ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വെടിയുണ്ടകള്‍ അടങ്ങിയ കത്തയച്ച വ്യക്തിയെ തിരിച്ചറിഞ്ഞു; വൈകാതെ പിടിയിലാകും

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വെടിയുണ്ടകള്‍ അടങ്ങിയ കത്തയച്ച വ്യക്തിയെ തിരിച്ചറിഞ്ഞു; വൈകാതെ പിടിയിലാകും

മിലാന്‍: ഫ്രാന്‍സിസ് പാപ്പയുടെ മേല്‍വിലാസത്തില്‍ മൂന്ന് വെടിയുണ്ടകള്‍ സഹിതം കത്ത് അയച്ച വ്യക്തിയെ വത്തിക്കാന്‍ സെക്യുരിറ്റി വിഭാഗം തിരിച്ചറിഞ്ഞു. ഇറ്റാലിയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കത്ത് ഫ്രാന്‍സില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ച് അധികം താമസിയാതെയാണ് കത്തയച്ചയാളെ തിരിച്ചറിഞ്ഞെന്ന വിവരം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇയാളെ വൈകാതെ പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്.

കത്ത് അയച്ചയാളെ വത്തിക്കാന്‍ സെക്യുരിറ്റി വിഭാഗം തിരിച്ചറിഞ്ഞെന്നും ഒരുപക്ഷേ, ഇതിനുമുമ്പും ഇയാളുടെ കത്ത് വത്തിക്കാനില്‍ ലഭിച്ചിട്ടുണ്ടാകാമെന്നും ഇറ്റാലിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ 'എ.സി.ഐ പ്രന്‍സ' റിപ്പോര്‍ട്ട് ചെയ്തു. സംശയിക്കപ്പെടുന്നയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. കത്ത് എഴുതിയ ആള്‍ ഇപ്പോള്‍ എവിടെയാണെന്നോ കത്ത് അയക്കാനുള്ള കാരണമോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൈത്തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളും വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പും ഉള്‍പ്പെടുന്ന തപാല്‍ കവര്‍ കഴിഞ്ഞ ദിവസം ഉത്തര ഇറ്റലിയിലുള്ള മിലാനിലെ തപാല്‍ ജീവനക്കാരാണ് കണ്ടെത്തിയത്.

കത്തുകള്‍ വേര്‍തിരിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. 'ദ പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം' എന്ന വിലാസത്തിലാണ് കത്ത് എത്തിയത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.