വത്തിക്കാന്‍: സമൂഹത്തിലെ പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതിയും ന്യായവുമുള്ള ജീവിതം യാഥാര്‍ത്ഥ്യമാക്കാന്‍ യുവാക്കളുടെ നിസ്വാര്‍ത്ഥ യത്‌നത്തിലൂടെ സാധ്യമാകുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.യുവാക്കളില്‍ എപ്പോഴുമുള്ള തന്റെ ആത്മവിശ്വാസം ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചുള്ള ട്വീറ്റില്‍ മാര്‍പ്പാപ്പ ആവര്‍ത്തിച്ച് പങ്കുവച്ചു.
'അപ്പവും വെള്ളവും മരുന്നും ജോലിയും ധാരാളമായി ഒഴുകുന്ന ഒരു ലോക'ത്തെക്കുറിച്ചുള്ള തന്റെ സ്വപ്നം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ട്വീറ്റിലൂടെ വരച്ചു കാട്ടി. യുവാക്കളുടെയും അവരുടെ നൂതന മനോഭാവത്തിന്റെയും സഹായത്തോടെ ഈ സ്വപ്നം സാക്ഷാത്കരിക്കാനും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം തന്നെ തുണ എത്തിക്കാനും കഴിയും - മാര്‍പ്പാപ്പ കുറിച്ചു. ജീവന്റെ സുസ്ഥിരത ഉറപ്പാക്കി യുവ പങ്കാളിത്തത്തോടെ ഭക്ഷ്യ സംവിധാനങ്ങള്‍ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലൂന്നിയതാണ് ഇക്കൊല്ലത്തെ അന്തര്‍ദേശീയ യുവജന ദിനത്തിന്റെ വിഷയം.യുവജനങ്ങളുടെ അര്‍ഥവത്തായ പങ്കാളിത്തമില്ലാതെ ഭക്ഷ്യവ്യവസ്ഥയുടെ വിജയകരമായ പരിവര്‍ത്തനം കൈവരിക്കാനാകില്ലെന്ന് ഇത് എടുത്തുകാണിക്കുന്നു.എല്ലാവര്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടത്തില്‍ യുവാക്കള്‍ മുന്നിലുണ്ടാകേണ്ടതിന്റെ അനിവാര്യത അന്താരാഷ്ട്ര യുവജനദിന സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഊന്നിപ്പറഞ്ഞു.
എല്ലാ വര്‍ഷവും ഓശാന ഞായറാഴ്ചയാണ് രൂപതയിലും പ്രാദേശിക തലത്തിലും കത്തോലിക്കാ സഭയുടെ ലോക യുവജന ദിന ആഘോഷം. ക്രിസ്തുവിന്റെ പീഡാനുഭവ മരണത്തിന്റെ 1,950 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1983- 84 ല്‍ വീണ്ടെടുപ്പിന്റെ വിശുദ്ധ വര്‍ഷം ആഘോഷിക്കവേ വിശുദ്ധ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഇതിനു തുടക്കമിട്ടത്. 1984 ലെ ഓശാന ഞായറാഴ്ച, ലോകമെമ്പാടുമുള്ള 300,000 ചെറുപ്പക്കാര്‍ മാര്‍പ്പാപ്പയുടെ ക്ഷണം സ്വീകരിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ യൂത്ത് ഓഫ് ഇന്റര്‍നാഷണല്‍ ജൂബിലിക്ക് എത്തി.
യുഎന്‍ 1985 'യുവജനങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം' ആയി പ്രഖ്യാപിച്ചു.ആ വര്‍ഷവും വത്തിക്കാന്‍ വന്‍ യുവജന റാലി സംഘടിപ്പിച്ചു. 250,000 യുവജനങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ക്ഷണത്തോട് പ്രതികരിക്കുകയും ഓശാന ഞായറാഴ്ച റോമില്‍ എത്തുകയും ചെയ്തു. 1985 ഡിസംബര്‍ 20 നാണ് സഭയുടെ ആഭിമുഖ്യത്തിലുള്ള ലോക യുവജനദിനം ഔദ്യോഗികമായി മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സഭയുടെ ആദ്യത്തെ ലോക യുവജന ദിന ആഘോഷം 1986 -ല്‍ നടന്നു.
മൂന്നു വര്‍ഷം കൂടുമ്പോള്‍ ഓശാന ഞായറാഴ്ച ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ മാര്‍പ്പാപ്പയ്ക്കു ചുറ്റും ഒത്തുകൂടുന്നു. മാര്‍പ്പാപ്പയാകും ആഘോഷ വേദി തിരഞ്ഞെടുക്കുന്നത്. 2019 ജനുവരിയില്‍ പനാമ സിറ്റിയിലായിരുന്നു ഇത്തരത്തിലുള്ള അവസാനത്തെ അന്താരാഷ്ട്ര സംഗമം നടന്നത്. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍ 2023 ഓഗസ്റ്റില്‍ ആതിഥേയത്വം വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26