ബ്രിസ്ബന്‍: പക്ഷിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാല്‍ വഴുതി വീണു കൈയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ആക്രമിക്കാനെത്തിയ മാഗ്‌പൈ എന്ന പക്ഷിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ കാല്‍ വഴുതി വീണത്. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുഞ്ഞിനെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമായത്.
ഹോളണ്ട് പാര്‍ക്ക് വെസ്റ്റിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍നിന്ന് നിരവധി പക്ഷികളെ ബ്രിസ്ബന്‍ സിറ്റി കൗണ്‍സില്‍ തൊഴിലാളികള്‍ നീക്കം ചെയ്തതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. മാഗ്‌പൈ പക്ഷികളുടെ ആക്രമണം സംബന്ധിച്ച് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ബ്രൂസ്‌ബെയ്ന്‍ ലോര്‍ഡ് മേയര്‍ അഡ്രിയാന്‍ ഷ്രിന്നര്‍ അറിയിച്ചു. ഇതേ പക്ഷി മറ്റ് ആളുകളെയും ആക്രമിച്ചിട്ടുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിസ്ബന്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പക്ഷിയെ പിടികൂടി നഗരത്തിനു പുറത്തേക്കു മാറ്റി.
ഇത് ഒരിക്കലും സംഭവിക്കരുതാത്ത ഒന്നാണ്. ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കരുതെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഷ്രിന്നര്‍ പറഞ്ഞു. ഇന്ന് രാവിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍ ജീവനക്കാര്‍ കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിച്ചു.
പക്ഷിയുടെ ആക്രമണത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞു. രാവിലെ പാര്‍ക്കില്‍ മകള്‍ക്കും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയ്ക്കുമൊപ്പം നടക്കാനിറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. പക്ഷിയുടെ ആക്രണത്തിന് ഇരയായ നിരവധി പേരുടെ പരാതികള്‍ കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ എല്ലാ ഭാഗത്തും സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്പൈകള്‍. പാര്‍ക്കുകളിലും മൈതാനങ്ങളിലും ഉള്‍പ്പെടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികള്‍ ധാരാളമായുണ്ട്. സ്വതവേ പ്രശനക്കാരല്ലാത്ത ഇവര്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ആക്രമണകാരികളാകുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മുതല്‍ എട്ട് ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടീലും കുഞ്ഞുങ്ങളെ വിരിയിക്കലും. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് പക്ഷിയുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത്.
ഇവയുടെ പ്രജനനകാലത്ത് കാല്‍നടയാത്രക്കാരും, സൈക്കിള്‍ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കൂടിന്റെ 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആണ്‍പക്ഷികള്‍ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.
മികച്ച പാട്ടുകാരും അനുകരണ കലയില്‍ അതിവിദഗ്ധരുമാണ് മാഗ്പൈ പക്ഷികള്‍. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായാണ് മാഗ്‌പൈയെ കണക്കാക്കുന്നത്. 35-ലധികം പക്ഷികളുടെ ശബ്ദവും അതിനു പുറമേ പട്ടിയുടെയും കുതിരയുടെയും മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക് അനുകരിക്കാന്‍ സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26