സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിൽ ആശയക്കുഴപ്പം തുടരുന്നു

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിൽ ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണത്തിനുള്ള പുതുക്കിയ മാർഗരേഖയിലെ ആശയക്കുഴപ്പം തുടരുന്നു. എന്നാൽ കോവിൻ പോർട്ടിലിൽ രജിസ്ട്രേഷനുശേഷം സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽത്തന്നെ സ്ലോട്ട് തിരഞ്ഞെടുത്ത് വാക്സിൻ സ്വീകരിക്കണമെന്ന നിർദേശത്തിൽ മാറ്റമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വാർഡിലെ മുഴുവൻ ആളുകൾക്കും വാക്സിൻ ഉറപ്പാക്കാനാണ് മാർഗരേഖ പുതുക്കിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളുടെ വാക്സിനേഷനുശേഷം ലഭ്യതയനുസരിച്ച് മറ്റുള്ളവർക്കും നൽകുമെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഈ നിർദേശം ജോലിക്കും മറ്റുമായി വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും മറ്റും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ ലഭിക്കുന്നതിന് തടസമാകും. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയോ വകുപ്പ് അധികൃതരോ വ്യക്തതവരുത്തിയിട്ടില്ല. വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന മരുന്നിൽ പകുതി ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കും ബാക്കി സ്പോട്ട് രജിസ്ട്രേഷനായി നേരിട്ടെത്തുന്നവർക്കും നൽകാനാണ് തീരുമാനം. ഇതിൽ ഓൺലൈനായി ബുക്ക് ചെയ്യുന്നവരാണ് സ്വന്തം തദ്ദേശസ്ഥാപനത്തിലെ വിതരണകേന്ദ്രം തിരഞ്ഞെടുക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്.

സ്പോട്ട് രജിസ്ട്രേഷന് വാർഡ് അടിസ്ഥാനത്തിൽ മുൻഗണനാക്രമം അനുസരിച്ച് ആളുകളുടെ പട്ടിക തയ്യാറാക്കും. 60-ന് മുകളിൽ പ്രായമുള്ള രണ്ടാംഡോസ് എടുക്കേണ്ടവർ, 18-ന് മുകളിലുള്ള എല്ലാ കിടപ്പ് രോഗികളുടെയും രണ്ടാംഡോസ്, 18-നും 60-നും ഇടയിലുള്ള അനുബന്ധ രോഗമുള്ളവർക്ക് ആദ്യ ഡോസും രണ്ടാം ഡോസും, 18-ന് മുകളിലുള്ള മുൻഗണനാ ഗ്രൂപ്പിലുള്ളവർ, 18-നും 44-നും ഇടയിലുള്ളവർ അവരോഹണ ക്രമത്തിൽ എന്നിങ്ങനെ വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും വാക്സിൻ നൽകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.