അഗതി മന്ദിരങ്ങളോടും സ്പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം: ഉമ്മന്‍ ചാണ്ടി

അഗതി മന്ദിരങ്ങളോടും സ്പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‍കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്പെഷല്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്പെഷല്‍ സ്‌കൂള്‍ മാത്രം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തില്‍ സേവന നിരതരായി പ്രവര്‍ത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതം പേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്‍കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിര്‍ദ്ധനരാണ് സ്പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വര്‍ഷവും 50, 25 കുട്ടികള്‍ ഉള്ള സ്ഥാപനങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എത്രയോ മനുഷ്യ ജീവിതങ്ങള്‍ പെരുവഴിയില്‍ കിടന്നു ദുരിതങ്ങള്‍ അനുഭവിച്ചു മരിക്കേണ്ടി വരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്നേഹവും കരുതലും നല്‍കി സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവണ്‍മെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കില്‍ അത് അന്വേഷിച്ച് സര്‍ക്കാരിന് അവരെ മാറ്റി നിര്‍ത്താമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് ഗവണ്‍മെന്റ് ആരേയും പ്രീണിപ്പിക്കുവാന്‍ എടുത്ത തീരുമാനമല്ലിത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവണ്‍മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുന:പരിശോധിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ നടപ്പിലാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.