വാഴ്ത്തപ്പെട്ട കൗമാരക്കാരന്‍ കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍

വാഴ്ത്തപ്പെട്ട കൗമാരക്കാരന്‍ കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍

സിഡ്‌നി: കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ഏറ്റവും പ്രായം കുറഞ്ഞ കൗമാരക്കാരന്‍ കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ ഹൈസ്‌കൂള്‍. വില്‍ക്കാനിയ-ഫോര്‍ബ്സ് രൂപതയുടെ കീഴില്‍ നിര്‍മിക്കുന്ന സ്‌കൂളിനാണ് കാര്‍ലോ അക്യൂട്ടിസിന്റെ പേരിടുന്നത്. 15-ാം വയസില്‍ അന്തരിച്ച കാര്‍ലോ ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ പ്രായം കുറഞ്ഞയാളും കമ്പ്യൂട്ടര്‍ പ്രതിഭയുമാണ്. വാഴ്ത്തപ്പെട്ട ഒരു പതിനഞ്ചു വയസുകാരന്റെ പേരിലുള്ള ലോകത്തെ ആദ്യത്തെ സ്‌കൂളാണ് നിര്‍മിക്കുന്നത്.

വില്‍ക്കാനിയ-ഫോര്‍ബ്‌സ് രൂപതയുടെ ബിഷപ്പ് കൊളംബ മക്‌ബെത്ത്-ഗ്രീനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ന്യൂ സൗത്ത് വെയില്‍സ് രൂപതയുടെ തെക്ക് ഭാഗത്ത് റിവര്‍ന നഗരത്തിലെ മോവാമയില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ദൈവത്തിനുവേണ്ടിയും ചുറ്റുമുള്ള സമൂഹത്തിനു വേണ്ടിയും ജീവിക്കാന്‍ കഴിയുമെന്ന് കാണിച്ച ഒരു ചെറുപ്പക്കാരന്റെ പേര് സ്‌കൂളിന് നല്‍കുന്നത് അഭിമാനകരമാണെന്നു ബിഷപ്പ് മാക്ബത്ത് ഗ്രീന്‍ പുതിയ പറഞ്ഞു.

മൊവാമയുടെയും പരിസര പ്രദേശങ്ങളിലെയും സമൂഹത്തെ സേവിക്കുകയാണ് സ്‌കൂളിന്റെ പ്രാഥമിക ലക്ഷ്യമെന്നു കത്തോലിക്കാ വിദ്യാഭ്യാസ രൂപത ഡയറക്ടര്‍ ആന്റണി ഗോര്‍ഡന്‍ പറഞ്ഞു. ചെറിയ സ്‌കൂളായി ആരംഭിച്ച് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കും. വിശാലവും പുരോഗമനപരവുമായ ഉള്ളടക്കം പഠനത്തില്‍ കൊണ്ടുവരും. ഇത് വിദ്യാര്‍ഥികളെ കത്തോലിക്കാ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും മനോഹാരിതയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ കാര്‍ലോ, സുവിശേഷം പ്രചരിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം ഇന്നത്തെ യുവജനങ്ങള്‍ക്ക് കാണിച്ചുതന്നതായും ബിഷപ്പ് മാക്‌ബെത്ത്-ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ലോ അക്യൂട്ടിസ് രക്താര്‍ബുദം ബാധിച്ച് 2006-ല്‍ മരിക്കുമ്പോള്‍ 15 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. ലാപ്‌ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച കാര്‍ലോ, സഭ അംഗീകരിച്ച വിശ്വാസ അദ്ഭുതങ്ങളെ രേഖപ്പെടുത്തിയാണു ശ്രദ്ധേയനായത്. 11-ാം വയസില്‍ തുടക്കമിട്ട പദ്ധതി മരണംവരെ തുടര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി, വെര്‍ച്വല്‍ മ്യൂസിയം സൃഷ്ടിച്ചു. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ഇടവകകളും നൂറില്‍പ്പരം സര്‍വകലാശാലകളും കാര്‍ലോയുമായി സഹകരിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു കാര്‍ലോയ്ക്ക് ഇഷ്ടം. വെബ്‌സൈറ്റുകള്‍ ഉണ്ടാക്കാന്‍ കംപ്യൂട്ടറിനു മുന്‍പിലെന്നപോലെ മണിക്കൂറുകള്‍ പ്രാര്‍ഥനയ്ക്കും ചെലവിട്ടു. എല്ലാ ദിവസവും ദിവ്യബലിക്ക് പോകുമായിരുന്നു. സാധാരണമായ ഒരു ജീവിതം തികച്ചും അസാധാരണമായ വിധത്തില്‍ ജിവിച്ച വ്യക്തിയായിരുന്നു കാര്‍ലോ. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും, മറ്റ് കുട്ടികളെയും പ്രായമായവരെയും സഹായിച്ചുമായിരുന്നു കുഞ്ഞു കാര്‍ലോ വളര്‍ന്നത്.

ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10-ന് ഇറ്റലിയിലെ അസീസിയിലാണ് കാര്‍ലോ അക്യൂട്ടിസിനെ ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26