കേരള ബാങ്ക് എടിഎം തട്ടിപ്പ്; രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

കേരള ബാങ്ക് എടിഎം തട്ടിപ്പ്; രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രണ്ട് പേരെ പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായ രണ്ട് പേരും. സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. അതിവിദഗ്ധമായാണ് കേരള ബാങ്കിന്റെ മൂന്ന് എടിഎമ്മുകളില്‍ നിന്നും രണ്ടേ മൂക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്.

വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. ഇതേത്തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമ്മുകളില്‍ നിന്നും നഷ്ടമായെന്നാണ് പരാതി. എന്നാല്‍ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് കേരള ബാങ്ക് അധികൃതര്‍ പറയുന്നത്.

കേരള ബാങ്ക് രൂപീകൃതമായതിനുശേഷം ഇതുവരെ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നിലവില്‍ വന്നിട്ടില്ല. ഓരോ ജില്ലാ ബാങ്കും സ്വന്തം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനികളില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണോ പണം തട്ടിയതെന്ന് സംശയമുണ്ട്. കേരള ബാങ്കിന്റെ എടിഎമ്മില്‍ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ആദ്യ സന്ദേശമെത്തുക കേരള ബാങ്കിന്റെ സോഫ്‌റ്റ്വെയറിലേക്കാണ്. ഇവിടെ നിന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സോഫ്റ്റ്‌വെയറിലെത്തും. എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളെ നിയന്ത്രിക്കുന്നത് ഈ സോഫ്റ്റ്‌വെയറാണ്. കേരള ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ ആവശ്യപ്പെട്ടുന്ന പണമുണ്ടെന്ന് പരിശോധിച്ച് തിരികെ സന്ദേശം നല്‍കുന്നത് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്‌വെയറാണ്.
പണമുണ്ടെന്ന സന്ദേശമെത്തിയാല്‍ കേരള ബാങ്ക് ഉപഭോക്താവിന് ആദ്യം പണം നല്‍കും. ഈ നഷ്ടമാകുന്ന പണം പിന്നീട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കേരള ബാങ്കിലെത്തും. സാങ്കേതിക സംവിധാനം ഇങ്ങനെയിരിക്കെ കേരള ബാങ്കില്‍ തട്ടിപ്പ് നടത്തിയവര്‍ പണം പിന്‍വലിക്കുമ്പോള്‍ സന്ദേശം കേരള ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ വരെ മാത്രമേ പോവുകയുള്ളൂ. അവിടെ നിന്നും എന്‍സിപിഎലിന്റെ സോഫ്റ്റുവയറിലേക്ക് പോകുന്നില്ല. കേരള ബാങ്കിന്റെ സോഫറ്റുവയര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന പണം പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നതോടെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു. നഷ്ടമാകുന്ന പണം എന്‍സിപിഎലിനോട് കേരള ബാങ്ക് ആവശ്യപ്പെട്ടാല്‍ പണം തിരികെ കിട്ടുന്നുമില്ല.

ഇതാണ് കേരള ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താണോ തട്ടിപ്പെന്നാണ് പൊലീസിന്റെ സംശയം. ഉത്തര്‍പ്രദേശിലെ ബാങ്ക് ഓഫ് ബറോഡയുടെ ഒരു എടിഎം ഉപയോഗിച്ചാണ് രണ്ടേമുക്കല്‍ ലക്ഷം ചോര്‍ത്തിയത്. ഇപ്പോഴും മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപോയഗിച്ചുള്ള പണം പിന്‍വലിക്കല്‍ കേരള ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.