ബോഗോട്ടോ: 'അര്‍ദ്ധ അന്തര്‍വാഹിനി'യായി സഞ്ചരിച്ചിരുന്ന കപ്പലില്‍ നിന്ന് കൊളംബിയന്‍ നാവികസേന 68 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന രണ്ട് ടണ്ണിലധികം കൊക്കെയ്ന്‍ പിടിച്ചെടുത്തു. രണ്ട് കൊളംബിയന്‍ പൗരന്മാരും ഒരു വിദേശിയുമായി മധ്യ അമേരിക്കയിലേക്കു പോവുകയായിരുന്നു 15 മീറ്റര്‍ നീളമുള്ള യാനമെന്ന് മയക്കുമരുന്ന് വേട്ടയ്ക്കു നേതൃത്വം നല്‍കിയ കൊളംബിയന്‍ ടാസ്‌ക് ഫോഴ്സ് കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഒര്‍ലാന്‍ഡോ ക്യൂബിലോസ് പറഞ്ഞു.തെക്കുപടിഞ്ഞാറന്‍ കൊളംബിയക്കു സമീപം പസഫിക് തീരത്ത് തടഞ്ഞുവെച്ചു പരിശോധിച്ചപ്പോഴാണ് എഞ്ചിനു സമീപം നിന്ന്് 2 ടണ്‍ കൊക്കെയ്ന്‍ ഉള്ള 102 ബാഗുകള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.
മയക്കു മരുന്നു കടത്തിനെതിരെ 'ഓറിയോണ്‍' എന്നു പേരുള്ള അന്താരാഷ്ട്ര ഓപ്പറേഷന്‍ 2018 ല്‍ ആരംഭിച്ചശേഷം 400 ടണ്ണിലധികം കൊക്കെയ്നും 158 ടണ്‍ മരിജുവാനയും 95 ടണ്‍ കഞ്ചാവും ഈ മേഖലയില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അറുപത്തിയൊമ്പത് ബോട്ടുകള്‍, മൂന്ന് അര്‍ദ്ധ അന്തര്‍വാഹിനികള്‍, അഞ്ച് വിമാനങ്ങള്‍ എന്നിവ മെയ് 15 നും ജൂണ്‍ 30 നും ഇടയില്‍ ടാസ്‌ക് ഫോഴ്സിനു കീഴടങ്ങി.വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 539 പേരെ പിടികൂടി.38 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബഹുരാഷ്ട്ര നാവിക ഓപ്പറേഷനായ ഓറിയോണിന്റെ ഏഴാം ഘട്ടത്തില്‍ സൈന്യവും പോലീസ് അധികാരികളും 116 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തതായി കൊളംബിയ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.ആദ്യം വിട്ടു നിന്ന ജര്‍മ്മനി, അര്‍ജന്റീന, ജമൈക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളും വേട്ടയ്ക്കായി ഇപ്പോള്‍ രംഗത്തുണ്ട്.
കൊളംബിയയില്‍ തഴച്ചുവളരുന്ന അനധികൃത കൊക്കച്ചെടികള്‍ യുഎസിനാണ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. മയക്കുമരുന്നു വിരുദ്ധനയങ്ങളുടെ ഫലമായി കൊളംബിയയിലെ മയക്കുമരുന്ന് മേഖലയെ തകര്‍ച്ച ബാധിച്ചിരുന്നെങ്കിലും പന്നീട് കൃഷി വ്യാപകമായി.കൊക്ക ഉത്പാദനത്തില്‍ ഒന്നാമതായിരുന്ന കൊളംബിയ ആറേഴു വര്‍ഷം മുന്‍പാണ് കൃഷിയില്‍ കുറവുവരുത്തിയത്. ഉത്പാദനത്തില്‍ പെറു ഒന്നാമതായി. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള പെറുവും മൂന്നാം സ്ഥാനത്തുള്ള ബൊളീവിയയും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതലാണ് കൊളംബിയയുടെ ഉത്പാദനം.
മണ്ണില്‍ അവശേഷിക്കുന്ന ഏറ്റവും ചെറിയ വേരില്‍നിന്നു പോലും തഴച്ചുവളരുന്ന സ്വഭാവമാണ് കൊക്കയ്ക്ക്. തീവ്ര കളനാശിനിക്കു മാത്രം നശിപ്പിക്കാനാകുന്ന ഇതിന്റെ പ്രലോഭനത്തെ അതിജീവിക്കുക കൊളംബിയയ്ക്ക് എളുപ്പമല്ല. കൊക്കച്ചെടികള്‍ക്കു പകരം മാറ്റക്കൃഷിയായി കൊക്കോയെ കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു.പക്ഷേ, ഓരോ 40 ദിവസത്തിലും കൊക്ക വിളവെടുപ്പു നടത്തി വന്‍തോതില്‍ പണം സമ്പാദിച്ചിരുന്നവര്‍ക്ക് കൊക്കോ ആകര്‍ഷകമായില്ല. വളരെക്കുറച്ചു മാത്രം ലാഭം നല്‍കുന്ന വാഴക്കൃഷിയിലും തൃപ്തരല്ല ജനങ്ങള്‍. കൊക്കെയ്ന്‍ നിര്‍മാണം വാഴക്കുലകള്‍ ചന്തയിലെത്തിക്കുന്നതിനെക്കാള്‍ എത്രയോ എളുപ്പമാണെന്ന ചിന്തയുമുണ്ട്. മാറ്റക്കൃഷി നടപ്പാകുന്നിടത്തെ കൃഷിയിടങ്ങളില്‍പ്പോലും അവിടവിടെ കിളിര്‍ത്ത കൊക്കച്ചെടികള്‍ കാണാം.
ഒരു ദശകത്തിലേറെയായി യുഎസിലെ കൊക്കെയ്ന്‍ ഉപഭോഗം കുറഞ്ഞുവരികയാണ്. ഹെറോയിന്‍, മെറ്റാംഫിറ്റമിന്‍ എന്നിവയാണ് ഇപ്പോള്‍ ലഹരിവിപണിയില്‍ മുന്നില്‍. വിലകുറഞ്ഞ കൊക്കെയ്ന്‍ കള്ളക്കടത്തുവിപണിയിലെത്തിയാല്‍ ഇതിനു മാറ്റം വരും. മെക്‌സിക്കോ, മധ്യ അമേരിക്ക എന്നിവ വഴിയുള്ള മരുന്നുകടത്ത് അക്രമങ്ങളുണ്ടാക്കുകയും ചെയ്യും. 50 മില്യണ്‍ ജനസംഖ്യയുള്ള കൊളംബിയയില്‍ ഒരു മില്യണ്‍ ആളുകള്‍ കൊക്ക വിപണനവുമായി ബന്ധമുള്ളവരാണെന്ന് സാമ്പത്തികവിദഗ്ധന്‍ എഡ്വാര്‍ഡോ ഡയസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.കൊക്ക കൃഷി ഉപേക്ഷിക്കാനായി വ്യക്തികള്‍ക്കു പണം നല്‍കുന്നതു വിജയിക്കില്ല. പണം ലഭിക്കാനായി കൂടുതല്‍ പേര്‍ കൊക്ക കൃഷി തുടങ്ങുമെന്നതാകും ഫലം. അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലൊക്കെ സര്‍ക്കാര്‍ സഹായം വര്‍ധിക്കുമെന്നു കാണുമ്പോള്‍ കൂട്ടത്തോടെ മറ്റു കൃഷിയിലേക്കു മാറാന്‍ ആളുകള്‍ തയാറാകുമെന്നാണു പ്രതീക്ഷ. ഭൂരിപക്ഷം പിന്‍മാറിയാല്‍ ബാക്കിയുള്ളവരെ കനത്ത ശിക്ഷ വഴി പിന്തിരിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അനധികൃതകൃഷി എവിടെയുണ്ടോ അവിടെയൊക്കെ സായുധസംഘങ്ങളുമുണ്ട്. കൊക്ക കൂടുതല്‍ പണം കൊണ്ടുവന്നു. പക്ഷേ പണം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. ലഭിച്ചതില്‍ കൂടുല്‍ പണവും മദ്യത്തിനു ചെലവാകുകയും ചെയ്തു.
https://www.abc.net.au/news/2021-08-09/colombian-navy-boards-semisubmersible-narco-submarine-cocaine/100360952?utm_campaign=news-article-share-2-desktop-0&utm_content=link&utm_medium=content_shared&utm_source=abc_news_web
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.