കണ്ണൂർ: അസഭ്യം പറയുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താൽ നടപടിയെടുക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ഇത് ചെയ്യുന്നവർ 18 വയസിൽ താഴെയുള്ള കുട്ടികളായാലും അവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അസഭ്യം പറയുകയും മോശം പദപ്രയോഗങ്ങൾ നടത്തുന്നവർക്കെതിരെയും പോലീസിന്റെ ഈ മുന്നറിയിപ്പ്.
എന്നാൽ അഭിപ്രായവ്യത്യാസമുണ്ടാകാം. അത് പ്രകടിപ്പിക്കുകയും ചെയ്യാം. ആർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അത് അസഭ്യം പറയുന്ന രീതിയിലേക്കും ഭീഷണിയിലേക്കും വഴിമാറരുതെന്നും കമ്മീഷണർ പറഞ്ഞു. എം.വി.ഡിയുടെ നടപടികളിൽ ആരാധകർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും പോലീസ് നടപടികളിൽ പരാതിയുണ്ടെങ്കിൽ താനടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും ആർ. ഇളങ്കോ വ്യക്തമാക്കി.
ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് മർദിച്ചുവെന്ന ആരോപണം പരിശോധിക്കും. ഇവരുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ വിശദമായി പരിശോധിക്കും. നിയമലംഘനമുള്ള വീഡിയോകൾ കണ്ടാൽ നടപടിയെടുക്കും. നിലവിൽ ആംബുലൻസ് സൈറൺ ഉപയോഗിച്ച് വാഹനമോടിക്കുന്ന വീഡിയോയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും കമ്മീഷണർ പറഞ്ഞു.
അതിനിടെ, ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മോശം കമന്റുകളിട്ടതിന് ആലപ്പുഴയിലും കൊല്ലത്തും കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് ആർ.ടി. ഓഫീസിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തട്ടിക്കയറിയതിനും പ്രശ്നങ്ങളുണ്ടാക്കിയതിനും സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പകളടക്കം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇരുവരും നിലവിൽ റിമാൻഡിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.