ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ ഇന്ന് അറിയിക്കും. പുറത്തു വന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസില്‍ ഉള്ളതെന്ന് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ സത്യമെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവരങ്ങള്‍ സീല്‍വെച്ച കവറില്‍ കോടതിയെ അറിയിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെയടക്കം പത്ത് ഹര്‍ജികളാണ് കോടതിക്ക് മുന്‍പില്‍ ഉള്ളത്. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്‌പൈവെയര്‍ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തിന് തുടങ്ങിയ കാര്യങ്ങളും വിശദമാക്കേണ്ടിവരും. സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയില്‍ ഉണ്ടെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
റഫാല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വന്നപ്പോള്‍ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് യുദ്ധവിമാനത്തിന്റെ വില വെളിപ്പെടുത്താനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വില അറിഞ്ഞേ തീരു എന്ന് സുപ്രീംകോടതി പറഞ്ഞതോടെ സീല്‍വെച്ചകവറില്‍ വിവരങ്ങള്‍ നല്‍കി. ആ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ തന്ത്രം ഒരുപക്ഷെ പെഗാസസിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.