നെയ്‌റോബി: പശ്ചിമാഫ്രിക്കയിലെ വടക്കന്‍ മാലിയില്‍ ജിഹാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭീകരര്‍ മൂന്ന് ഗ്രാമങ്ങള്‍ ആക്രമിച്ച് 51 ലധികം ആളുകളെ വധിച്ചു. നൈജറിന്റെ അതിര്‍ത്തിക്കടുത്താണ് മോട്ടോര്‍ ബൈക്കുകളിലെത്തിയവര്‍ കൂട്ട ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും വീടുകള്‍ക്കു തീയിടുകയും ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരര്‍ ആണ്് നാശം വിതച്ചതെന്നാണ് സൂചന.
ആഫ്രിക്കയിലെ ഐസിസിന്റെ അനുബന്ധ സംഘടനകളുടെ 'ഭയപ്പെടുത്തുന്ന' വിപുലീകരണം ചൂണ്ടിക്കാട്ടി, ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. ദുരിത ബാധിത സമൂഹങ്ങളിലേക്ക് മാലി സൈന്യത്തിന്റെ പട്രോളിംഗ് വിഭാഗത്തെ അയച്ചിട്ടുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിലെ സഹേല്‍ മേഖലയെ ബാധിച്ച മാരകമായ ആക്രമണങ്ങളുടെ ഏറ്റവും പുതിയ തരംഗമാണ് മാലിയിലെ ആക്രമണങ്ങള്‍.മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍, ചാഡ്, നൈജീരിയ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സഹേല്‍, ചാഡ് തടാക പ്രദേശങ്ങളിലെ സുപ്രധാന പ്രദേശങ്ങളുടെ നിയന്ത്രണം ഐസിസ് ഏറ്റെടുത്തുകഴിഞ്ഞു.
ജിഹാദികളെ നേരിടാന്‍ തങ്ങള്‍ക്ക് യൂറോപ്യന്‍ പങ്കാളികളില്‍ നിന്ന് സാങ്കേതിക സഹായം വേണമെന്ന് നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബസൂം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. മാലിയിലും നൈജറിലും ഐസിസ് നിലയുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.'നിര്‍ഭാഗ്യവശാല്‍, ഐസിസ് ആഫ്രിക്കയില്‍ വളരെ വ്യാപകമായിരിക്കുകയാണ്. ഭൂഖണ്ഡത്തിലുടനീളം അത് വ്യാപിച്ചെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും,'-- നൈജീരിയന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ബുലാമ ബുക്കാര്‍ത്തി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡി.ഡബ്ല്യൂവിനെ അറിയിച്ചു.ആഫ്രിക്കയിലെ ഐസിസിന്റെ അനുബന്ധ സംഘടനകള്‍ സിറിയയിലെയും ഇറാഖിലെയും മുന്‍ സ്വയം പ്രഖ്യാപിത 'ഖിലാഫത്ത്' തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടി ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു.
'ആഗോളതലത്തില്‍ തന്നെ കോവിഡ് പടര്‍ന്നുപിടിക്കുകയും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാവുകയും ചെയ്ത സാഹചര്യം പോലും മുതലെടുക്കുകയാണ് ഐസിസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും. ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും ഉള്ള മേഖലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ സംഘര്‍ഷ മേഖലകളില്‍ ഐസിസിന്റെ ഭീഷണി ഇതിനകം തന്നെ വര്‍ധിച്ചിട്ടുണ്ട്.' -- ഗുട്ടെറസ് പറഞ്ഞു.കോവിഡ് സമയത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതല്‍ വളരുകയും വിശാലമാവുകയും ചെയ്തിട്ടുണ്ടെന്നും ഇത് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കിയെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ നിരീക്ഷിച്ചു. 'സിറിയയില്‍ ഇപ്പോഴും സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായി തുടരുന്നു. പോരാട്ട ശേഷികള്‍ പുനര്‍നിര്‍മ്മിക്കാനും കലാപം വിപുലീകരിക്കാനുമുള്ള ശ്രമമാണ് സംഘം അവിടെ നടത്തുന്നത്.'-സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദവിരുദ്ധ സമിതിയും ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്ന വിദഗ്ധരും തയ്യാറാക്കിയ 16 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.