മെല്‍ബണ്‍: വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള മാംസ ഉല്‍പന്നങ്ങളില്‍ വിഷാംശമുള്ള കുതിര ഇറച്ചി കലര്‍ന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പോലീസിന്റെ അന്വേഷണത്തില്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു സ്ഥലത്തു നിന്ന് എത്തിച്ച കുതിര മാംസത്തിലാണ് വിഷാംശം കലര്‍ന്നിരുന്നതെന്നു കണ്ടെത്തി.
ബീഫ് എന്ന പേരില്‍ വിക്ടോറിയയില്‍ വിറ്റഴിച്ച ഈ കുതിര ഇറച്ചി കഴിച്ച് 23 വളര്‍ത്തു നായ്ക്കള്‍ മരണപ്പെടുകയും 67 നായ്ക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബെയ്ന്‍സ്ഡേല്‍, ട്രാരല്‍ഗോണ്‍, മോര്‍ണിംഗ്ടണ്‍ പെനിന്‍സുല, മെല്‍ബണിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള വളര്‍ത്തു നായ്ക്കള്‍ക്കാണ് കേടായ മാംസം കഴിച്ചതിനെതുടര്‍ന്ന് കടുത്ത കരള്‍ രോഗം ബാധിച്ചത്. അതേസമയം, നായ്ക്കളുടെ മരണങ്ങള്‍ കരുതിക്കൂട്ടിയുള്ള സംഭവമല്ലെന്നാണു പോലീസിന്റെ നിഗമനം.
പോലീസ് അന്വേഷണത്തില്‍ വിക്ടോറിയയിലെ മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറി എന്ന കമ്പനിയില്‍നിന്ന് വിതരണം ചെയ്ത വളര്‍ത്തുമൃഗങ്ങളുടെ മാംസാഹാരത്തില്‍ ഇന്‍ഡോസ്പിസിന്‍ എന്ന വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് നായ്ക്കളുടെ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമായത്. വിഷം കലര്‍ന്ന കുതിരമാംസത്തിന്റെ ഉറവിടമെന്നു കരുതുന്ന സ്ഥലം പോലീസ് പരിശോധിച്ച് മാനേജറെ ചോദ്യം ചെയ്തു. 25 കുതിരകളുടെ ഒരു ലോഡ് ട്രക്കാണ് ഇവിടെനിന്നു വില്‍പന നടത്തിയത്. അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വിഷയം മാനേജറുമായി ചര്‍ച്ച ചെയ്തതായി നോര്‍ത്തേണ്‍ ടെറിട്ടറിയിലെ പ്രിന്‍സിപ്പല്‍ വെറ്ററിനറി ഓഫീസര്‍ ഡോ. പീറ്റര്‍ സാവില്ലെ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം തയാറാക്കാന്‍ വിക്ടോറിയയിലേക്കാണ് കുതിരകളെ കൊണ്ടുപോകുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മാനേജര്‍ പറയുന്നതെന്നു പീറ്റര്‍ സാവില്ലെ പറഞ്ഞു. മനുഷ്യര്‍ക്കു വേണ്ടിയുള്ള ഇറച്ചിക്കായി കുതിരകളെ ക്വീന്‍സ് ലാന്‍ഡിലെ ഒരു മാംസവ്യാപാരശാലയിലേക്ക് കൊണ്ടുപോയെന്നാണ് മാനേജര്‍ ധരിച്ചിരുന്നത്. അതേസമയം, കോവിഡ് ലോക്ക്ഡൗണ്‍ കാരണം കുതിരകളെ വിക്ടോറിയയിലേക്ക് തിരിച്ചുവിട്ടതാണെന്നു തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പീറ്റര്‍ സാവില്ലെ കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തുനിന്ന് മറ്റ് 80 കുതിരകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്‍ഡോസ്പിസിന്‍ എന്ന വിഷത്തിന്റെ അളവ് പരിശോധിക്കും. കുതിര മാംസത്തിലെ വിഷാംശം മനുഷ്യര്‍ക്ക് ഹാനികരമാകണം എന്നില്ലെന്നു ഡോ. പീറ്റര്‍ പറഞ്ഞു. നായ്ക്കളെ അപേക്ഷിച്ച് ഇന്‍ഡോസ്പിസിന്‍ മനുഷ്യരുടെ ശരീരത്തില്‍ വലിയ പ്രതികരണം സൃഷ്ടിക്കില്ല. അതുകൂടാതെ മനുഷ്യര്‍ക്കുള്ള ഭക്ഷണത്തിലെ കുതിര മാംസത്തിന്റെ അളവ് നായയുടെ ഭക്ഷണത്തേക്കാള്‍ വളരെ കുറവാണ്. നായ്ക്കള്‍ക്ക് എല്ലാ ദിവസവും കുതിര മാംസം അടങ്ങിയ ഭക്ഷണമാണ് മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറി വിതരണം ചെയ്തിരുന്നത്. ബീഫ് എന്ന പേരില്‍ വാങ്ങിയിരുന്ന ഇറച്ചിയില്‍ കുതിര മാംസം അടങ്ങിയിട്ടുണ്ടെന്നു നായ്ക്കളുടെ ഉടമസ്ഥര്‍ അറിഞ്ഞിരുന്നില്ല.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ കാണപ്പെടുന്ന തദ്ദേശീയമായ ഇന്‍ഡിഗോഫെറ എന്ന ചെടി ഭക്ഷിക്കുന്നതിലൂടെയാണ് കുതിരകളുടെ ഉള്ളില്‍ വിഷമെത്തുന്നത്. ഈ കാരണം കൊണ്ടു തന്നെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ നിയമപ്രകാരം വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിനായി കുതിരയെ കശാപ്പ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിലവിലെ പരിശോധനയില്‍ പ്രദേശത്ത് ഇന്‍ഡിഗോഫെറ ചെടികള്‍ വളരുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ നിന്ന് കുതിരകള്‍ വിക്ടോറിയയില്‍ എത്തിയത് അസാധാരണ സംഭവമാണെന്നാണ് പോലീസ് കരുതുന്നത്.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ കുതിരകളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നത് വലിയ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രദേശത്ത് മരുഭൂമീകരണത്തിനു കാരമണമാകുന്നുണ്ട്.
കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച്, ഓസ്‌ട്രേലിയയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 808 ടണ്‍ ഭക്ഷ്യയോഗ്യമായ കുതിര ഇറച്ചിയും 285 ടണ്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും കയറ്റുമതി ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26