41 കുതിരകള്‍ വെടിയേറ്റു ചത്ത നിലയില്‍; ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ഊർജിതമാക്കി

41 കുതിരകള്‍ വെടിയേറ്റു ചത്ത നിലയില്‍; ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ഊർജിതമാക്കി

മെല്‍ബണ്‍: ക്വീന്‍സ് ലാന്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നാല്‍പതിലധികം കുതിരകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിലാണ് 5000 ഏക്കര്‍ വിസ്തൃതിയുള്ള സ്വകാര്യ ഭൂമിയില്‍ 41 കുതിരകള്‍ വെടിയേറ്റു ചത്ത നിലയില്‍ കണ്ടെത്തിയത്.

മധ്യ ക്വീന്‍സ് ലാന്‍ഡില്‍ ലോങ്റീച്ചിന് അറുപതു കിലേമീറ്റര്‍ അകലെ യാന്‍ബുറ സ്റ്റേഷന്‍ പരിസരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള കുതിരകളെയാണ് കൊലപ്പെടുത്തിയത്.

റോഡരുകിലായി ചത്ത നിലയില്‍ കിടന്നിരുന്ന കുതിരകളെ അതുവഴി ബൈക്കില്‍ പോയ ഒരാളാണ് കണ്ടെത്തിയത്. സംഭവ സമയത്ത് കുതിരകളുടെ ഉടമസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല.

അസാധാരണമായ സംഭവത്തില്‍ പോലീസും പ്രദേശവാസികളും വലിയ ആശങ്കയിലാണ്. സംഭവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത് പോലീസ് തുടരുകയാണ്.
പ്രതികള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കുറ്റങ്ങള്‍ ക്വീന്‍സ് ലാന്‍ഡ് പോലീസ് ചുമത്തിയേക്കുമെന്നാണ് സൂചന.

വ്യോമനിരീക്ഷണം ഉള്‍പ്പെടെ നടത്തിയാണ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. വെടിവെപ്പില്‍ പരുക്കേറ്റ കുതിരകളെ നിരീക്ഷിക്കുന്നതും തുടരുകയാണ്.

കുതിരകളുടെ കൂട്ടക്കുരുതി ക്വീന്‍സ് ലാന്‍ഡിലെ പ്രാദേശിക സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലോംഗ്റീച്ച് മേജറും ഓര്‍ഗനൈസ്ഡ് ക്രൈം ഡിറ്റക്ടീവ് സര്‍ജന്റുമായ അലന്‍ കുക്ക് പറഞ്ഞു. അതേസമയം സംഭവത്തിനു പിന്നില്‍ ആരെയെങ്കിലും സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്ക് പരമാവധി ഏഴ് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്താം.

മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരതയ്ക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസിന് പല നിഗമനങ്ങളുണ്ട്. ഒന്നുകില്‍ പ്രതികള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ കുതിരകളുടെ ഉടമസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരിക്കും.
ഒന്നിലധികം വെടിയേറ്റാണ് കുതിരകള്‍ ചത്തത്. കൊലയ്ക്കായി പ്രതികള്‍ പല ആയുധങ്ങള്‍ ഉപയോഗിച്ചതായി പോലീസ് കരുതുന്നു. സംഭവം ഇവിടുത്തെ സമൂഹത്തില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കിയതായി സര്‍ജന്റ് കുക്ക് പറഞ്ഞു. സ്ഥിരതയുള്ള ക്രിമിനല്‍ മാനസികാവസ്ഥ പ്രകടിപ്പിക്കുന്നവര്‍ക്കു മാത്രമേ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26