പൊന്തിഫിക്കല്‍ സയന്‍സ് അക്കാദമിയിലേക്ക് നൊബേല്‍ പുരസ്‌കാര ജേതാക്കള്‍

പൊന്തിഫിക്കല്‍ സയന്‍സ് അക്കാദമിയിലേക്ക് നൊബേല്‍ പുരസ്‌കാര ജേതാക്കള്‍



വത്തിക്കാന്‍: നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള വിഖ്യാത ജര്‍മ്മന്‍ ശാസ്ത്രജ്ഞയായ പ്രൊഫസര്‍ ഇമ്മാനുവേല്‍ മേരി ഷാര്‍പെന്‍ഷെയറെ റോമിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബെര്‍ലിനിലെ പാത്തോജന്‍സ് സയന്‍സ് ഫോര്‍ മാക്‌സ് പ്ലാങ്ക് യൂണിറ്റ് സ്ഥാപകയും അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറുമാണ് പ്രൊഫ. ഷാര്‍പെന്‍ഷെ.

അമേരിക്കന്‍ ബയോകെമിസ്റ്റ് ജെന്നിഫര്‍ ആനി ഡൗഡ്‌നയോടൊപ്പം രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം 2020 ല്‍ ലഭിച്ച പ്രൊഫ. ഷാര്‍പെന്‍ഷെ നിലവില്‍ പാത്തോജന്‍സ് സയന്‍സ് ഫോര്‍ മാക്‌സ് പ്ലാങ്ക് യൂണിറ്റില്‍ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്നു.1968 ഡിസംബര്‍ 11 ന് ഫ്രാന്‍സിലെ ജുവിസി-സര്‍-ഓര്‍ജിലാണു ജനിച്ചത്. പാരീസിലെ യൂണിവേഴ്‌സിറ്റി പിയറി എറ്റ് മേരി ക്യൂറിയില്‍ നിന്ന് ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനിതകശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നേടി. ഹംബോള്‍ട്ട്-യൂണിവേഴ്‌സിറ്റി സൂ ബെര്‍ലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിയില്‍ മൈക്രോബയോളജിയിലെ ഓണററി പ്രൊഫസറാണ്. സ്വീഡനിലെ ഉമെ യൂണിവേഴ്‌സിറ്റിയിലും പഠിപ്പിച്ചിട്ടുണ്ട്.ബെര്‍ക്കിലി സര്‍വകലാശാലയിലെ അധ്യാപികയായ ജെന്നിഫര്‍ എ ഡൗഡ്നയുമായി ചേര്‍ന്ന ഷാര്‍പെന്‍ഷെയര്‍ കണ്ടെത്തിയ ജീനോം എഡിറ്റിംഗ് ടൂള്‍ ചികിത്സകള്‍ക്കും നൂതന കാര്‍ഷിക വിളകള്‍ വികസിപ്പിക്കാനും സഹായിക്കുമെന്ന് നൊബേല്‍ പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

നൊബേല്‍ സമ്മാന ജേതാവും കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലാ പ്രൊഫസറുമായ ദോണ്ണ തെയോ സ്ട്രിക്‌ലാന്‍ഡിനെ കഴിഞ്ഞയാഴ്ച അക്കാദമി അംഗമായി ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുത്തിരുന്നു. ലേസറിനായി ചിര്‍പ്പ്ഡ് പള്‍സ് ആംപ്ലിഫിക്കേഷനെക്കുറിച്ചുള്ള ഗവേഷണത്തിനും കണ്ടുപിടുത്തത്തിനുമാണ് പ്രൊഫ. ജെറാര്‍ഡ് മൌരോയ്ക്ക് ഒപ്പം ദോണ്ണ നോബല്‍ സമ്മാനം നേടിയത്. 2011 ല്‍ ഓപ്റ്റിക്കല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്ന അവര്‍ 2013 ല്‍ അതിന്റെ പ്രസിഡണ്ടായി. അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ അംഗവുമാണ്. 1959 മേയ് 27 ന് കാനഡയിലെ ഗ്ലയെല്‍ഫില്‍ ജനിച്ച ദോണ്ണ ആധുനിക എഞ്ചിനീയറിംഗില്‍ ബിരുദവും ഫിസിക്‌സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ജീവന്റെ ഉദ്ദേശ്യത്തെയും, മനുഷ്യാന്തസ്സിന്റെ നിലനില്‍പ്പിനെയും നാം തിരിച്ചറിയണമെന്ന് 'കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രവും, എഞ്ചിനീയറിംഗും, നയവും സംബന്ധിച്ച പുതിയ തെളിവുകള്‍' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി 2019 മെയില്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ വിവിധ രാഷ്ട്രങ്ങളിലെ ധനകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ പാപ്പാ പ്രസ്താവിച്ചിരുന്നു. ഇതു സംബന്ധിച്ച് ഏറ്റവും ആധുനിക നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബോധനങ്ങളാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ നിന്നുള്ള ഡാറ്റ ചൂണ്ടിക്കാട്ടി പാപ്പാ ലോകത്തിനു നല്‍കി വരുന്നത്. അതിനായികൂടുതല്‍ വിദഗ്ധരെ അക്കാദമി അംഗങ്ങളാക്കുന്നുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26