കാബൂള്‍ 90 ദിവസത്തിനകം താലിബാന്റെ കീഴിലാകുമെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം

കാബൂള്‍ 90 ദിവസത്തിനകം താലിബാന്റെ കീഴിലാകുമെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം


വാഷിങ്ടണ്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനുള്ളില്‍ താലിബാന്റെ സമ്പൂര്‍ണ ആധിപത്യത്തിലമരുമെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. ഇനിയുള്ള 30 ദിവസത്തിനുള്ളില്‍ താലിബാന്‍ ഒറ്റപ്പെടുമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിലുണ്ട്.11 പ്രവിശ്യാ തലസ്ഥാനങ്ങള്‍ സഹിതം അഫ്ഗാനിലെ 65 ശതമാനം പ്രദേശങ്ങളും ഇസ്‌ളാമിക ഭീകര പ്രസ്ഥാനത്തിന്റെ അധീനതയിലായി.യു.എസിന്റെ നേതൃത്വത്തിലുള്ള സംയുക്ത വിദേശ സൈന്യം രാജ്യം വിട്ടതോടെയാണ് താലിബാന്റെ മുന്നേറ്റം വേഗത്തിലായത്.

ഇതിനിടെ, ഭീകരര്‍ കാണ്ഡഹാര്‍ സെന്‍ട്രല്‍ ജയില്‍ ഭാഗികമായി തകര്‍ത്ത് കുറ്റവാളികളെ തുറന്നുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. ജയില്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹ്മാദി സ്ഥിരീകരിച്ചു. 2008 ലും 2011 ലും ഭീകരര്‍ ഇതേ ജയില്‍ പിടിച്ചെടുത്ത് തങ്ങളുടെ കൂട്ടാളികളെ തുറന്നുവിട്ടിരുന്നു. ജയില്‍ മോചനത്തെ കുറ്റവാളികള്‍ 'സ്വാഗതം ചെയ്തതായി' താലിബാന്‍ അറിയിച്ചു. മൂവായിരത്തിലേറെ ഭീകരര്‍ കാണ്ഡഹാര്‍ ജയിലിലുണ്ടെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ മാസം ഭീകരര്‍ കാണ്ഡഹാര്‍ ജയിലിലെത്തി അന്തേവാസികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ആറിലധികം പ്രവിശ്യാ തലസ്ഥാനങ്ങളാണു കഴിഞ്ഞ ആഴ്ചകളില്‍ താലിബാന്‍ കീഴടക്കിയത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഇക്കാര്യത്തില്‍ ഏതെങ്കിലും നടപടികള്‍ കൈക്കൊള്ളുന്നതായി യുഎസ് അറിയിച്ചിട്ടില്ല. താലിബാന്‍ ആക്രമണങ്ങള്‍ 2020-ലെ ഉടമ്പടിക്ക് വിരുദ്ധമാണെന്നും പ്രവിശ്യാ തലസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിനോടും സാധാരണക്കാരെ ലക്ഷ്യമിടുന്നതിനോടും പൊരുത്തപ്പെടാനാവില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.അതേസമയം സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നുവെന്ന ആരോപണം താലിബാന്‍ നിഷേധിച്ചു.

റോക്കറ്റ് ഉപയോഗിച്ച് ഉള്‍പ്പെടെ കാണ്ഡഹാറില്‍ തീവ്രമായ പോരാട്ടമാണ് നടക്കുന്നത്.ഒട്ടേറെ അഫ്ഗാന്‍ സൈനികരുടെ മൃതദേഹങ്ങള്‍ നഗരത്തിലെ ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നതായി തെക്കന്‍ കാണ്ഡഹാറിലെ ഒരു ഡോക്ടര്‍ വെളിപ്പെടുത്തി. നിരവധി പോരാളികളും പരിക്കേറ്റെത്തുന്നുണ്ട്. ഇതിനിടെ വിദേശ രാജ്യങ്ങള്‍ കാബൂളിലെ എംബസികളില്‍ നിന്നുള്‍പ്പെടെ ജീവനക്കാരെ പിന്‍വലിക്കുകയാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള എല്ലാ കവാടങ്ങളിലും വലിയ തിരക്ക്് അനുഭവപ്പെടുന്നു. ആക്രമണം തീവ്രമായ മറ്റിടങ്ങളില്‍ നിന്ന് സാധാരണക്കാര്‍ എല്ലാം ഇട്ടെറിഞ്ഞ് പ്രാണരക്ഷാര്‍ത്ഥം ഇങ്ങോട്ടേക്ക്  പലായനം ചെയ്യുകയാണ്. ഇക്കൂടെ താലിബാന്‍ പോരാളികളും നുഴഞ്ഞു കയറുന്നതായി സൂചനയുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.