവല ചലനം (Absolute motion), അറ്റോമിസം തുടങ്ങിയ ആശയങ്ങളെ വിമര്‍ശിക്കുന്നു.


1759 ല്‍ അദ്ദേഹം താമസം പാരിസിലേക്ക് മാറ്റി. അവിടെ അക്കാദമി ഓഫ് സയന്‍സില്‍ ചേര്‍ന്ന് പ്രവൃത്തിച്ചു. ആറ് മാസങ്ങള്‍ക്കു ശേഷം ലണ്ടനിലെത്തുകയും അവിടെ റോയല്‍ സൊസൈറ്റിയില്‍ അംഗമാകുകയും ചെയ്തു. ഭൂമിയുടെ വലിപ്പവും ആകൃതിയും സംബന്ധിച്ച പഠനങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ കൊണ്ടുവരാന്‍ ബോസ്‌കോവിച് നിമിത്തമായി. ഇന്ന് നാം മനസിലാക്കുന്ന അറ്റോമിക് സിദ്ധാന്തത്തിന്റെ ആദ്യകാല പ്രാഗ് രൂപത്തിന്റെ ഉപജ്ഞാതാവ് കൂടിയാണദ്ദേഹം. ദ്രവ്യം എന്നത് തുടരുന്ന ഒന്നല്ലെന്നും അനന്തമായ ചെറുശരീരങ്ങളുടെ സമാഹാരമാണെന്നും അദ്ദേഹം മനസിലാക്കി.

ബോസ്‌കോവിച് ഈ തിരിച്ചറിവ് രേഖപ്പെടുത്തുന്നത് അറ്റോമിക് സിദ്ധാന്തത്തിന്റെ കണ്ടുപിടുത്തതിനും ഒരു നൂറ്റാണ്ട് മുന്‍പാണെന്നത് അദ്ദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണത്തിന്റെ ആഴം മനസിലാക്കാന്‍ നമ്മെ സഹായിക്കും. ഗണിതശാസ്ത്രത്തിലും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ബോസ്‌കോവിച്. അദ്ദേഹത്തിന് ശേഷം വരുന്ന ലാപ്ലേസ് (Laplace) ഗൗസ്സ് (Gauss) തുടങ്ങിയ ഗണിത ശാസ്ത്രജ്ഞര്‍ തങ്ങള്‍ക്ക് ബോസ്‌കോവിചിനോടുള്ള പ്രതിബദ്ധത തുറന്ന് പറഞ്ഞിട്ടുണ്ട്.

ഒരു ജെസ്യുട്ട് പുരോഹിതനായതിനാലും മറ്റു പല രാഷ്ട്രീയ കാരണങ്ങളാലും ജീവിതത്തില്‍ പല അവസരങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. ശുക്രന്റെ ഭ്രമണം നിരീക്ഷിക്കാനുള്ള റോയല്‍ സൊസൈറ്റിയുടെ ക്ഷണം ഉള്‍പ്പടെയുള്ള അവസരങ്ങള്‍ അദ്ദേഹതിന് പലപ്പോഴായി നഷ്ടപ്പെട്ടു. കോപ്പര്‍ നിക്കസിന്റെ പഠനങ്ങളോടുള്ള സഭയുടെ വിപ്രതിപത്തി കുറയ്ക്കാന്‍ ബോസ്‌കോവിച് നിമിത്തമായിട്ടുണ്ട്.

ബെനഡിക്ട് പതിനാലാമന്‍ പാപ്പയോട് കോപ്പര്‍ നിക്കസിനെ നിരോധിത പുസ്തകങ്ങളുടെ ഗണത്തില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് ബോസ്‌കോവിച് ആണ്. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്നും അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ 66 പുസ്തകങ്ങളും ഏകദേശം 2000 കത്തുകളും ഇവിടെ ഇന്നും സൂക്ഷിക്കുന്നു. ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന വലിയൊരു ഗര്‍ത്തത്തിനു ബോസ്‌കോവിചിന്റെ നാമമാണ് നല്‍കിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. 1787 ഫെബ്രുവരി 13 നു ഇറ്റലിയിലെ മിലാനില്‍ റോജര്‍ ജോസഫ് ബോസ്‌കോവിച് നിത്യസമ്മാനം പുല്‍കി.

അടുത്ത ലക്കം: ജ്യുസേപ്പേ മോസ്‌കാത്തി





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.