എക്സ്‌കവേറ്ററിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ഇറക്കുമതി; ഓസ്‌ട്രേലിയയില്‍ ലഹരി കടത്തിന് പുതിയ തന്ത്രങ്ങള്‍

എക്സ്‌കവേറ്ററിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ഇറക്കുമതി; ഓസ്‌ട്രേലിയയില്‍ ലഹരി കടത്തിന് പുതിയ തന്ത്രങ്ങള്‍

സിഡ്‌നി: ലഹരിമരുന്ന് കടത്താന്‍ പുതുപുത്തന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കള്ളക്കടത്തുകാരുടെ എണ്ണം ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് കോടതിയില്‍ വാദം കേട്ട കേസിലാണ് ലഹരിമരുന്ന് കടത്താന്‍ പുതിയ മാര്‍ഗം ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ ചുരുളഴിഞ്ഞത്.

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത എക്സ്‌കവേറ്ററിന്റെ കൈക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ ആദം ഹണ്ടിന്റെ വാദമാണ് കോടതി കേട്ടത്. 300 കിലോഗ്രാം ലഹരിമരുന്നാണ് എക്സ്‌കവേറ്ററിനുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളിലാക്കി ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ചത്. മോര്‍ണിംഗ് പീസ് എന്ന കപ്പലിലാണ് എക്സ്‌കവേറ്റര്‍ പോര്‍ട്ട് കെംബ്ല തുറമുഖത്ത് ഇറക്കിയത്. മയക്കുമരുന്ന് ഒളിപ്പിക്കാന്‍ പാകത്തിന് മാറ്റങ്ങള്‍ വരുത്തിയതായിരുന്നു യന്ത്രം.


ദക്ഷിണാഫ്രിക്കയില്‍നിന്ന് ഓസ്ട്രേലിയയില്‍ ഇറക്കുമതി ചെയ്ത എക്‌സ്‌കവേറ്ററിന്റെ കൈക്കുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍

എന്നാല്‍ പോലീസ് സ്ഥാപിച്ച കാമറയിലാണ് എക്സ്‌കവേറ്ററിനുള്ളില്‍ പാക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ആംഗിള്‍ ഗ്രൈന്‍ഡര്‍ യന്ത്രം ഉപയോഗിച്ച് എക്സ്‌കവേറ്ററിന്റെ കൈ മുറിച്ചുമാറ്റിയാണ് പാക്കറ്റുകള്‍ പുറത്തെടുത്തത്.

ന്യൂ സൗത്ത് വെയില്‍സിലെ വ്യാപാരിയാണ് ആദം ഹണ്ടര്‍. അതേസമയം പോലീസ് തന്നെ നോട്ടമിട്ടതായി ആദം ഹണ്ടര്‍ തിരിച്ചറിഞ്ഞിരുന്നില്ല. എക്സ്‌കവേറ്റര്‍ എപ്പോള്‍ കൈമാറുമെന്ന് ചോദിച്ച് പോര്‍ട്ടിലെ ഓഫീസിലേക്ക് ആവര്‍ത്തിച്ച് വിളിച്ചിട്ടും ഫലമുണ്ടായില്ല. വൈദ്യുതി പ്രശ്‌നങ്ങള്‍ അടക്കമുള്ള തകരാറുകള്‍ ഉണ്ടെന്ന് പറഞ്ഞ് തുറമുഖ ജീവനക്കാര്‍ വിശ്വസിപ്പിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നു ഹണ്ടര്‍ കോടതിയില്‍ വാദിച്ചു. മയക്കുമരുന്ന് കടത്തിയത് ഹണ്ടറിന്റെ അറിവോടെയല്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ മുതല്‍ ഓസ്ട്രേലിയ വരെ നീളുന്ന മയക്കുമരുന്നിന്റെ അസാധാരണമായ കഥയാണ് ഇന്നലെ കോടതിയില്‍ പുറത്തുവന്നത്. ഒരു കിലോഗ്രാം പാക്കേജുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌സ്-റേ പരിശോധനയില്‍ എക്സ്‌കവേറ്ററിനുള്ളില്‍ പാക്കറ്റുകള്‍ വ്യക്തമായി കാണാന്‍ പോലീസിനു കഴിഞ്ഞു. 140 ദശലക്ഷം ഡോളര്‍ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

കാന്‍ബെറയ്ക്ക് പുറത്തുള്ള ബുന്‍ഗെന്‍ഡോര്‍ എന്ന നഗരത്തില്‍ ഹണ്ടര്‍ നടത്തുന്ന ലാന്‍ഡ്സ്‌കേപ്പിംഗ് ബിസിനസിന്റെ മറവിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ബിസിനസ് ആവശ്യത്തിന് എന്ന വ്യാജേനെയാണ് എക്സ്‌കവേറ്റര്‍ ആഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.