സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡിഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡിഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയക്കും.

ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇ ഡി വാദം.

'കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷന്‍ നിയമന ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്'. ആയതിനാല്‍ ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍കക്ഷിയാക്കിയായിരുന്നു ഇ ഡി ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ ജൂഡിഷ്യല്‍ കമ്മിഷന് എതിരായ ഇ ഡി ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇ ഡി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.