കാന്‍ബറ: ഓസ്ട്രേലിയയില്‍ തുടരുന്ന ജനസംഖ്യാ കണക്കെടുപ്പ് നാളെ പൂര്‍ത്തിയാകും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സെന്‍സസില്‍ രാജ്യത്തെ എല്ലാവരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണു നിയമം. നാളെ രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാവുന്നത്. ഓസ്ട്രേലിയയില്‍ ജനിച്ചവരും ജീവിക്കുന്നവരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ സുപ്രധാന സ്ഥിതി വിവര കണക്കെടുപ്പാണിത്. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിനാണ് (എ.ബി.എസ്) ജനസംഖ്യാ കണക്കെടുപ്പിന്റെ ചുമതല.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നും കുടിയേറ്റം നടക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. അതിനാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് സെന്‍സസില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അതീവ പ്രാധാന്യമേറിയതാണ്. രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, വികസന, വ്യവസായ, ആരോഗ്യ സംബന്ധിയായ വിഷയങ്ങളില്‍ നയങ്ങള്‍ രൂപീകരിക്കാനും കൃത്യമായ ആസൂത്രണത്തിനും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനും ഈ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്. സെന്‍സസില്‍ അവസാന തീയതിക്കകം പങ്കെടുത്തില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് എ.ബി.എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ മലയാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതീവ ഗൗരവത്തോടെയാണു ഈ സെന്‍സസിനെ മലയാളികള്‍ പരിഗണിക്കുന്നത്. 2016-ല്‍ നടന്ന സെന്‍സസ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മലയാള ഭാഷയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഹിന്ദിക്കും പഞ്ചാബിക്കുമാണ്. തമിഴ് ഭാഷ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും അതു മറ്റു പല രാജ്യങ്ങളിലും സംസാരിക്കുന്നതിനാല്‍ മലയാളത്തിന് ഇന്ത്യന്‍ ഭാഷകളില്‍ മൂന്നാം സ്ഥാനം അവകാശപ്പെടാനാകും.
സെന്‍സസ് ചോദ്യാവലിയില്‍ ആകെ 60 ചോദ്യങ്ങളാണ് ഉണ്ടാവുക. പങ്കെടുക്കുന്നവരുടെ പ്രായം, ലിംഗം, വിവാഹിതരാണോ അല്ലയോ, വീട്ടിലെ അംഗങ്ങള്‍, ജോലി, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഭാഷയും സംസ്‌കാരവും സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ മലയാളികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പെടെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനും മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ അംഗീകാരം ലഭിക്കാനും, ചോദ്യങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ നല്‍കുന്നുണ്ട്.
നിങ്ങള്‍ വീട്ടില്‍ ഏതു ഭാഷയാണ് സംസാരിക്കുന്നത്? എന്ന ചോദ്യത്തിന് നിര്‍ബന്ധമായും 'മലയാളം' എന്ന് രേഖപ്പെടുത്തണം. ഈ ചോദ്യവും അതിനുള്ള ഉത്തരവും ഏറെ പ്രധാനപ്പെട്ടതാണ്. ഓരോ കമ്മ്യൂണിറ്റിയിലുമുള്ള ആളുകളുടെ എണ്ണം അനുസരിച്ചാണ്, ഭാഷ, സംസ്‌കാരം, വികസനം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതതു കമ്യൂണിറ്റികള്‍ക്ക് മുന്‍ഗണനയും പ്രാധാന്യവും നല്‍കുന്നത്. അതിനാല്‍ മലയാളമാണ് സംസാരഭാഷയെന്ന് സെന്‍സസില്‍ കൃത്യമായി രേഖപ്പെടുത്തണം. ഭാഷാപഠനത്തിന് ഭാവിയില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നതിന് ഇത് ഇടയാക്കും.
ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച് മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പൂത്തൂരും സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മതം ഏതെന്നാണ് ഫോമിലെ 23-ാമത്തെ ചോദ്യം. ഇതില്‍ സിറോ മലബാര്‍ കാത്തലിക് എന്നു കൃത്യമായി രേഖപ്പെടുത്തണമെന്നു ബിഷപ് ഓര്‍മിപ്പിച്ചു. എങ്കിലേ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന് അര്‍ഹമായ അംഗീകാരവും പ്രാതിനിധ്യവും ഭാവിയില്‍ നിയമപരമായി ലഭിക്കുകയുള്ളൂ. അതിരൂപതയുടെ കീഴില്‍ വരുന്ന പള്ളികളിലും കുടുംബ കൂട്ടായ്മയിലും ഭക്ത സംഘടനകളുടെ യോഗങ്ങളിലും, മാധ്യമങ്ങളിലും ഇക്കാര്യം വിശ്വാസികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ നടക്കാന്‍ പോകുന്ന സെന്‍സസ് 2021-നെക്കുറിച്ചുള്ള വിവരങ്ങളും സെന്‍സസ് ഫോം പൂരിപ്പിക്കുന്നതിനും ഉള്ള മാര്‍ഗനിര്‍ദേശങ്ങളും ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
https://census.abs.gov.au
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.